ലഡാക്കില്‍ നിന്ന്‌ ചൈന പിന്മാറണം: ഇന്ത്യ

Tuesday 23 April 2013 11:58 pm IST

ന്യൂദല്‍ഹി: ലഡാക്കിലെ ചൈനീസ്‌ കടന്നുകയറ്റത്തിനെതിരെ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ തുടരുന്നതിനിടെ കരസേനാ മേധാവി ജനറല്‍ ബിക്രംസിങ്‌ ജമ്മുകാശ്മീരിലെത്തി. കിഴക്കന്‍ ലഡാക്കിലെ ദൗലത്‌ ബേഗ്‌ ഓള്‍ഡിയില്‍ അതിര്‍ത്തി ലംഘിച്ച്‌ ചൈനീസ്‌ സേന സൈനിക പോസ്റ്റ്‌ സ്ഥാപിച്ച സാഹചര്യങ്ങള്‍ മേഖലാ കമാണ്ടര്‍മാരില്‍നിന്നും കരസേനാമേധാവി വിലയിരുത്തി.
പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ ഒരു പ്ലാറ്റൂണ്‍ മുഴുവനാണ്‌ ഇവിടെ തമ്പടിച്ചിരിക്കുന്നതെന്നാണ്‌ വിവരം. ഇതു കൂടാതെ രണ്ട്‌ ചൈനീസ്‌ ഹെലികോപ്റ്ററുകളും അതിര്‍ത്തി കടന്ന്‌ പറന്നതിന്റെ തെളിവുകള്‍ ഇന്ത്യന്‍ സൈന്യം ശേഖരിച്ചിട്ടുണ്ട്‌. കൂടുതല്‍ സൈനികരെ ചൈനീസ്‌ സേന നിലയുറപ്പിച്ച പ്രദേശത്തേക്ക്‌ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കുന്നിന്‍മുകളിലെ യുദ്ധമുറകള്‍ക്ക്‌ പരിശീലനം ലഭിച്ച ഇന്‍ഫെന്ററി റെജിമെന്റിനെയാണ്‌ പ്രദേശത്തേക്ക്‌ അയച്ചിരിക്കുന്നത്‌. ഇതിനിടെ, ഇന്ത്യാ-ചൈന മേഖലാ കമാണ്ടര്‍മാര്‍ തമ്മിലുള്ള രണ്ടാംവട്ട ഫ്ലാഗ്‌ മീറ്റിങ്ങും പരാജയപ്പെട്ടു. പ്രദേശത്തുനിന്നും സൈനികരെ മടക്കണമെന്ന്‌ ഇന്ത്യന്‍ സൈന്യം മീറ്റിംഗില്‍ ആവശ്യപ്പെട്ടു. ആദ്യം നടന്ന ഫ്ലാഗ്‌ മീറ്റിങ്ങും ഫലംകണ്ടിരുന്നില്ല. സൈനികര്‍ പട്രോളിംഗ്‌ നടത്തിയത്‌ തങ്ങളുടെ അതിര്‍ത്തിപ്രദേശത്താണെന്ന ചൈനീസ്‌ വിദേശകാര്യ വക്താവ്‌ ഹു ചുനിംങ്ങ്‌ നടത്തിയ പ്രസ്താവന സൈനികരെ പിന്‍വലിക്കില്ലെന്ന നിലപാടിന്റെ ഭാഗമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.
അതിര്‍ത്തി ലംഘിച്ച്‌ ലഡാക്കിലെ ദൗലത്‌ ബേഗ്‌ ഓള്‍ഡിയില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ്‌ സൈനികരോട്‌ മടങ്ങണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌. യഥാര്‍ത്ഥ നിയന്ത്രണരേഖ(എല്‍എസി)യിലേക്ക്‌ ചൈനീസ്‌ സൈനികര്‍ മടങ്ങണമെന്ന്‌ ഔദ്യോഗികമായി ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയ വക്താവ്‌ സയിദ്‌ അക്ബറുദ്ദീന്‍ പ്രസ്താവിച്ചു.
പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനു മുമ്പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയായിരുന്നെന്നും വക്താവ്‌ പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത്‌ പത്ത്‌ കിലോമീറ്ററോളം അകത്തേക്കു കയറിയാണ്‌ ചൈനീസ്‌ സൈനികര്‍ പോസ്റ്റ്‌ സ്ഥാപിച്ചിരിക്കുന്നതെന്ന്‌ വിദേശകാര്യമന്ത്രാലയം വക്തമാക്കി.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തേക്ക്‌ കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ട്‌. എന്നാല്‍ പ്രശ്നത്തില്‍ അയഞ്ഞ സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന സൂചനകളും വിദേശകാര്യമന്ത്രാലയ വക്താവ്‌ നല്‍കി.
ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയുമായി ബന്ധപ്പെടുത്തി പലധാരണകളും ഇരുഭാഗത്തുമുണ്ടെന്ന സയിദ്‌ അക്ബറുദ്ദീന്റെ നിരുത്തരവാദപരമായ മറുപടി ഇതിന്റെ ഭാഗമാണെന്ന്‌ കരുതുന്നു.
വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ഇന്ത്യയിലെ ചൈനീസ്‌ അംബാസഡര്‍ വെയ്‌ വെയിയെ സൗത്ത്‌ ബ്ലോക്കിലേക്ക്‌ വിളിച്ചുവരുത്തിസംഭവത്തില്‍ പ്രതിഷേധം അറിച്ചിരുന്നു. എന്നാല്‍ സൈനികര്‍ നിയന്ത്രണരേഖ മറികടന്നിട്ടില്ലെന്നും സാധാരണ പട്രോളിങ്‌ മാത്രമാണ്‌ നടത്തിയതെന്നുമാണ്‌ ചൈനയുടെ നിലപാട്‌. എന്താണ്‌ നടന്നതെന്ന്‌ അന്വേഷിക്കാമെന്നും ചൈനീസ്‌ അധികൃതര്‍ പറയുന്നുണ്ട്‌.
കിഴക്കന്‍ ലഡാക്കിലെ ദൗലത്‌ ബേഗ്‌ ഓള്‍ഡിയില്‍ ഏപ്രില്‍ 15നാണ്‌ അതിര്‍ത്തി കടന്ന്‌ ചൈനീസ്‌ സേന താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചത്‌.1986 ന്‌ ശേഷം ആദ്യമായാണ്‌ ചൈനീസ്‌ സൈന്യത്തിന്റെ ഒരു പ്ലാറ്റൂണ്‍ മുഴുവനായി ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നത്‌.
എസ്‌.സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.