വീണ്ടും ഫ്ളാഗ് മീറ്റ് വേണമെന്ന് ഇന്ത്യ

Wednesday 24 April 2013 4:19 pm IST

ന്യൂദല്‍ഹി: ലഡാക്കിലെ അതിര്‍ത്തി പ്രശ്നം പരിഹാരത്തിനായി വീണ്ടും ഫ്ളാഗ് മീറ്റ് വേണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തോട് ചൈന പ്രതികരിച്ചില്ല. ചൈനീസ് സൈന്യം അതിര്‍ത്തി മറികടന്നുവെന്ന വിഷയത്തില്‍ രണ്ടു തവണ ഫ്ളാഗ് മീറ്റ് നടത്തിയിരുന്നു. അതിര്‍ത്തി മറികടന്നിട്ടില്ലെന്നാണ് ചൈനീസ് വാദം. ലഡാക്ക് മേഖലയില്‍ ഇന്ത്യ നടത്തുന്ന പാലം, റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ദൗലത്ത് ഓള്‍ഡ് ബേഗി മേഖലയിലെ ഇന്ത്യന്‍ പട്രോളിങ് അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അതിനിടെ പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നു വരികയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്ര സല്‍മാന്‍ ഖുര്‍ഷിദും അറിയിച്ചു. ഇപ്പോഴത്തെ പ്രശ്നം ഇന്ത്യ-ചൈന ബന്ധത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 15നാണ് ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചതായി ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറങ്ങാനുള്ള താവളങ്ങള്‍ ഇരു രാജ്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഏഴായിരത്തോളം സൈനികരെയാണ് ചൈന ലഡാക്ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.