ഐഎസ്‌ഐ തലവന്‍ ചൈനയില്‍

Monday 1 August 2011 9:39 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലഫ്‌.ജനറല്‍ അഹമ്മദ്‌ ഷുജ പാഷ ചൈന സന്ദര്‍ശനത്തിനെത്തി. അമേരിക്കയുമായി ഈയിടെ ഉണ്ടായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു.
വിശാലമായ നയതന്ത്ര ചര്‍ച്ചകളായിരിക്കും ചൈനയുമായി പാഷ നടത്തുകയെന്ന്‌ പ്രതീക്ഷിക്കുന്നതായി സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട്‌ എക്സ്പ്രസ്‌ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. പാക്കിസ്ഥാന്‍ സൈനിക മേധാവി ലഫ്‌.ജനറല്‍ വഹീദ്‌ അര്‍ഷാദിന്റെ ചൈന സന്ദര്‍ശനത്തിന്‌ രണ്ടാഴ്ചക്കുശേഷമാണ്‌ ഐഎസ്‌ഐ മേധാവി ചൈനയിലെത്തുന്നത്‌. ഇസ്ലാമാബാദിലെ സിഐഎ സ്റ്റേഷന്‍ മേധാവിയുടെ തിരിച്ചുപോക്കിനുശേഷമാണ്‌ ഈ സന്ദര്‍ശനം. ചൈനയുടെ സിന്‍ജിയാങ്ങ്‌ പ്രദേശത്തുണ്ടായ ആക്രമണങ്ങള്‍ പാക്കിസ്ഥാനില്‍ പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ്‌ നടത്തിയതെന്ന്‌ ചൈന ആരോപിച്ചിരുന്നു.
പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അര്‍ഷാദിന്റെ കഴിഞ്ഞ സന്ദര്‍ശനം പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ളതുപോലെ ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ ചര്‍ച്ചകള്‍ക്കായിരുന്നുവെന്ന്‌ അതേ എക്സ്പ്രസ്‌ ട്രിബ്യൂണ്‍ അറിയിച്ചു.
പാക്‌ ഐഎസ്‌ഐ മേധാവി പാഷ ഞായറാഴ്ച വൈകിട്ട്‌ ബെയ്ജിങ്ങിലേക്ക്‌ പോകുമെന്നറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തിയില്ല. സന്ദര്‍ശന വാര്‍ത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഐഎസ്‌ഐ തയ്യാറായിട്ടില്ല. ചൈനയിലേക്ക്‌ തുടര്‍ച്ചയായി കരസേനാ മേധാവിയും രഹസ്യാന്വേഷണ സംഘത്തിന്റെ മേധാവിയും സന്ദര്‍ശനം നടത്തുന്നത്‌ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിടവാണ്‌ ചൂണ്ടിക്കാണിക്കുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ അറിയിക്കുന്നു.
അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ യാത്രക്ക്‌ ഈയിടെയായി പാക്കിസ്ഥാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സിഐഎ തലവന്റെ പെട്ടെന്നുള്ള തിരിച്ചുപോക്ക്‌ ഈ പശ്ചാത്തലത്തില്‍ പ്രധാന്യമര്‍ഹിക്കുന്നതാണ്‌.
സിഐഎ തലവന്‍ അസുഖമായതിനാലാണ്‌ സ്ഥലം വിട്ടതെന്ന്‌ അമേരിക്കന്‍ മാധ്യമങ്ങള്‍ അറിയിച്ചു. പക്ഷേ ഐഎസ്‌ഐയും സിഐഎയുമായുള്ള പ്രശ്നങ്ങള്‍ മൂലമാണ്‌ തിരിച്ചുപോക്കെന്ന്‌ ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മേയ്‌ മാസത്തില്‍ ഒസാമ ബിന്‍ലാദന്റെ താവളത്തില്‍ വെച്ച്‌ അയാളെ പിടികൂടിയ അമേരിക്കന്‍ നടപടിയില്‍ പാക്കിസ്ഥാന്‍ അസന്തുഷ്ടരായിരുന്നു. സിഐഎയുടെ പ്രവര്‍ത്തന ശൃംഖലകളെ പാക്കിസ്ഥാന്‍ ഇതുമൂലം തകര്‍ത്തു. ഇതുകൂടാതെ അമേരിക്കക്കാരുടെ പാക്കിസ്ഥാനിലുള്ള യാത്രക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം പാക്കിസ്ഥാന്‍ തങ്ങളുടെ എക്കാലത്തേയും മിത്രമായ ചൈനയുമായി സൈനികവും നയതന്ത്രപരവുമായ സഖ്യം ശക്തിപ്പെടുത്താനാഗ്രഹിക്കുകയാണ്‌.
ചൈന തങ്ങളുടെ കാലങ്ങളായുള്ള പങ്കാളി ആണ്‌. തങ്ങള്‍ക്ക്‌ അവരുമായി സഹകരണവും എല്ലാ പ്രധാന വിഷയങ്ങളിലുമുള്ള ആശയവിനിമയവും ഉണ്ട്‌. ഇപ്പോള്‍ രാജ്യവും അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചിലും ചര്‍ച്ചാ വിഷയമാകും. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പാക്കിസ്ഥാന്‍ സൈനികന്‍ അഭിപ്രായപ്പെട്ടു. ചൈന വളരെ നിശബ്ദമായ നയതന്ത്രങ്ങളിലാണ്‌ വിശ്വസിക്കുന്നത്‌. അതുകൊണ്ടുതന്നെ പാര്‍ഷയുടെ സന്ദര്‍ശനം രഹസ്യമാക്കിയിരിക്കുന്നു, ഉദ്യോഗസ്ഥന്‍ തുടര്‍ന്നു. ഇന്ധനം, പ്രതിരോധം, മറ്റു പ്രധാന മേഖലകള്‍ ഇവയില്‍ ചൈനീസ്‌ നേതൃത്വം പാക്കിസ്ഥാന്‍ സഹായങ്ങള്‍ നല്‍കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌.
ഇതിനിടെ ചൈനയുമായി അടുക്കുന്നതുകൊണ്ട്‌ അമേരിക്കയുമായി പാക്കിസ്ഥാന്‌ അകല്‍ച്ചയുണ്ടെന്ന്‌ കരുതേണ്ടതില്ലെന്ന്‌ മറ്റൊരു പാക്‌ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.