പിഎഫ് ഡിപ്പാര്‍ട്ട്മെന്റും സഹാറയെ നിരീക്ഷിക്കുന്നു

Monday 22 April 2013 9:27 pm IST

ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പിന്‌ വീണ്ടും ഇരുട്ടടി. പ്രൊവിഡന്റ്‌ ഫണ്ട്‌ ഡിപ്പാര്‍ട്ട്മെന്റാണ്‌ സെബിയുടെ ഇടപാടുകള്‍ സൂക്ഷ്മപരിശോധന നടത്താന്‍ ഒരുങ്ങുന്നത്‌. രാജ്യത്തെ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷനില്‍ തൊഴിലാളികളുടെ ക്ഷേമനിധി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നതില്‍ മുന്നില്‍ സഹാറ ഗ്രൂപ്പാണ്‌. സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സഹാറ ഇന്ത്യ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, മുന്‍ സഹാറ എയര്‍ലൈന്‍സ്‌ ഉള്‍പ്പെടെ അഞ്ച്‌ കമ്പനികളാണ്‌ തൊഴിലാളികള്‍ക്ക്‌ വേണ്ടി പെന്‍ഷന്‍ ഫണ്ട്‌ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്ന അമ്പത്‌ കമ്പനികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.
സുബ്രത റോയിയുടെ ഉടമസ്ഥതതയിലുള്ള സ്ഥാപന 3,341.67 ലക്ഷം രൂപയാണ്‌ ഇപിഎഫ്‌ഒയ്ക്ക്‌ കുടിശ്ശികയിനത്തില്‍ അടയ്ക്കാനുള്ളതെന്ന്‌ അധികൃതര്‍ പുറത്തുവിട്ട ഡാറ്റയില്‍ വെളിപ്പെടുത്തുന്നു. എംപ്ലോയീസ്‌ പെന്‍ഷന്‍ പദ്ധതിയുമായിട്ടാണ്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ടിനെ ബന്ധിപ്പിച്ചിരിക്കുന്നത്‌. ഈ പദ്ധതി പ്രകാരം 12 ശതമാനം തൊഴിലാളിയുടെ വിഹിതവും 24 ശതമാനം തൊഴിലുടമയുടെ വിഹിതവുമാണ്‌. എംപ്ലോസീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ നിയമ പ്രകാരം തൊഴിലാളിയുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ അടയ്ക്കാതിരിക്കുന്നത്‌ കുറ്റകൃത്യമായിട്ടാണ്‌ വിലയിരുത്തുന്നത്‌.
ഇത്തരത്തില്‍ കേസുണ്ടായാല്‍ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‌ കുടിശ്ശിക വീണ്ടെടുക്കുന്നതിനായി തൊഴിലുടമയുടെ ആസ്തികള്‍ കണ്ടെടുക്കാവുന്നതാണ്‌.
കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം 405,420 വകുപ്പുകള്‍ പ്രകാരം കേസ്‌ ചാര്‍ജ്‌ ചെയ്യാവുന്നതുമാണ്‌.
സഹാറ ഗ്രൂപ്പിന്‌ കീഴില്‍ 10 ലക്ഷത്തില്‍ അധികം പേര്‍ ജോലിചെയ്യുന്നുണ്ടെന്ന വിധത്തില്‍ ദേശീയ പത്രമാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‌ ശേഷമാണ്‌ ഇപിഎഫ്‌ഒ സഹാറയുടെ ഇടപാടുകള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്‌. പരസ്യം പ്രസിദ്ധീകരിച്ചുവന്നതിനെ തുടര്‍ന്ന്‌ ജീവനക്കാരുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ പ്രൊവിഡന്റ്‌ ഫണ്ട്‌ ഡിപ്പാര്‍ട്ട്മെന്റ്‌ സഹാറയോട്‌ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ അയക്കുകയായിരുന്നു.
എന്നാല്‍ ഈ നോട്ടീസിനെതിരെ അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌ സഹാറ ഗ്രൂപ്പ്‌.
അതേസമയം ചെറുകിട നിക്ഷേപകരില്‍ നിന്നും 24,000 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ പേരില്‍ വിപണി നിയന്ത്രിതാവായ സെബിയുടെ അന്വേഷണം നേരിടുകയാണ്‌ സഹാറ ഗ്രൂപ്പ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.