സമ്പദ്‌വ്യവസ്ഥ മരണക്കുരുക്കില്‍

Saturday 20 April 2013 10:36 pm IST

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദയനീയ പതനത്തിലേക്ക്‌ മുതലക്കൂപ്പു നടത്തുമ്പോള്‍ പിടിവള്ളിയായി ഭരണകൂടം ഉയര്‍ത്തികാട്ടുന്നത്‌ സേവന മേഖലയേയാണ്‌. വിദേശത്തുനിന്നുള്ള പണം വരവും സേവന മേഖലയുടെ പ്രയാണവും ഭരണകൂടത്തിന്റെ രക്ഷാകവചങ്ങളാണ്‌. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വികാസപരിണാമങ്ങളും സാമ്പത്തികമായി ഇടവേളകളില്‍ നാടിന്‌ ആശ്വാസം പകരുന്നുണ്ട്‌. എന്നാല്‍ കാര്‍ഷിക-പരമ്പരാഗത വ്യാവസായിക മേഖലകളില്‍ നമ്മുടെ രാജ്യത്തിന്റെ ഗതി താഴോട്ടാണ്‌. ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ വികസനവും സ്വയംപര്യാപ്തതയും സ്വപ്നം കണ്ട ഗാന്ധിജിയുടെ നാട്ടില്‍ അതൊക്കെ ഇന്നത്തെ തലമുറയ്ക്കന്യമായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ പരിതാപകരമായ സ്ഥിതിക്ക്‌ ഇടയാക്കിയ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍പോലും ഇവിടെ നടക്കുന്നില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മൂന്നുവിധ സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി ഓരോ സമര സേനാനിയും തുല്യ പ്രാധാന്യത്തോടെ പോരാടണമെന്ന്‌ നിഷ്കര്‍ഷിച്ച ക്രാന്തദര്‍ശിയായിരുന്നു മഹാത്മാഗാന്ധി. രാഷ്ട്രീയ സ്വാതന്ത്ര്യം, സാമൂഹ്യ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയായിരുന്നു നേടേണ്ട സ്വാതന്ത്ര്യങ്ങള്‍. ഗാന്ധിജി സത്യാഗ്രഹവും ഹരിജനോദ്ധാരണവും നൂല്‍നൂല്‍ക്കലുമൊക്കെ കോണ്‍ഗ്രസ്സില്‍ നിര്‍ബന്ധിതമാക്കിയത്‌ ഈ ലക്ഷ്യത്തോടെയായിരുന്നു. ബ്രിട്ടീഷുകാരെ പറഞ്ഞയച്ച്‌ സ്വദേശിഭരണം സ്ഥാപിക്കുകവഴി രാഷ്ട്രീയസ്വാതന്ത്ര്യം കൈവരിച്ചതില്‍ നമുക്കഭിമാനിക്കാം. എന്നാല്‍ ജാതീയതയും ഉച്ചനീചത്വങ്ങളും കൊടികുത്തിവാഴുകയും അവയൊക്കെ രാജനൈതിക മേഖലയില്‍പ്പോലും സുസ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത സാഹചര്യത്തില്‍ സാമൂഹ്യ സ്വാതന്ത്ര്യം കൈവരിച്ചു എന്നു പറയാനാവില്ല. ഗ്രാമസ്വരാജും, സ്വയംപര്യാപ്തമായ ഗ്രാമീണ സാമ്പത്തികരംഗവും നമുക്കന്യമായിരിക്കെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചുവെന്നും അവകാശപ്പെടാനാകില്ല.
