കോട്ടയം: പ്രകൃതിയുടെ പ്രതിഭാസങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തുകയാണ് ജിഷ്ണു പി.രാജ്. താന്‍ പകര്‍ത്തിയ പ്രകൃതിയുടെ വിഭിന്ന ഭാവങ്ങളെ കൂട്ടിയിണക്കി ‘ ജിഷ്ണുലോകം ‘ എന്ന പേരില്‍ ചിത്ര പ്രദര്ശനത്തിനൊരുങ്ങുകയാണ്. 22 മുതല്‍ 25 വരെ ഡിസി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം. 22ന് വൈകിട്ട് 4ന് ലളിക കലാ അക്കാദമി അംഗം ടി.എ.എസ്.മേനോന് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന് ജോഷി മാത്യു മുഖ്യാതിഥിയായിരിക്കും.
കോട്ടയം എംഡി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പി.രാജ് ചിത്രരചനയില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2008ല്‍ ഡിസംബറില്‍ ദേശീയ ബാലഭവന് ദല്‍ഹിയില്‍ സംഘടിപ്പിച്ച കുട്ടികളുടെ അഞ്ചുദിവസത്തെ ശില്പശാലയില് കേരളത്തെ പ്രതിനിധീകരിച്ച് ജിഷ്ണു പങ്കെടുത്തു. ചിത്രകലയിലെ മികവ് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 2009ലെ ബാലപുരസ്കാരം നല്കി ആദരിച്ചു. വാകത്താനം സ്വദേശിയാണ് ജിഷ്ണു. അച്ഛന് പി.കെ.രാജപ്പന് തിരുവനന്തപുരം ക്ഷേമനിധി ബോര്‍ഡ് സീനിയര്‍ സൂപ്രണ്ടാണ്. അമ്മ പുഷ്കലകുമാരി. സഹോദരന് വിഷ്ണു പി.രാജ് ബിഎസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: