മാലിന്യപ്രശ്നം; ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Monday 1 August 2011 10:10 pm IST

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നഗരസഭയിലെ മാലിന്യ പ്രശ്നത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബിജെപി കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അംഗം എസ്‌.കെ.കുട്ടന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. ചെമ്മട്ടം വയലിലെ നഗരസഭാ ട്രഞ്ചിംങ്ങ്‌ ഗ്രൌണ്ടില്‍ മാലിന്യസംസ്ക്കരണം നടക്കാത്തതിനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞ്‌ പരിസര പ്രദേശങ്ങളിലെ ജനജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്‌. മാലിന്യം ട്രഞ്ചിംങ്ങ്‌ ഗ്രൌണ്ടില്‍ നിന്ന്‌ മാറ്റുകയും സംസ്കരിക്കുകയും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നടത്തിയ പ്രക്ഷോഭ സമരത്തെത്തുടര്‍ന്ന്‌ നഗരസഭാധികൃതര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുകയും ഒരു മാസത്തിനകം മാലിന്യങ്ങള്‍ നീക്കുമെന്ന്‌ ഉറപ്പ്‌ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മാലിന്യം നീക്കാത്ത മുനിസിപ്പല്‍ അധികൃതരുടെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ചാണ്‌ ബിജെപി വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്‌. അധികൃതരുടെ അനങ്ങാപ്പാറ നയം വാന്‍ പ്രക്ഷോഭങ്ങള്‍ വിളിച്ചുവരുത്തുമെന്ന്‌ ധര്‍ണ ഉദ്ഘാടനം ചെയ്ത എസ്‌.കെ.കുട്ടന്‍ മുന്നറിയിപ്പ്‌ നല്‍കി. മാര്‍ച്ച്‌ സബ്‌ ട്രഷറിക്ക്‌ മുന്നില്‍ പോലീസ്‌ തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ അത്‌ വകവെക്കാതെ നഗരസഭാ ഓഫീസിലേക്ക്‌ നീങ്ങുകയായിരുന്നു. മുനിസിപ്പല്‍ പ്രസിഡണ്ട്‌ സി.കെ.വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.ദിവാകരന്‍ കരുണന്‍, എച്ച്‌.ആര്‍.ശ്രീധരന്‍ വിജയാ മുകുണ്ട്‌ വജ്രേശ്വരി, വാസന്ത, മഞ്ജു അശോകന്‍, കെ.ആര്‍.നാരായണന്‍, അജയകുമാര്‍ നെല്ലിക്കുന്ന്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.