സ്വാതന്ത്ര്യം കിട്ടുമെന്നുറപ്പായപ്പോള്‍ ഗാന്ധിജി തന്റെയും കോണ്‍ഗ്രസ്സിന്റെയും കാഴ്ചപ്പാടിലുള്ള സാമ്പത്തികാസൂത്രണം നടപ്പാക്കാനായി നിയോഗിച്ച ഉപസമിതിയുടെ നായകന്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പാതയില്‍ ഒരു കൊല്ലംപോലും സഞ്ചരിക്കും മുന്‍പ്‌ ഇന്ത്യയ്ക്ക്‌ മഹാത്മജിയെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ വിരിഞ്ഞ സാമ്പത്തിക ഇന്ത്യ ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ എതിര്‍ദിശയിലാണ്‌ അപഥ സഞ്ചാരം നടത്തിയത്‌. നെഹ്‌റു ഇന്ത്യന്‍ സമൂഹത്തോട്‌ ചെയ്ത ഏറ്റവും വലിയ തെറ്റ്‌ ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തിന്റെ നിരാകരിക്കലായിരുന്നു. ഗാന്ധിജിയെ മറന്ന്‌ കോണ്‍ഗ്രസ്സും ജവഹര്‍ലാല്‍ നെഹ്‌റുവും സ്വീകരിച്ച സാമ്പത്തിക ആസൂത്രണത്തിന്റെ ചാപിള്ളയാണ്‌ ഇന്ത്യന്‍ സാമ്പത്തിക ആസുത്രണം.
ഗ്രാമസ്വരാജും ഗ്രാമീണ റിപ്പബ്ലിക്കുമൊക്കെ അക്കാദമിക്ക്‌ മുറികളില്‍ നെഹ്‌റുവിയന്‍ യുഗത്തില്‍തന്നെ ഒതുക്കപ്പെട്ടിരുന്നു. തുടര്‍ന്നുള്ള നാളുകളില്‍ അക്കാദമിക്ക്‌ കരിക്കുലത്തില്‍നിന്നും ഗാന്ധിയന്‍ സമ്പദ്‌വ്യവസ്ഥ നാടുനീങ്ങി. ഭാരതീയ-ഗാന്ധിയന്‍ സാമ്പത്തിക സമീപനത്തിനുപകരം സോവിയറ്റ്‌ മോഡല്‍ ആസൂത്രണം കടമെടുത്ത്‌ നടപ്പാക്കി കുത്തുപാളയെടുത്ത നാടാണ്‌ ഇന്ത്യ. ഒരു പഞ്ചവത്സര പദ്ധതിക്കും അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ നാലയലത്തുപോലും എത്താനായിട്ടില്ല. 1991 ല്‍ കോണ്‍ഗ്രസ്സുകാരനായ ധനകാര്യമന്ത്രി മന്‍മോഹന്‍സിംഗ്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പിന്നിട്ടവഴിത്താരയില്‍ പരാജയപ്പെട്ടു എന്ന കുറ്റസമ്മതം പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയിരുന്നു. എന്നാല്‍ അപ്പോള്‍ പ്രതിപക്ഷം മൗനത്തിന്റെ വല്മീകങ്ങളില്‍ ഒതുങ്ങിപ്പോയെന്ന ദു:ഖ ചിത്രം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്തുകൊണ്ട്‌ ഇന്ത്യന്‍ ആസൂത്രണം പരാജയപ്പെട്ടു എന്ന ചോദ്യത്തിനും ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ 44 കൊല്ലത്തെ തകര്‍ച്ചയ്ക്കും ആരാണ്‌ ഉത്തരവാദികള്‍ എന്ന പ്രസക്തമായ ചോദ്യത്തിനും നരസിംഹറാവുവിനേയും നെഹ്‌റു കുടുംബത്തേയുംകൊണ്ട്‌ ഉത്തരം പറയിക്കാന്‍ പ്രതിപക്ഷത്തിന്‌ കഴിയാതെ പോകയാണുണ്ടായത്‌. രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയില്‍പ്പെട്ട അക്കാലത്ത്‌ ദേശസ്നേഹം ഇന്ധനമാക്കിയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നതാണ്‌ സത്യം. ഇപ്പോഴത്തെ സാമ്പത്തിക പിന്നോട്ടുപോക്കിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
