പുത്തന്‍ മതേതരന്‍

Saturday 20 April 2013 10:44 pm IST

രാജ്യത്തിന്റെ പ്രധാനമന്ത്രി മതേതര മുഖച്ഛായ ഉള്ള ആളാകണമെന്ന്‌ ജനതാദള്‍ (യുണൈറ്റഡ്‌) ദേശീയ സമ്മേളനം രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ മതേതര മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ കൊഴുപ്പിച്ചു തുടങ്ങി. ഇവരെ മന്ഥരയുടെ പുതിയ അവതാരങ്ങള്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്‌. അതുകൊണ്ടാണ്‌ ജനതാദള്‍ യുണൈറ്റഡിന്റെ പ്രമേയം നരേന്ദ്രമോദിക്കെതിരാണെന്ന്‌ ഈ മാധ്യമങ്ങള്‍ തീരുമാനിച്ചു കളഞ്ഞത്‌. പ്രത്യക്ഷത്തില്‍ മോഡിയെ പരാമര്‍ശിക്കുന്നതൊന്നും ജെഡിയു പ്രമേയത്തിലില്ല. പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കണം, ഈ വര്‍ഷം തന്നെ അതു പ്രഖ്യാപിക്കണം, ആള്‍ സര്‍വസമ്മതനും മതേതരനുമാകണം.... എന്നിങ്ങനെ തുടരുന്ന ഒരു സോദ്ദേശ്യപ്രമേയം. അതിന്റെ വാലില്‍ തൂങ്ങിയാണ്‌ പ്രസ്തുത മന്ഥര മാധ്യമങ്ങള്‍ കൈകേയിമാരുടെ അന്തഃപുരങ്ങളിലേക്ക്‌ ചാനല്‍ ക്യാമറകളും നീളന്‍ മൈക്കുകളുമായി കടന്നുചെന്നത്‌.
കുട്ടിക്കാലത്ത്‌ എത്ര കഥകള്‍ കേട്ടിരുന്നിരിക്കണം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. ഭക്ത്യാര്‍പൂരിലെ വീട്ടില്‍ അച്ഛന്‍ കവിരാജ്‌ രാംലഖന്‍സിംഗ്‌ പറഞ്ഞുകൊടുത്ത ആ പഴയ കഥകളില്‍ ഇത്തരം എത്രയെത്ര സന്ദേശങ്ങള്‍ ഉണ്ടായിരിക്കണം. അതിമോഹം ആപത്താണെന്നും ചതിയന്‍മാരെ കരുതിയിരിക്കണമെന്നും മറ്റുമുള്ള എത്ര ഗുണപാഠ കഥകള്‍. മുന്തിരിങ്ങാ പുളിക്കുമെന്ന്‌ പറഞ്ഞ കുറുക്കനെപ്പറ്റി, ആടുകളെ തമ്മിലടിപ്പിച്ച്‌ ചോര നുണയാന്‍ കൊതിച്ച ചെന്നായയെപ്പറ്റി...... എന്നിട്ടും മന്ഥരമാരുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ബീഹാര്‍മുഖ്യന്‌ നിലതെറ്റുന്നുവെങ്കില്‍ അത്‌ ദൗര്‍ഭാഗ്യകരവും അപകടകരവുമാണ്‌.
പതിനഞ്ചാണ്ട്‌ നീണ്ട ലാലു- റാബ്‌റി ഗുണ്ടാരാജിന്‌ ചരമകുറിപ്പെഴുതിയാണ്‌ നിതീഷ്‌ ബീഹാറില്‍ സൂപ്പര്‍ ഹീറോയായത്‌. 2010ല്‍ രണ്ടാമതും മുഖ്യമന്ത്രിയായത്‌ ഒരു വെറുംവരവായിരുന്നില്ല. എതിരാളികള്‍ ഇനിയിങ്ങുവരാതെ വണ്ണം തകര്‍ന്നടിഞ്ഞ്‌ ചാരമായി. ആകെയുള്ള 243 സീറ്റില്‍ 206ഉം പിടിച്ചെടുത്താണ്‌ രാംലഖന്‍ സിംഗിന്റെയും പരമേശ്വരീദേവിയുടെയും മകന്‍ ബീഹാറിന്റെ ചരിത്രം തിരുത്തിയത്‌. പക്ഷേ അത്‌ ഒരൊറ്റയാള്‍ മുന്നേറ്റമായിരുന്നില്ല. ആണെന്ന്‌ ഇപ്പോള്‍ നിതീഷിന്‌ തോന്നുന്നുവെങ്കില്‍ അധികാരമദം അദ്ദേഹത്തിന്റെ തലയ്ക്കു പിടിച്ചു എന്നുമാത്രമാണര്‍ത്ഥം.
