ദല്‍ഹി പീഡനം: കൈക്കൂലി വാഗ്ദാനംചെയ്ത പോലീസുകാരനെ തിരിച്ചറിഞ്ഞു

Wednesday 24 April 2013 11:12 pm IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത്‌ ബലാത്സംഗത്തിനിരയായ അഞ്ചു വയസുകാരിയുടെ അച്ഛന്‌ കൈക്കൂലി വാഗ്ദാനം ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞെന്ന്‌ റിപ്പോര്‍ട്ട്‌. ദല്‍ഹി പോലീസുമായി അടുത്ത വൃത്തങ്ങളാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം മറച്ചുവയ്ക്കാന്‍ ബാലികയുടെ അച്ഛന്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ 2000 രൂപ വാഗ്ദാനം ചെയ്തെന്നാണ്‌ ആരോപണം. കൈക്കൂലി നല്‍കാമെന്ന്‌ പറഞ്ഞതാരെന്ന്‌ തെളിയിക്കാന്‍ കോണ്‍സ്റ്റബിള്‍ മുതല്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍വരെയുള്ള 13 പോലീസുകാരുടെ ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ അച്ഛനെ കാണിച്ചിരുന്നു. ഇതില്‍ നിന്നു തന്നെ സമീപിച്ച ഉദ്യോഗസ്ഥനെ അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
ഏപ്രില്‍ 15നാണ്‌ ബാലികയെ അയല്‍വാസിയായ മനോജ്‌ എന്നയാളും സുഹൃത്തായ പ്രദീപ്‌ കുമാറും ചേര്‍ന്ന്‌ കിഴക്കന്‍ ദല്‍ഹിയിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട്‌ പീഡിപ്പിച്ചത്‌. 40 മണിക്കൂറുകള്‍ക്കുശേഷം സംഭവം പുറംലോകമറിഞ്ഞു. മനോജിനെയും പ്രദീപിനെയും ബീഹാറില്‍ നിന്ന്‌ പിന്നീട്‌ അറസ്റ്റ്‌ ചെയ്തു. ഇതിനിടെയായിരുന്നു, സംഭവത്തെക്കുറിച്ച്‌ പരാതിപ്പെടാതിരിക്കാന്‍ ഒരു പോലീസുകാരന്‍ ബാലികയുടെ അച്ഛന്‌ പണം വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്‌. തുടര്‍ന്ന്‌ ദല്‍ഹിയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
അതിനിടെ, ബാലികയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും ശരീരത്തിലെ മുറിവുകള്‍ ഉണങ്ങുന്നതായും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ശാരീരികമായ അസ്വസ്ഥതകളില്‍ നിന്ന്‌ കുട്ടി ഏറെക്കുറെ മോചിതയായിക്കഴിഞ്ഞു. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്‌. മൂത്രാശയസംബന്ധമായ അസുഖങ്ങളില്ല. ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കുന്നുണ്ട്‌, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒാ‍ഫ്‌ മെഡിക്കല്‍ സയന്‍സസ്‌ സൂപ്രണ്ട്‌ ഡോ. ഡി.കെ. ശര്‍മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.