ഇന്ത്യയില്‍ കാര്‍ഷികരംഗം മുതല്‍ കായികരംഗംവരെ സമസ്ത മേഖലകളിലും നാട്‌ താഴോട്ടുപോകുന്ന ദുരവസ്ഥ കണ്ട്‌ മനംമടുത്താണ്‌ ചില പഴയകാര്യങ്ങള്‍ ഇവിടെ ചികഞ്ഞെടുത്തത്‌. ഒരു മൂന്നാംകിട മജീഷ്യന്റെ ചെപ്പടിവിദ്യ പ്രയോഗംവഴി ജനസഞ്ചയത്തെ നമ്മുടെ ധനകാര്യമന്ത്രി ചിദംബരം എപ്പോഴും കബളിപ്പിച്ചിട്ടുണ്ട്‌. ബജറ്റ്‌ സമര്‍പ്പണവേളകളില്‍ ഒരു മജീഷ്യന്റെ റോളാണ്‌ അദ്ദേഹം സ്വീകരിക്കാറുള്ളത്‌. യാഥാര്‍ത്ഥ്യബോധം അദ്ദേഹത്തിന്‌ അലര്‍ജിയാണ്‌. രാജ്യത്തെ അതിസമ്പന്നന്മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തി 2013-14 ബജറ്റില്‍ ജനങ്ങളുടെ കയ്യടി നേടിയ ആളാണ്‌ പി.ചിദംബരം. എന്നാല്‍ 1996-98 ല്‍ ചിദംബരം കോണ്‍ഗ്രസ്‌ ഇടതുപക്ഷ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കവേ കമ്പനി ഷെയര്‍ ലാഭത്തിന്‌ നിലവിലുണ്ടായിരുന്ന നികുതി വേണ്ടെന്നു വെയ്ക്കുകയാണുണ്ടായത്‌. അതിസമ്പന്നര്‍ക്ക്‌ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന മേഖല 'ഷെയര്‍ പ്രോഫിറ്റാണ്‌'. ഇത്തരം ഒരാള്‍ ചെറിയൊരു വിഭാഗം അതിസമ്പന്നരുടെ മേല്‍ 10 ശതമാനം നികുതി കൂട്ടി അതിന്റെപേരില്‍ ഊറ്റം കൊള്ളുകയും ബജറ്റ്‌ ചര്‍ച്ചകളുടെ ഗതിവിഗതികള്‍ മാറ്റിവിടുകയുമാണ്‌.
1996-97 ല്‍ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ താന്‍ കൃഷിക്കാരുടെയും ഗ്രാമീണരുടെയും അപ്പോസ്തലനെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്‌. അന്നത്തെ ധനമന്ത്രി ചിദംബരം "കാര്‍ഷികരംഗം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമാണെന്ന്‌"ഉറക്കെ പ്രഖ്യാപിച്ച്‌ ജനങ്ങളെ കോരിത്തരിപ്പിച്ചിരുന്നു. പക്ഷേ അക്കൊല്ലത്തെ ബജറ്റിന്റെ കാലാവധി അവസാനിക്കുമ്പോള്‍ 653 കോടി രൂപയാണ്‌ അടിയന്തര ആശ്വാസത്തിനായി കൃഷിക്കാര്‍ക്ക്‌ മാറ്റിവെച്ച തുകയില്‍ ലാപ്സായിപ്പോയത്‌. പാവപ്പെട്ട കര്‍ഷകരോടും അവരുടെ ജീവരക്തത്തോടുമുള്ള ഭരണകൂടത്തിന്റെ കപട നിലപാടിന്‌ ഇതിനപ്പുറം മേറ്റ്ന്ത്‌ തെളിവാണ്‌ വേണ്ടത്‌? 1996-98 കളിലെ ധനമന്ത്രി 2013 ല്‍ ബഡ്ജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ജീവരക്ത മേഖലയായ കാര്‍ഷികരംഗത്തിന്‌ എന്തെങ്കിലും കാര്യമായ പ്രാധാന്യം നല്‍കിയോ ? അതിസമ്പന്നര്‍ക്കുവേണ്ടിയുള്ള ഇപ്പോഴത്തെ സ്പോണ്‍സേര്‍ഡ്‌ ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടത്‌ ഗ്രാമീണരും കര്‍ഷകരുമാണ്‌. ഇന്ത്യയില്‍ ന്യൂസ്‌ ചാനലുകളും, പ്രിന്റ്‌ മീഡിയകളും നടത്തിയ ബഡ്ജറ്റ്‌ വിശകലനങ്ങളിലും ചര്‍ച്ചകളിലും മഷിയിട്ട്‌ നോക്കിയാല്‍പോലും ഒരൊറ്റ ഗാന്ധിയന്‍-ഗ്രാമീണ കര്‍ഷകനേയും കാണാനുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റുകളും അവര്‍ക്ക്‌ കുഴലൂത്ത്‌ നടത്തുന്ന അക്കാഡമിക്ക്‌ പ്രമാണിമാരും അഴകിയ രാവണന്മാരായി സാമ്പത്തിക-ബഡ്ജറ്റ്‌ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കാര്‍ഷിക മേഖല എങ്ങനെ അവഗണിക്കപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തമായി ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും തെളിവു നല്‍കുന്നു.
