ബേയ്ഗിന് വധശിക്ഷ

Friday 19 April 2013 12:21 am IST

ന്യൂദല്‍ഹി: ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഏക പ്രതി മിര്‍സ ഹിമായത്ത് ബേയ്ഗിന് പൂനെ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍.പി.ദോത്തയാണ് ബേയ്ഗിന് വധശിക്ഷ വിധിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. 2010 ഫെബ്രുവരി 13ന് നടന്ന സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 64 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബേയ്ഗിനെ വിചാരണയ്‌ക്കൊടുവില്‍ ഏപ്രില്‍ 15ന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദമുഖങ്ങള്‍ പൂര്‍ണമായും കേട്ടശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലക്കാരനായ ബേയ്ഗിനെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 435 (സ്‌ഫോടകവസ്തുക്കളുടെ ദുരുപയോഗം), 474 (വ്യാജരേഖ ചമയ്ക്കല്‍), 153(എ) (മതം, വര്‍ഗം, ജന്മസ്ഥലം, ഭാഷ എന്നിവയെ അടിസ്ഥാനപ്പെടുത്തി വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 120(ബി) (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. യുഎപിഎ, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഐപിസി 302, 120(ബി), യുഎപിഎ 16(എ), സ്‌ഫോടകവസ്തു നിയമം വകുപ്പ് 3 എന്നിവ പ്രകാരമാണ് വധശിക്ഷ നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. പ്രതി വളരെ ശ്രദ്ധാപൂര്‍വം പദ്ധതി തയ്യാറാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കും വിധം ഭീകരാക്രമണം സംഘടിപ്പിക്കുകയായിരുന്നെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പൂര്‍ണമായും സ്വീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലുള്ള സാധാരണ പൗരന്റെ വിശ്വാസം ഇല്ലാതാക്കാനും രാജ്യത്തെ നിയമസംവിധാനം അട്ടിമറിക്കാനും ആയിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യമെന്നും കോടതി വിലയിരുത്തി. രാജ്യത്ത് വിനോദസഞ്ചാരത്തിനെത്തിയ വിദേശികളെ മനഃപ്പൂര്‍വം അപകടപ്പെടുത്തുക വഴി പ്രതി രാജ്യസുരക്ഷയെത്തന്നെ ചോദ്യം ചെയ്യുകയായിരുന്നെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. 17 പേര്‍ കൊല്ലപ്പെട്ട പൂനെ സ്‌ഫോടനത്തിലാണ് രാജ്യത്ത് ആദ്യമായി അഞ്ച് വിദേശികളും ഉള്‍പ്പെടുന്നത്. ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലി തന്റെ കൂട്ടാളി തഹാവൂര്‍ റാണയ്‌ക്കൊപ്പം സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായി ചിക്കാഗോ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബേയ്ഗ് മാത്രമാണ് ഈ കേസില്‍ പോലീസ് പിടിയിലായ ഏകവ്യക്തി. ഇപ്പോഴും കുറ്റപത്രത്തില്‍ പറയുന്ന മറ്റ് പ്രതികള്‍ ഒളിവിലാണ്. യാസീന്‍ ഭട്കല്‍, മൊഹ്‌സിന്‍ ചൗധരി, റിയാസ് ഭട്കല്‍, ഇഖ്ബാല്‍ ഭട്കല്‍, ഫയസ് കസ്ഗി എന്നിവരാണ് ഈ അഞ്ചു പേര്‍. സൈബുദ്ദീന്‍ അന്‍സാരി അഥവാ അബു ജുണ്ടാല്‍ എന്ന മറ്റൊരു പ്രതി മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ ജര്‍മന്‍ ബേക്കറി കേസില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെല്ലാം പാക്കിസ്ഥാന്‍ ബന്ധമുള്ള ലഷ്‌കറെ തൊയിബയുടെയും അതിന്റെ ഇന്ത്യന്‍ പതിപ്പായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയിലെയും ഭീകരരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.