മാധ്യമ കുടിലബുദ്ധികള്‍ പറഞ്ഞുമോഹിപ്പിക്കുന്ന പ്രധാനമന്ത്രിപദമെന്ന അപ്പക്കഷ്ണത്തിന്‌ മുന്നില്‍ ആര്‍ത്തിപൂണ്ട കണ്ണുകളുമായി നില്‍ക്കുന്ന നിതീഷിന്റെ പുതിയ ചിത്രം ദയനീയമാണ്‌. മുന്നിലേക്ക്‌ മാത്രമല്ല പിന്നിലേക്കും അദ്ദേഹമൊന്ന്‌ തിരിഞ്ഞുനോക്കിയിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ബീഹാര്‍ മുഖ്യന്റെ പിന്നിലും മുന്നിലും ഇപ്പോള്‍ മോദിയാണ്‌. നരേന്ദ്രദാമോദര്‍ മോദി എന്ന പേര്‌ മേല്‍പ്പറഞ്ഞ മന്ഥര മാധ്യമങ്ങളെയും കപട മതേതരന്മാരെയും വല്ലാതെ വിറളി പിടിപ്പിച്ചിട്ടുണ്ട്‌. ദേശീയ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക്‌ ആ കടന്നുവരവ്‌ അധികം വൈകാതെ ഉണ്ടാകുമെന്ന്‌ കാറ്റ്‌ പറയുംമുമ്പേ അവര്‍ കവര്‍സ്റ്റോറികള്‍ പടച്ചുതുടങ്ങി. എല്ലാറ്റിനുമൊപ്പം നിതീഷിന്റെ സുവര്‍ണമോഹങ്ങളും തൊങ്ങല്‍ ചാര്‍ത്തി അവതരിപ്പിച്ചു.
ബീഹാറില്‍ മത്സരിച്ച 102 സീറ്റില്‍ 92ഉം വിജയിച്ച ബിജെപിയാണ്‌ യഥാര്‍ത്ഥത്തില്‍ ആ നാടുഭരിക്കുന്നതെന്ന്‌ അവിടുത്തെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. നിതീഷ്കുമാറിനേക്കാള്‍ പ്രായം കൊണ്ട്‌ ഒരുവര്‍ഷം ഇളപ്പമുള്ള സുശീല്‍കുമാര്‍ മോദിയാണ്‌ ബീഹാറിന്റെ പുതിയ മോടിക്ക്‌ കാരണം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും കൈവരിക്കാത്ത, കൈവരിക്കാനാകാത്ത നേട്ടമാണ്‌ ബീഹാര്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി ആ സംസ്ഥാനത്ത്‌ കൈവരിച്ചത്‌. ഒരു തെരഞ്ഞെടുപ്പില്‍ 90ശതമാനം സീറ്റിലും വിജയം. അതുകൊണ്ടാണ്‌ നിതീഷ്കുമാറിനെ വിവരമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുന്നത്‌, 'ഇങ്ങനെയാണ്‌ പോക്കെങ്കില്‍ ഭാരതം മാത്രമല്ല ബീഹാറും മോദി ഭരിക്കും' എന്ന്‌. ആദ്യത്തേത്‌ നരേന്ദ്രമോദിയാണെങ്കില്‍ രണ്ടാമത്തേത്‌ സുശീല്‍കുമാര്‍ മോദി എന്നര്‍ത്ഥം.
