കോട്ടയം: ചുട്ടുപൊള്ളുന്ന ഭൂമിക്ക് തണലേകാനുള്ള ആഹ്വാനവുമായി മുണ്ടക്കയം സിഎംഎസ്എല്‍പി സ്കൂളിലെ കുട്ടികള്‍ ഭൗമദിനമായ 22ന് വൈകിട്ട് 4.30ന് കോട്ടയം തിരുനക്കര മൈതാനിയില്‍ ജലഗോചരം എന്ന നാടകം അവതരിപ്പിക്കും. ഒരിറ്റു വെള്ളത്തിനായി കേഴുന്ന മരം ചെരിയുന്നതിന് മുമ്പായി ദാനം നല്കിയ അകക്കണ്ണിലൂടെ ഭൂതവും വര്‍ത്തമാനകാലവും ഭാവിയും നോക്കിക്കാണുന്ന കുട്ടികള്‍, കഴിഞ്ഞു പോയ നല്ല കാലവും വര്‍ത്തമാനകാല ധൂര്‍ത്തും ഇരുളടഞ്ഞ ഭാവിയും കണ്ട് പരിഭ്രാന്തരായി ഭൂമിയുടെ സംരക്ഷകരായി മാറുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. അന്താരാഷ്ട്ര ജലസഹകരണ വര്‍ഷത്തിന്റെ സന്ദേശാര്ത്ഥം തയ്യാറാക്കിയിട്ടുള്ള ജലഗോചരം നാടകത്തിലെ അഭിനേതാക്കള്‍ സ്കൂളിലെ രണ്ട് മൂന്ന് ക്ലാസുകളിലെ ഏഴ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണ്. പ്രശസ്ത നാടക രചയിതാവായ പ്രദീപ് കണ്ണങ്കോട് രചിച്ച നാടകത്തിന്റെ ചമയങ്ങള്‍ ഒരുക്കിയത് കലാശ്രീ മുണ്ടക്കയവും സംഗീതം നല്‍കിയത് ഡോവ് മ്യൂസിക്സ് കാഞ്ഞിരപ്പള്ളിയുമാണ്. ജലഗോചരം നാടകത്തിനൊപ്പം നടക്കുന്ന ഭൗമദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ ഉദഘാടനം ചെയ്യും. ഡോ.മാത്യു കോശി പുന്നക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.മിനി ആന്റണി ഭൗമദിന സന്ദേശം നല്‍കും. ജലശ്രീ സ്റ്റേറ്റ് ഡയറക്ടര്‍ വി.സുഭാഷ് ചന്ദ്രബോസ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: