ദത്തിന് കീഴടങ്ങാനുള്ള സമയപരിധി നാലാഴ്ചത്തേക്ക് നീട്ടി

Wednesday 17 April 2013 6:33 pm IST

ന്യൂദല്‍ഹി: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിന് കീഴടങ്ങാനുള്ള സമയപരിധി സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി നല്‍കി. സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം വേണമെന്ന ഹര്‍ജിയില്‍ ദത്തിന്റെ ഹര്‍ജിയിലാണ് നടപടി. ഇന്നലെ ദത്തിന്റെ ഹര്‍ജി  പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള മൂന്ന് ഹര്‍ജികള്‍ ഇന്നലെ തള്ളിയ കോടതി കേസില്‍ ശിക്ഷ നടപ്പാക്കുന്നത് മാറ്റി വെക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കീഴടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദത്ത് കോടതിയെ സമീപിച്ചത്. തനിക്ക് മാപ്പ് നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നാണ് ദത്തിന്റെ അപേക്ഷ. ശിക്ഷയില്‍ ഇളവുകള്‍ ആവശ്യപ്പടില്ലെന്നാണ് നേരത്തെ സഞ്ജയ് ദത്ത് പറഞ്ഞിരുന്നത്. പാക്കിസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന എ.കെ. 56 തോക്ക് കൈവശം വെച്ചതിന് ആയുധ നിയമപ്രകാരമാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. ഒരു മാസത്തിനകം കീഴടങ്ങണമെന്നായിരുന്നു കോടതി വിധി. കേസില്‍ ശിക്ഷിക്കപ്പെട്ട സൈബുന്നിസ ഖാസിമിയും കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 21 ന് ആണ് സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ സുപ്രീംകോടതി വിധിച്ചത്. ഈ കേസില്‍ നേരത്തെ പതിനെട്ട് മാസത്തോളം സഞ്ജയ് ദത്ത് ശിക്ഷ അനുഭവിച്ചിരുന്നു. ഇനി മൂന്നു വര്‍ഷത്തോളമാണ് ശിക്ഷ അനുഭവിക്കേണ്ടത്. നേരത്തെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവടക്കമുള്ളവര്‍ ദത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ദത്തിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അറുപതോളം നിവേദനങ്ങളും പെറ്റീഷനുകളുമാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന് ലഭിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.