ബിജെപി 2004 ല്‍ അധികാരം കൈമാറുമ്പോള്‍ സുരക്ഷിതവും സുഭദ്രവുമായ ഒരു സമ്പദ്‌ വ്യവസ്ഥയാണ്‌ യുപിഎ ഏറ്റുവാങ്ങിയത്‌. 1998 ല്‍ വാജ്പേയി അധികാരം ഏറ്റെടുക്കുമ്പോള്‍ സാമ്പത്തികരംഗം ആഴമേറിയ പ്രതിസന്ധിയിലായിരുന്നു. ഏതൊരു നിഷ്പക്ഷ വിലയിരുത്തലും എന്‍ഡിഎ ഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെട്ടതിനുള്ള തെളിവുകളാല്‍ സമൃദ്ധമാണ്‌. എന്നാല്‍ അവയൊന്നും ജനമനസ്സുകളിലേക്ക്‌ എത്തിയില്ല 2005-06 ബഡ്ജറ്റ്‌ മുതല്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി, ഡ്യൂട്ടി ഇളവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു മിനിറ്റില്‍ 70 ദശലക്ഷം രൂപയാണ്‌ ഡ്യൂട്ടി ഇളവായി ഇവര്‍ക്ക്‌ നല്‍കുന്നത്‌. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചുവെന്ന്‌ ഊറ്റം കൊള്ളുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഭരണക്കാര്‍ ലോകത്ത്‌ കൊടും വിശപ്പ്‌ സഹിക്കുന്ന 79 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ടെന്ന സത്യം അറിയുന്നതേയില്ല. ആഫ്രിക്കയെക്കാള്‍ പോഷകാഹാരകുറവുള്ള കുട്ടികള്‍ ഇന്ത്യയിലാണെന്നുള്ള സത്യവും ഭരണകൂടം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്‌.
2012-13 ലെ ബഡ്ജറ്റില്‍ വന്‍ കോര്‍പ്പറേറ്റുകള്‍ക്കായി 5,73,627 കോടി രൂപയുടെ നികുതിയിളവുകളാണ്‌ കേന്ദ്രം നല്‍കിയത്‌. മൊത്തം ധനക്കമ്മിയേക്കാള്‍ 10 ശതമാനം അധികമായിരുന്നു ഈ തുക. ഇക്കൊല്ലത്തെ ബഡ്ജറ്റില്‍ കൂടുതല്‍ ഇളവുകളാണ്‌ അതിസമ്പന്നര്‍ക്കായി നല്‍കിയിട്ടുള്ളത്‌. സാമ്പത്തിക മാന്ദ്യം ഒഴിവാക്കാനുള്ള പ്രോത്സാഹന നടപടിയെന്നപേരില്‍ നികുതിപണം കോര്‍പ്പറേറ്റുകള്‍ക്ക്‌ നല്‍കുകയും കര്‍ഷകരെ അവഗണിക്കുകയുമാണ്‌ യുപിഎ ഭരണകൂടം ചെയ്യുന്നത്‌.
