വയല്‍ നികത്തി വീടു പണിയുന്നവരോട്‌...

Saturday 13 April 2013 8:11 pm IST

"മലകളിളകിലും മഹാജനാനാം മനമിളകാചപലോക്തി കേള്‍ക്കിലും കേള്‍..."
ശ്രീബുദ്ധന്‍ വൈശാലിയിലെ തെരുവുകളിലൂടെ ശിഷ്യരോടൊത്ത്‌ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വശത്തുനിന്ന്‌ ഒരാള്‍ ഇറങ്ങിവന്ന്‌ ബുദ്ധനെ തടഞ്ഞുനിര്‍ത്തിയിട്ട്‌ ശുണ്ഠിയോടെ കുറെ ശകാരിച്ചു. ബുദ്ധന്‍ അതെല്ലാം അക്ഷോഭ്യനായി കേട്ട്‌ നേരെ നടന്നതേയുള്ളു. അപ്പോള്‍ അയാള്‍ പിന്നാലെ വന്ന്‌ ചോദിച്ചു. "നിങ്ങള്‍ക്ക്‌ ചെവി കേള്‍ക്കില്ലേ? ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങള്‍ ഒന്നും മിണ്ടുന്നില്ലല്ലോ... അപ്പോള്‍ സൗമ്യനായിത്തന്നെ ബുദ്ധന്‍ ചോദിച്ചു- "സഹോദരാ നിങ്ങളുടെ കയ്യില്‍ ചീഞ്ഞ്‌ നാറുന്ന കുറെ സാധനങ്ങള്‍ ഉണ്ട്‌. അത്‌ നിങ്ങള്‍ വഴിയെ പോയ ഒരാളുടെ നേരെ നീട്ടി. എന്നാല്‍ അയാള്‍ അത്‌ സ്വീകരിച്ചതേയില്ല. അപ്പോള്‍ അത്‌ ആരുടെ കയ്യിലിരിക്കും.?"
"അതെന്റെ കയ്യില്‍ത്തന്നെ." "എന്നാല്‍, നിങ്ങള്‍ പറഞ്ഞ ഈ വാക്കുകളൊന്നുംതന്നെ ഞാന്‍ സ്വീകരിച്ചിട്ടില്ല." കുറ്റാരോപണക്കാരന്‌ കാര്യം മനസ്സിലായി. പിന്നീടൊന്നും പറയാതെ തലതാഴ്ത്തി നിന്നു.
ഇപ്പോള്‍ ചപലോക്തികള്‍ തേര്‍വാഴ്ച നടത്തുന്ന കാലമാണ്‌. പരസ്പരം ചളിവാരി എറിയല്‍ ഒരു വിനോദമാക്കി എടുത്തവരുടെ കാലം. ആ ചപലോക്തികളെ തടയുവാന്‍ ശ്രീബുദ്ധന്‍ സ്വീകരിച്ച മാര്‍ഗ്ഗം തന്നെയാണ്‌ ഉത്തമം എന്ന്‌ നമുക്ക്‌ തോന്നും. പക്ഷെ നമ്മളാരും ശ്രീബുദ്ധനായിക്കഴിഞ്ഞിട്ടില്ലല്ലോ. നമുക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌, മറ്റുള്ളവരെപ്പറ്റി ദോഷം പറഞ്ഞ്‌ രസിയ്ക്കാതിരിക്കാം എന്നതാണ്‌.
ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞതുപോലെയുള്ള പാമ്പിനെപ്പോലെയാവാം. ഗതികെട്ടാല്‍, സ്വന്തം പടം വിരുത്തി ഊക്കില്‍ ഒന്ന്‌ ഊതല്‍. ആ ഊത്തില്‍ എല്ലാ ചാപല്യങ്ങളും കരിയണം. വാക്കുകളെ ദേവതാ രൂപത്തില്‍ ആരാധിച്ചിരുന്നവരാണ്‌ ഭാരതീയര്‍. സാരവത്തായ, മിതമായ വാക്കുകള്‍ പറയലാണ്‌ വാഗ്മിത എന്ന്‌ വിശ്വസിച്ചിരുന്നവര്‍. എന്നാല്‍ അന്യനെ പരിഹസിച്ച്‌ കുറ്റപ്പെടുത്താനും, സ്വന്തം മേനി വിവരിയ്ക്കുവാനും മാത്രമുള്ളതാണ്‌ വാക്കുകള്‍ എന്നാണ്‌ ഇന്നത്തെ മലയാളിയുടെ മേനി. വിനയം എന്നുള്ളത്‌ നിഘണ്ടുവില്‍ നിന്നുതന്നെ മാറ്റിയിരിക്കുന്നു. അറിവിന്റെ അറ്റമില്ലാത്ത ഒരു കലവറയാണ്‌ ഈ മഹാപ്രപഞ്ചം. വളരെ ഹ്രസ്വമായ മനുഷ്യജന്മത്തില്‍, അതില്‍ നിന്ന്‌ ഒരു കൈക്കുമ്പിളെങ്കിലും കോരിയെടുക്കാന്‍ ശ്രമിക്കലല്ലേ ബുദ്ധി? അതിന്‌ അത്ര വലിയ സന്നാഹങ്ങളൊന്നും വേണ്ട. ബുദ്ധിയെ ഉരുക്കുപോലെ ഉറപ്പുള്ളതാക്കുക. മനസ്സിനെ ആകാശത്തോളം വിസ്തൃതമാക്കിയിട്ട്‌ സദ്‌വിചാരങ്ങളെക്കൊണ്ട്‌ നിറയ്ക്കുക.
"മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍ പരം നമിയ്ക്കുന്നു ഘനം നവാംബുവാല്‍ സമൃദ്ധിയാല്‍ സജ്ജനമുറ്റമാര്‍ന്നിടാ പരോപകാരിക്കിതുതാന്‍ സ്വഭാവം"
എന്ന്‌ ഭര്‍ത്തൃഹരി പറയുന്നു. ഇന്നത്തെ കാലത്തിന്‌ അത്യാവശ്യമായ ഒരു ഔഷധമായാണ്‌ ഈ സൂക്തം. ഇപ്പോള്‍ ഇവിടെ എല്ലാനീക്കങ്ങളും ഊറ്റത്തിനുമാത്രം വേണ്ടിയുള്ളതാവുകയാണ്‌. കാറ്റും, വെളിച്ചവും, വെള്ളവും കിട്ടുന്ന വൃത്തിയുള്ള ഒരു വീട്‌ ആര്‍ക്കും ആവശ്യംതന്നെ. എന്നാല്‍, ഇപ്പോള്‍ ഒരാള്‍ക്ക്‌ ഒരു വീട്‌ പോരാ (ചുറ്റും എത്രയോ സഹജീവികള്‍ കിടക്കാനൊരു കൂരയോ വിശപ്പാറ്റാന്‍ ഭക്ഷണമോ കിട്ടാതെ കഷ്ടപ്പെടുന്ന അവസ്ഥയാണെന്നോര്‍ക്കണം) നൂറു മേനി വിളഞ്ഞിരുന്ന നെല്‍വയലുകള്‍ നികത്തി പിന്നേയും വീടുപണിയല്‍. ഈ മനുഷ്യര്‍ക്ക്‌ ഭക്ഷണം എന്നൊന്ന്‌ വേണ്ടായിരിക്കുമോ എന്ന്‌ തോന്നും വയല്‍ നികത്തലും കുന്നിടിച്ച്‌ തകര്‍ക്കലും കാണുമ്പോള്‍. പ്രകൃതീശ്വരിയുടെ വളരെക്കാലത്തെ ശ്രദ്ധകൊണ്ട്‌ ഉണ്ടായിത്തീരുന്നതാണ്‌ കുന്നുകളും മലകളുമൊക്കെ - മനുഷ്യന്റെ ആരോഗ്യത്തി്നും നിലനില്‍പ്പിനും അത്യാവശ്യമാണ്‌ എന്ന്‌ മനസ്സിലാക്കിക്കൊണ്ടുതന്നെ ഭൂമിയെ സുരക്ഷിതമായി നിലനിര്‍ത്തുവാനാണ്‌ അടിയില്‍ പലതരം ഖാനികള്‍ എന്ന്‌ പുരാണം പറയുന്നുണ്ട്‌. മനുഷ്യന്റെ അത്യാര്‍ത്ഥി അവിടെയും അക്രമം നടത്തുന്നു. സബോധരായി ചിന്തിക്കുന്ന ആര്‍ക്കും ഉള്ളിലൊരു കാളല്‍ ഉണ്ടാക്കുന്നതാണ്‌ ഇപ്പോഴത്തെ ഈ നീക്കം. ഇതെവിടെക്കൊണ്ടെത്തിക്കും ഭഗവാനേ! അപ്പോഴും ഒരു സ്നേഹസ്പര്‍ശം പോലെ എവിടുന്നോ ഒരു ശുഭാപ്തിവിശ്വാസം വന്ന്‌ തഴുകുന്നു. ഈ സംസാരചക്രത്തിരിച്ചിലില്‍ നിന്ന്‌ മോചനം നേടാനുള്ള ചവിട്ടുപടിയാണ്‌ മനുഷ്യജന്മം. അവസാനിക്കാത്ത സ്നേഹംകൊണ്ടും സഹാനുഭൂതികൊണ്ടും അതിനെ സാര്‍ത്ഥകമാക്കുക.
കെ.ബി.ശ്രീദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.