പത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത്: മൂല്യ നിര്‍ണ്ണയം തുടങ്ങി

Monday 1 August 2011 4:43 pm IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളുടെ മൂല്യനിര്‍ണ്ണയം ആരംഭിച്ചു. സുപ്രീംകോടതി ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സംഘമാണ് മൂല്യ നിര്‍ണ്ണയം നടത്തുന്നത്. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ദേശിയ മ്യൂസിയം ഇന്‍സ്റ്റിട്യൂട്ട് വൈസ് ചാന്‍സിലര്‍ സി.വി ആനന്ദബോസ് അറിയിച്ചു. ആനന്ദബോസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ വിദഗ്ദ്ധസമിതിയും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ മേല്‍‌നോട്ട സമിതിയും ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മതിലകം ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. ചരിത്രപുരാവസ്തു പ്രാധാന്യമുള്ളവ, ക്ഷേത്രാവശ്യങ്ങള്‍ക്കുള്ളവ, ഇതു രണ്ടുമല്ലാത്തവ എന്നിങ്ങനെ മൂന്നായി നിധിയെ തരംതിരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. ഇത് ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനും സുപ്രീംകോടതി സമിതിയോടാവശ്യപ്പെട്ടിട്ടുണ്ട്.