ഇനി 18 നാളുകള്‍ മാത്രം; യുദ്ധക്കളം ഒരുങ്ങി

Saturday 20 April 2013 11:38 pm IST

ബംഗളൂരു: ഇനി കൃത്യം പതിനെട്ടു നാള്‍. കര്‍ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. പതിവില്ലാത്ത വിധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഇത്‌ കുരുക്ഷേത്രം തന്നെയാണ്‌. അധികാരത്തിലുള്ള ബിജെപിക്ക്‌ കഴിഞ്ഞ കാലത്തെ സ്വപക്ഷത്തു നിന്നും എതിരാളികളില്‍ നിന്നും നേരിടേണ്ടിവന്ന ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടില്ലെന്നും പാര്‍ട്ടിയുടെ തത്വവും സിദ്ധാന്തങ്ങളും മുറുകെപ്പിടിച്ചു ജനങ്ങള്‍ക്ക്‌ വേണ്ടി എന്നും നിലനില്‍ക്കുമെന്നും തെളിയിക്കേണ്ട വലിയ ബാധ്യത.വന്‍ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി ജയിലില്‍ പോകേണ്ടി വന്നവര്‍ക്ക്‌ സീറ്റ്‌ നിഷേധിച്ചതിലൂടെയും യെദ്യൂരപ്പയുടെ സങ്കുചിത രാഷ്ട്രീയത്തെ ശക്തമായി പ്രധിരോധിക്കാന്‍ കഴിഞ്ഞതിലൂടെയും പാര്‍ട്ടിക്ക്‌ ജനമധ്യത്തിലേക്ക്‌ വലിയ ആത്മവിശ്വാസത്തോടെ തന്നെ തിരിച്ചു വരാന്‍ കഴിഞ്ഞു. എവിടെയും കാര്യമായ വിമതസ്വരം ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. അധികാരത്തിനും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും വിലകൊടുത്ത ചിലര്‍ വിട്ടുപോയെങ്കിലും മറ്റുപലരും തിരികെ വന്നത്‌ അതിനെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്‌.ആ ആത്മവിശ്വാസം തന്നെയാണ്‌ 125-135 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന്‌ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടെറിന്റെ പ്രസ്താവനക്ക്‌ ആധാരവും. പൊതുവെ മിതഭാഷിയും ഗൗരവത്തോടെ മാത്രം സംസാരിക്കുകയും ചെയ്യുന്ന അദേഹത്തിന്റെ വാക്കുകള്‍ പ്രവര്‍ത്തകരില്‍ നല്ല ആവേശം ഉണ്ടാക്കിയിട്ടുണ്ട്‌.
മറുഭാഗത്ത്‌ രാജ്യമൊട്ടുക്കും ജനവിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ്‌ കര്‍ണാടകത്തില്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്‌. ആദ്യഘട്ടത്തില്‍ അവര്‍ക്ക്‌ ഏകപക്ഷീയമായ വിജയം പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകരെല്ലാം തന്നെ ഇപ്പോള്‍ മൗനത്തിലാണ്‌. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും ഒരു ഡസനിലേറെ മണ്ഡലങ്ങളില്‍ നിന്നും വിമതരെ പിന്‍വലിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.വന്‍ വാഗ്ദാനങ്ങളും സ്ഥാനങ്ങളും നല്‍കി ചില അപ്രസക്ത മണ്ഡലങ്ങളിലെ വിമതരെ പ്രലോഭിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ്സിനു കഴിഞ്ഞെങ്കിലും മാണ്ഡ്യ,ചിക്കബല്ലാപുര്‍,ബെല്ലാരി തുടങ്ങി ആറോളം ജില്ലകള്‍ വിമത ഭീഷണിയില്‍ തന്നെയാണ്‌. ഭദ്രാവതിയാണ്‌ അതില്‍ പ്രധാനം.സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ള സിദ്ധരാമയ്യയുടെ വിശ്വസ്തനും മലയാളിയും മുന്‍കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം ആണ്‌ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. നിലവിലെ കോണ്‍ഗ്രസ്‌ എംഎല്‍എ സംഗമേഷ്‌ തനിക്കു സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന്‌ വിമതനായി പത്രിക നല്‍കുകയായിരുന്നു.
കെജെപിയും കമ്മ്യുണിസ്റ്റു പാര്‍ട്ടിയും അദേഹത്തെ പിന്തുണച്ചുകൊണ്ട്‌ സ്ഥാനാര്‍ത്തിയെ പിന്‍വലിക്കുകയും ചെയ്തതോടെ ഇബ്രാഹിമിന്റെ വിജയം കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ബാധ്യത ആയിരിക്കുന്നു.മാണ്ഡ്യയില്‍ രണ്ടിടത്ത്‌ വിമതനായി പത്രിക നല്‍കിയ രവീന്ദ്ര ശ്രീദത്തയെ കൊണ്ട്‌ നടന്‍ അംബരീഷിനെതിരെയുള്ള പത്രിക പിന്‍വലിപ്പിക്കാനേ കഴിഞ്ഞുള്ളൂ. മണ്ഡ്യ ജില്ലാ പ്രസിഡണ്ട്‌ ആത്മാനന്ദ സ്ഥാനം രാജി വെക്കുകയും ചെയ്തു.നേതൃത്വത്തോട്‌ പിണങ്ങി വിദേശയാത്രക്ക്‌ പുറപ്പെട്ട മുന്‍മുഖ്യന്‍ എസ്‌.എം. കൃഷണയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അധികവും പുറംതിരിഞ്ഞു നില്‍പ്പാണ്‌. തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ സാമാന്യ ഭൂരിപക്ഷം നേടിയ ബെല്ലാരിയില്‍ വിമത ശല്യം മാത്രമല്ല സുപ്രീംകോടതി അഴിമതിയുടെ പേരില്‍ ലൈസന്‍സ്‌ റദ്ദാക്കിയ ഖാനി ഉടമയെ സ്ഥാനാര്‍ഥിയാക്കി സ്വയം പ്രധിരോധത്തില്‍ ആയിരിക്കുകയാണ്‌ ആ പാര്‍ട്ടി.അവിടെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തല്‍ക്കാലത്തേക്ക്‌ പാര്‍ടിക്ക്‌ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു.
തെക്കന്‍ കര്‍ണാടകത്തില്‍ മാത്രമാണ്‌ അവര്‍ക്ക്‌ അല്‍പ്പം ആശ്വാസം ഉള്ളത്‌ അവിടെ മുന്‍മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ വീരപ്പ മൊയ്‌ലിയാണ്‌ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നത്‌.കേന്ദ്രത്തിലെ അഴിമതിയും വിലവര്‍ധനയും ഒച്ചപ്പാടുണ്ടാക്കി മറികടക്കാനുള്ള മൊയ്‌ലിയുടെ ശ്രമം വിലപ്പോവുന്ന ലക്ഷണമില്ല.ആകെ നാലോ അഞ്ചോ ജില്ലകളില്‍ മാത്രം സ്വാധീനമുള്ള മതേതര ദളിലും വിമതരുടെ എണ്ണത്തില്‍ കുറവില്ല.
എന്തായാലും വരാനിരിക്കുന്ന നാളുകളും സംഭവങ്ങളും കര്‍ണാടക രാഷ്ട്രീയത്തിന്‍റെ ഗതി ഇനിയും മാറ്റിമറിക്കും എന്ന്‌ ഉറപ്പാണ്‌.
അനില്‍ മേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.