തിരുവനന്തപുരം: ശിവഗിരി സന്ദര്‍ശിക്കാനെത്തുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്തിന്റെ കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി ശിവഗിരി സന്ദര്‍ശിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് മൂന്നര മണിക്കാണ് മോദി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്നത്. എയര്‍പോര്‍ട്ട് മുതല്‍ ശിവഗിരി വരെയുള്ള എല്ലാ സ്ഥലങ്ങളിലും ബി.ജെ.പി സംസ്ഥാന ഘടകം മോദിയെ സ്വീകരിക്കും. മോദിയുടെ സുരക്ഷാ ചുമതലയുള്ള കമാന്‍ഡോ സംഘം തിരുവനന്തപുരത്തെത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.
സി.പി.എമ്മും മറ്റ് ഇടതു പാര്‍ട്ടികളും മോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പരിപാടി ബഹിഷ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: