ഗുണനിലവാരമില്ലാത്ത മെത്ത നല്‍കി തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

Tuesday 23 April 2013 11:24 pm IST

മുണ്ടക്കയം: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗുണനിലവാരമില്ലാത്ത മെത്തകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന സംഘം പിടിയില്‍. കൊല്ലം ശൂരനാട് അമ്പലത്തുഭാഗം മുന്നതൈയ്യത്ത് ബിജു ഹനീഫ് (32) മീനത്ത് കിഴക്കേതില്‍ ഷിഹാബ് (27) എന്നിവരെയാണ് പെരുവന്താനം എസ്‌ഐ റ്റി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. പെരുവന്താനം സ്വദേശി പുത്തന്‍വീട്ടില്‍ ശശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. മാസങ്ങള്‍ക്ക് മുമ്പ് ശശി ഇവരുടെ കൈയ്യില്‍നിന്നം 9000 രൂപയ്ക്ക് മൂന്നു മെത്തകള്‍ വാങ്ങിയപ്പോള്‍ ഒരു മെത്ത സൗജന്യമായും കിട്ടി. അന്നു രാത്രിയില്‍ കിടക്കുവാനായി ശശി മെത്ത പ്ലാസ്റ്റിക് മാറ്റിയപ്പോല്‍ ഉള്ളില്‍നിന്നും ദുര്‍ഗന്ധം വമിച്ചു. പിറ്റേദിവസം രാവിലെ ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യവാക്കുകള്‍ കൊണ്ടുള്ള പ്രതികരണമായിരുന്നു ലഭിച്ചത്. ഇതേ തുടര്‍ന്ന് പെരുവന്താനം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പീരുമേട് കോടതിയില്‍ ഹര്‍ജിയും നല്‍കി. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും പ്രതികരണം ഇതായിരുന്നു. ഇവര്‍ ഉപയോഗിക്കുന്ന ഫോണിന്റെ സിംകാര്‍ഡ് മേല്‍വിലാസം അന്വേഷിച്ചപ്പോള്‍ അതും ഇവര്‍ നല്‍കിയ ബില്ലിന്റെ മേല്‍വിലാസമായ എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ റോയല്‍ ഫര്‍ണിഷിംഗ് ഏജന്‍സിയും അന്വേഷണത്തില്‍ വ്യാജമെന്നു തെളിഞ്ഞു. ഇവര്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് കളഞ്ഞുകിട്ടിയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. കൊല്ലത്തുള്ള അവരുടെ വീട് കേന്ദ്രീകരിച്ചാണ് മെത്തയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഉപയോഗശൂന്യമായ ചകിരി, ആശുപത്രിയില്‍നിന്നും ഉപേക്ഷിക്കുന്ന സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചാണ് മെത്തകള്‍ നിര്‍മ്മിക്കുന്നത്. ഭംഗിയുള്ള തുണികള്‍കൊണ്ട് കവര്‍ തുന്നിയാണ് ഇവര്‍ കച്ചവടം നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ ഗോപി, ഷിബു ജോണ്‍, സതീഷ്, നിയാസ്, മുഹമ്മദ് സാലി തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.