ദല്‍ഹി പീഡനം: കൂട്ടുപ്രതി 19കാരന്‍ പിടിയില്‍

Monday 22 April 2013 11:49 pm IST

ന്യൂദല്‍ഹി: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പോലീസ്‌ പിടിയിലായി. കഴിഞ്ഞദിവസം പിടിയിലായ മനോജ്‌ കുമാറിന്റെ സുഹൃത്ത്‌ പ്രദീപ്‌ കുമാറിനെ(19)യാണ്‌ ദല്‍ഹി-ബീഹാര്‍ പോലീസിന്റെ സംയുക്ത അന്വേഷണണസംഘം ബീഹാറില്‍നിന്ന്‌ തിങ്കളാഴ്ച പുലര്‍ച്ചെ അറസ്റ്റ്‌ ചെയ്തത്‌.
ബീഹാറിലെ ദര്‍ഭംഗ ജില്ലക്കാരനായ പ്രദീപ്‌ കുമാര്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന്‌ ബീഹാര്‍ ഡിജിപി പറഞ്ഞു. പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്‌ പ്രദീപ്കുമാറാണെന്ന്‌ പോലീസ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പീഡനത്തിന്‌ ശേഷം കുട്ടിയെ കൊന്നുകളയാന്‍ മനോജ്കുമാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടി തന്റെ പേരു പറയാതിരിക്കാനായിരുന്നു മനോജ്‌ കുട്ടിയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ കുട്ടി മരിച്ചെന്നു കരുതി ഇരുവരും മൊബെയില്‍ഫോണുകള്‍ ഓഫ്‌ ചെയ്ത്‌ ദല്‍ഹിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കേസിലെ മുഖ്യപ്രതി മനോജ്കുമാറിനെ നേരത്തെ പോലീസ്‌ ബീഹാറില്‍നിന്നും അറസ്റ്റ്‌ ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയ മനോജ്‌ മെയ്‌ നാല്‌ വരെ റിമാന്റിലാണ്‌.
പെണ്‍കുട്ടിക്കു നേരേ നടന്ന ക്രൂരതയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. രാത്രി വൈകിയും കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന എയിംസ്‌ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്‌. രണ്ടായിരത്തിലധികം പോലീസുകാരെയാണ്‌ പ്രതിഷേധ പ്രകടനങ്ങള്‍ തടയുന്നതിനായി ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്‌. ഇന്നലെ പാര്‍ലമെന്റ്‌ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന്റെ സമീപത്തേക്ക്‌ എത്താതിരിക്കാന്‍ കര്‍ശന നിയന്ത്രണമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ മൂന്ന്‌ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ചെയ്തു. ഉദ്യോഗ്‌ ഭവന്‍,റേസ്‌ കോഴ്സ്‌ ,സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്‌ സ്റ്റേഷനുകളാണ്‌ അടച്ചത്‌. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ റേസ്‌ കോഴ്സ്‌ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടത്‌. പാര്‍ലമെന്റിലേക്കും ഇന്ത്യാഗേറ്റിലേക്കും പ്രതിഷേധ സമരക്കാര്‍ എത്തുന്നത്‌ തടയുന്നതിനായാണ്‌ മറ്റു രണ്ടു സ്റ്റേഷനുകളും അടച്ചത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.