ജെഡിയു സമ്മേളനം കഴിഞ്ഞ്‌ നിതീഷും കൂട്ടരും എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കുപ്പായത്തിന്‌ പുതിയ അളവുകള്‍ നിശ്ചയിച്ചപ്പോള്‍ കേട്ടവര്‍ക്കും വായിച്ചവര്‍ക്കും ആകെ ആശയക്കുഴപ്പമായി. ജയ്സാല്‍ തീവണ്ടി അപകടത്തിന്റെ പേരില്‍ റെയില്‍വേ മന്ത്രി സ്ഥാനം രാജിവെച്ച ആദര്‍ശധീരനായ സോഷ്യലിസ്റ്റ്‌ നേതാവ്‌ ഗോധ്ര ദുരന്തം നടന്നപ്പോള്‍ രാജിയെക്കുറിച്ച്‌ ചിന്തിച്ചതുപോലുമില്ല. അധികാരത്തിന്റെ രുചി അറിഞ്ഞുതുടങ്ങുകയായിരുന്നു നിതീഷ്‌. ജയപ്രകാശ്‌ നാരായണനും രാംമനോഹര്‍ ലോഹ്യയും കര്‍പ്പൂരി ഠാക്കൂറും മുതല്‍ ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ വരെയുള്ള ഗുരുക്കന്മാരുടെ ത്യാഗപൂര്‍ണ വഴിത്താരകളില്‍ നിന്നുമാറി ലാലു- റാബ്‌റിമാരുടെ പകരക്കാരനാകാന്‍ ശ്രമിച്ചതുമുതല്‍ നിതീഷിന്‌ പാളംതെറ്റി.
ബീഹാറിലെ മുഖ്യമന്ത്രി പദത്തില്‍ നിതീഷ്കുമാര്‍ ഉറച്ചത്‌ ബിജെപി പാലിച്ച ഉന്നതമായ രാഷ്ട്രീയ മര്യാദയുടെ പിന്‍ബലം കൊണ്ടാണ്‌. മത്സരിച്ചാല്‍ നിതീഷിന്റെ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന്‌ ഉറപ്പുണ്ടായിരുന്നിട്ടും സുശീല്‍കുമാര്‍ മോദിയും കൂട്ടരും മുന്നണി മര്യാദയുടെ പേരില്‍ ജെഡിയുവിന്‌ കൂടുതല്‍ സീറ്റുകള്‍ നല്‍കി. അതിനും മുമ്പ്‌ 2003ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായെങ്കിലും പസ്വാനും കൂട്ടരും പിന്നില്‍ നിന്ന്‌ കുത്തിയപ്പോള്‍ അധികാരം വിടേണ്ടിവന്ന ദുര്യോഗമുണ്ട്‌ നിതീഷിന്‌. ഗോധ്രാനന്തര ഗുജറാത്ത്‌ കത്തിക്കാളുമ്പോഴും നിതീഷിന്‌ മോദി സുഹൃത്തായിരുന്നു. ആ സൗഹൃദമാണ്‌ നീതിഷിനെ ബീഹാറിലെ ഏറ്റവും സമര്‍ത്ഥനായ ഭരണാധികാരി എന്ന പേരിന്‌ അര്‍ഹനാക്കിയത്‌.
ജനതാദളും സമതാപാര്‍ട്ടിയും പിന്നിട്ട്‌ ജെഡിയുവിലെത്തിയ നിതീഷിന്‌ മാന്യതയുടെ മുഖം നല്‍കിയത്‌ സോഷ്യലിസ്റ്റ്‌ പ്രതിച്ഛായയാണ്‌. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരുകൂട്ടം നേതാക്കന്മാരുടെ പിന്നാലെ നടന്നവനെന്ന പരിഗണനയാണ്‌ എന്‍ഡിഎ മുഖ്യമന്ത്രിസ്ഥാനം ബഹുജനം നിതീഷിന്‌ കല്‍പിച്ചുനല്‍കിയത്‌. പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന്‌ ജനതാപാര്‍ട്ടിയിലെത്തിയ പാരമ്പര്യമുണ്ട്‌ നിതീഷിന്റെ അച്ഛന്‍ രാംലഖന്‍സിംഗിന്‌. ഈ പാരമ്പര്യം നിതീഷിന്റെ ചരിത്രത്തോട്‌ കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. കാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കാത്തവര്‍ക്ക്‌ ചവറ്റുകുട്ടയിലാണ്‌ സ്ഥാനമെന്നത്‌ അത്ര കാലഹരണപ്പെട്ട ആപ്തവാക്യമൊന്നുമല്ലതാനും.
എം. സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.