പാര്‍ലമെന്റ്‌ സ്തംഭിച്ചു

Monday 1 August 2011 10:54 pm IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ വന്‍ ബഹളത്തോടെ തുടക്കം. അഴിമതി പ്രശ്നം ഉന്നയിച്ച്‌ പ്രതിപക്ഷമുണ്ടാക്കിയ ബഹളത്തില്‍ ഇരുസഭകളും സ്തംഭിച്ചു. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നടത്തിയ ശ്രമം വിഫലമായി. വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി തന്ത്രപരമായ മൗനം പാലിക്കുകയും ചെയ്തു.
ഇന്നലെ പാര്‍ലമെന്റ്‌ സമ്മേളിച്ചയുടനെ 2 ജി സ്പെക്ട്രം കുംഭകോണമുള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികള്‍ പ്രതിപക്ഷം ഉന്നയിച്ചതോടെയാണ്‌ ബഹളം തുടങ്ങിയത്‌. തുടര്‍ന്ന്‌ കഴിഞ്ഞ സമ്മേളനത്തിനിടെ അന്തരിച്ച ഹരിയാന മുന്‍ മുഖ്യമന്ത്രിയും സിറ്റിംഗ്‌ അംഗവുമായിരുന്ന ഭജന്‍ലാലിന്‌ ആദരാഞ്ജലിയര്‍പ്പിച്ച്‌ ലോക്സഭ പിരിഞ്ഞു. രാജ്യസഭയില്‍, മുന്‍ ടെലികോംമന്ത്രി എ. രാജ കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉന്നയിച്ച്‌ ബിജെപി അംഗങ്ങള്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടി. തമിഴ്പത്രങ്ങളുടെ പതിപ്പുകളുമായി എഐഎഡിഎംകെ അംഗങ്ങളും ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകരുടെ ദുരിതങ്ങള്‍ ബിഎസ്പിക്കാരും ഉന്നയിച്ചതോടെ ബഹളമയമായി. തുടര്‍ന്ന്‌ അനുശോചനക്കുറിപ്പുകള്‍ വായിച്ചശേഷം ചെയര്‍മാന്‍ ഹമീദ്‌ അന്‍സാരി സഭ പിരിയുന്നതായി അറിയിച്ചു.
അഴിമതിക്കാര്യത്തില്‍ പ്രതിപക്ഷവും കരുതിയിരിക്കണമെന്ന മുന്നറിയിപ്പോടെ പാര്‍ലമെന്റ്‌ സമ്മേളനം സുഗമമാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയാണ്‌ പ്രതിപക്ഷത്തെ പ്രകോപിതരാക്കിയത്‌. ആര്‌ ആരെയാണ്‌ ആക്രമിക്കുന്നതെന്ന്‌ സഭയില്‍ കാണാമെന്നായിരുന്നു ഇതിനോട്‌ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജ്‌ പ്രതികരിച്ചത്‌. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഇന്നലെ രാവിലെയും വ്യക്തമാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
സ്പെക്ട്രം കുംഭകോണം പരാമര്‍ശിക്കവെ പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്റ്‌ അതിനെ മുന്‍വിധിയോടെ കാണരുതെന്ന്‌ ഇന്നലെയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സ്പീക്കര്‍ മീരാകുമാറുമായി സഭാ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രശ്നങ്ങള്‍ പാര്‍ലമെന്റിനുള്ളിലാണ്‌ ചര്‍ച്ച ചെയ്യേണ്ടത്‌, പുറത്തല്ല എന്നായിരുന്നു പ്രതിപക്ഷനേതാവ്‌ സുഷമാസ്വരാജിന്റെ പ്രതികരണം. ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ മന്‍മോഹന്‍സിംഗ്‌ മലക്കംമറിയുകയും ചെയ്തു. ഇത്‌ പ്രായോഗികമല്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. എല്ലാ ഘടകങ്ങളും കണക്കിലെടുത്ത ശേഷമാണ്‌ പ്രധാനമന്ത്രിയെ നിയമപരിധിയില്‍നിന്ന്‌ മാറ്റിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 16 മുതല്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നിരാഹാരത്തിനൊരുങ്ങിയിരിക്കുന്ന കാര്യം പരാമര്‍ശിക്കവെ ലോക്പാല്‍ ബില്ലിന്റെ ഭാവി പാര്‍ലമെന്റ്‌ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിെ‍ന്‍റ മറുപടി. അഴിമതിക്ക്‌ പുറമെ, വിലക്കയറ്റം, ആഭ്യന്തര സുരക്ഷ, മാവോയിസ്റ്റ്‌ അതിക്രമങ്ങള്‍, തെലുങ്കാന, എയര്‍ ഇന്ത്യയിലെ പ്രശ്നങ്ങള്‍, ആണവവിതരണ ഗ്രൂപ്പിന്റെ മുന്‍ ഉപാധികള്‍, ശ്രീലങ്കയില്‍ ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവതരിപ്പിക്കുമെന്ന്‌ സുഷമാസ്വരാജ്‌ അറിയിച്ചു.
സ്പീക്കര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ സുഷമാസ്വരാജിന്‌ പുറമെ മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനി, സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ്‌ മുഖര്‍ജി, പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, സഹമന്ത്രിമാരായ ഹരീഷ്‌ റാവത്ത്‌, രാജീവ്‌ ശുക്ല, ഡെപ്യൂട്ടി സ്പീക്കര്‍ കരിയാമുണ്ട, ആരോഗ്യ, കുടുംബക്ഷേമവകുപ്പ്‌ സഹമന്ത്രി സുദീപ്‌ ബന്ദോപാധ്യായ, ബിഎസ്പി നേതാവ്‌ ദാരാസിംഗ്‌ ചൗഹാന്‍, ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌, സിപിഐ നേതാവ്‌ ഗുരുദാസ്ദാസ്ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.