സുഭദ്രവും വികസനോന്മുഖവുമായ ഒരു സുരക്ഷിത സമ്പദ്‌വ്യവസ്ഥ എന്‍ഡിഎയില്‍നിന്നും ഏറ്റുവാങ്ങിയ യുപിഎ എട്ടു കൊല്ലംകൊണ്ട്‌ എല്ലാം തകര്‍ത്ത്‌ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. രൂക്ഷമായ വിലക്കയറ്റം, ഭക്ഷ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, നാണയപ്പെരുപ്പം, ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച, കൊള്ളയെന്നു വിളിക്കാവുന്ന അഴിമതികള്‍, കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ താഴോട്ടുപോക്ക്‌, ജിഡിപിയുടെ കനത്ത ഇടിവ്‌ എന്നിവയെല്ലാം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ രോഗഗ്രസ്തമാക്കിയിരിക്കുന്നു. ബിജെപി ഭരണത്തിന്‍കീഴില്‍ 9 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. എന്നാലിപ്പോള്‍ സാമ്പത്തിക വളര്‍ച്ച അഞ്ച്‌ ശതമാനത്തിന്‌ ചുറ്റും കറങ്ങുന്നു. ഓരോ ബഡ്ജറ്റ്‌ ചര്‍ച്ചകളിലും നയപ്രഖ്യാപനങ്ങളിലും ആസൂത്രണകമ്മീഷന്‍ വിളംബരങ്ങളിലും സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിക്കുമെന്ന്‌ വാഗ്ദാനം ചെയ്തവരാണ്‌ മന്‍മോഹന്‍സിംഗ്‌ ഭരണകൂടം. ജിഡിപിയുടെ ഗുരുതരമായ താഴോട്ടുപോക്കിന്‌ യുക്തിഭദ്രമായ യാതൊരു വിശദീകരണവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ലഭ്യമല്ല.
മൊത്തം ദേശീയോല്‍പ്പാദനം എന്ന ജിഡിപി സങ്കല്‍പ്പം ഒരു നാടിന്റെ സാമ്പത്തിക പുരോഗതിയുടെ അളവുകോലാണ്‌. ഇത്തരത്തില്‍ ജിഡിപികണക്കാക്കുമ്പോള്‍ ഉണ്ടാകാവുന്ന വീഴ്ചകളും പാളിച്ചകളും സ്വാഭാവികമാണ്‌. ഒരു രാജ്യത്ത്‌ യുദ്ധമുണ്ടാകുമ്പോള്‍ ജിഡിപി കൂടുന്നു എന്ന്‌ പറയാറുണ്ട്‌. യുദ്ധകാലഘട്ടത്തില്‍ കൂടുതല്‍ ധനം സമാഹരിച്ച്‌ ചിലവഴിക്കുന്നതുകൊണ്ടാണ്‌ ഇത്‌. അതുകൊണ്ട്‌ ജിഡിപി പുരോഗതിയുടെ അളവുകോലല്ലെന്ന്‌ ചിലര്‍ വാദിക്കുന്നു. എന്നാല്‍ ജിഡിപിയുമായി ബന്ധപ്പെടുത്തി രാജ്യ പുരോഗതിയെ അളക്കുന്ന രീതി ഇവിടെ എക്കാലത്തും അവലംബിച്ചിട്ടുണ്ട്‌. ബിജെപി അധികാരം ഏറ്റെടുക്കുമ്പോള്‍ 6 ശതമാനത്തില്‍ താഴെയായിരുന്ന ജിഡിപി, 2004 ല്‍ ബിജെപി അധികാരം കൈയ്യൊഴിയുമ്പോള്‍ 9 ശതമാനത്തോളമെത്തിയിരുന്നു. സാമ്പത്തിക ഭദ്രതയുള്ള ഭരണമായിരുന്നു വാജ്പേയി യുപിഎക്ക്‌ കൈമാറിയത്‌. യുപിഎ ഭരണത്തിന്‍കീഴില്‍ അത്‌ വീണ്ടും അഞ്ച്‌ ശതമാനത്തിലും താഴെയെത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സ്‌ ഭരണകൂടമാണ്‌ ഇതിലെ കുറ്റവാളി. ജിഡിപി സങ്കല്‍പ്പവുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിനുപകരം എന്തുകൊണ്ട്‌ ജിഡിപി താഴോട്ടുപോകുന്നു എന്ന ചോദ്യത്തിന്‌ സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ യുപിഎ ചെയ്യേണ്ടത്‌. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ മരണക്കുരുക്കില്‍ കൊണ്ടെത്തിച്ചവര്‍ക്ക്‌ ചരിത്രം മാപ്പു കൊടുക്കാന്‍ പോകുന്നില്ല.
അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള