രഞ്ജന്‍ മത്തായി ചുമതലയേറ്റു

Monday 1 August 2011 1:38 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മലയാളി രഞ്ജന്‍ മത്തായി ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവു വിരമിച്ച ഒഴിവിലാണ് രഞ്ജന്‍ മത്തായിയുടെ നിയമനം. ഇന്ത്യാ- പാക് പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം രഞ്ജന്‍ മത്തായി പറഞ്ഞു. അയല്‍ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായും ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളുമായും സഹകരണം മെച്ചപ്പെടുത്തും. രാജ്യത്തിന്റെ സാമ്പത്തികവും നയതന്ത്രപരവുമായ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സില്‍ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രഞ്ജന്‍. 1974 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫിസറാണ്. വിയന്ന, കൊളംബോ, വാഷിങ്ടണ്‍, ടെഹ്റാന്‍, ബ്രസല്‍സ് എന്നീ സ്ഥാനപതി കാര്യാലയങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്രയേലിലും ഖത്തറിലും ഇന്ത്യന്‍ സ്ഥാനപതിയായിട്ടുണ്ട്. യുകെയില്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറായും പ്രവര്‍ത്തിച്ചു. പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമി'യില്‍ പ്രൊഫസറായിരുന്ന മാവേലിക്കര പീടികയില്‍ തോമസ് മത്തായിയുടെ മകനാണ് രഞ്ജന്‍ മത്തായി. അമ്മ സാറ പുതുപ്പള്ളി സ്വദേശിയാണ്. വിദേശകാര്യ സെക്രട്ടറി പദവിയിലെത്തുന്ന ഏഴാമത്തെ മലയാളിയാണ് രഞ്ജന്‍ മത്തായി.