ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം

Saturday 20 April 2013 5:45 pm IST

ന്യൂദല്‍ഹി: നയതന്ത്ര മര്യാദകളുടെ സീമകള്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം. നിയന്ത്രണ രേഖ കടന്ന ചൈനീസ് സൈന്യം ലഡാക്കില്‍ നിന്നു പത്തു കിലോമീറ്റര്‍ ഉള്ളില്‍ക്കയറി ദൌലത് ബെഗ് ഓള്‍ഡി മേഖലയില്‍ പോസ്റ്റ് സ്ഥാപിച്ചു. എന്നാല്‍ ആശങ്കപ്പെടാന്‍ തരത്തിലൊന്നുമില്ലെന്നും ചൈനയുടെ ഭാഗത്തു നിന്നുണ്ടായത് സാധാരണ സംഭവമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ അമ്പത് സംഘങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ഡി.ബി.ഒ സെക്റ്ററിലെ ബുര്‍തെയില്‍ താവളമടിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിരോധമെന്ന നിലയില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ബുര്‍തെയിലെ ചൈനീസ് പോസ്റ്റിനു 300 മീറ്റര്‍ മാറി കാമ്പ് സ്ഥാപിച്ചതായും ഫ്ലാഗ് മീറ്റിങ്ങിന് ശ്രമിച്ചതായും വിവരമുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യത്തിലെ കാലാള്‍പ്പടയായ ലഡാക്ക് സ്കൌട്സും പ്രദേശത്തേയ്ക്ക് നീങ്ങിയെന്നുമറിയുന്നു. പര്‍വതമേഖലയിലെ യുദ്ധത്തിന് പ്രത്യേക പ്രാവീണ്യം നേടിയ ലഡാക്ക് സ്കൌട്സിനെ വിന്യസിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത് ചൈനയുടെ ഭാഗത്തുനിന്നുള്ള സുഖകരമല്ലാത്ത പ്രതികരണങ്ങളാണെന്ന് വ്യക്തം. വടക്കന്‍ ലഡാക്കിലെ ഡി.ബി.ഒ സെക്റ്റര്‍ ചരിത്രപരമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ളയിടമാണ്. ലഡാക്കി-ചൈന വ്യാപാരബന്ധത്തിലും മേഖലയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അടിസ്ഥാന സൌകര്യ വികസനത്തിനും ചൈനയുടെ ഭാഗത്തു നിന്നുള്ള അധിനിവേശ ശ്രമങ്ങള്‍ക്കു തടയിടുന്നതിനും വേണ്ടി ഇന്ത്യന്‍ വ്യോമസേന അടുത്തിടെ ഇവിടെ അഡ്വാന്‍ഡ് ലാന്‍‌ഡിങ് ഗ്രൌണ്ട്സ് (അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ആധുനിക വ്യോമതാവളങ്ങള്‍) നിര്‍മിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.