കുടിക്കാന്‍ വെള്ളമില്ല; പെരിയാര്‍വാലി കനാല്‍ കര കവിഞ്ഞൊഴുകുന്നു

Tuesday 23 April 2013 11:38 pm IST

പെരുമ്പാവൂര്‍: വേനല്‍ കടുത്തതോടെ നാനാഭാഗങ്ങളിലും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്‌. നിത്യേനയുള്ള ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പെരിയാര്‍വാലി സബ്ബ്കനാല്‍ കരകവിഞ്ഞൊഴുകുന്നത്‌ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. പെരുമ്പാവൂര്‍ പട്ടാലിലുള്ള പെരിയാല്‍ വാലി ഓഫീസില്‍ നിന്നും 3 കിമീ അകലെ രായമംഗലം പഞ്ചായത്തിലാണ്‌ കനാല്‍ കരകവിഞ്ഞൊഴുകി ജലം പാഴാക്കുന്നത്‌. ഇവിടെ നാലാം വാര്‍ഡില്‍ തട്ടാംപുറം പടിയില്‍ കനാല്‍ കരകവിഞ്ഞ്‌ റോഡിലൂടെയാണ്‌ ഒഴുകുന്നത്‌.
ചൊവ്വാഴ്ച രാവിലെ മുതല്‍ ഇത്തരത്തില്‍ വെള്ളംകവിഞ്ഞൊഴുകുന്നതായി നാട്ടുകാര്‍ പറഞ്ഞു. തട്ടാംപുറം പടിമൂരുകാവ്‌ റോഡിന്റെ ചില ഭാഗങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തിലാണ്‌ വെള്ളം ഒഴുകുന്നത്‌. പെരിയാര്‍ വാലിയുടെ മെയിന്‍ കനാലിലും രണ്ട്‌ ദിവസങ്ങളിലായി വെള്ളം അമിതമായാണ്‌ വരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇരിങ്ങോള്‍ ഭാഗത്തേക്ക്‌ പോകുന്ന സബ്കനാലിന്റെ ചിലഭാഗങ്ങളില്‍ സമീപത്തുള്ള പറമ്പുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്‌.
ആഴ്ചയില്‍ മൂന്ന്‌ ദിവസം മാത്രം കൃഷി ആവശ്യത്തിനായാണ്‌ സബ്ബ്‌ കനാലുകളിലൂടെ വെള്ളം തുറന്ന്‌ വിടുന്നത്‌. സബ്ബ്‌ കനാലുകള്‍ കവിഞ്ഞാല്‍ അടിയന്തിര നടപടിസ്വീകരിക്കുന്നതിനോ, പരിഹാരം കാണുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.