ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രാവശ്യം ട്രിബ്യൂണല്‍ തള്ളി

Thursday 25 April 2013 3:53 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മൂന്ന് മാസം സമയം വേണമെന്ന കേന്ദ്ര ആവശ്യം ട്രിബ്യൂണല്‍ തള്ളി. തീരുമാനം ഉടന്‍ വേണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍.മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ എന്നിവര്‍ സമര്‍പ്പിച്ച  ശുപാര്‍ശകളില്‍ ഏത് നടപ്പാക്കണമെന്ന് മെയ് 30നകം തീരുമാനിക്കണമെന്ന് കേന്ദ്രത്തോട് ദേശീയ ഹരിത ട്രിബ്യൂണല്‍  ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ ജൈവസമ്പത്ത്  സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രിബ്യൂണലിന്റെ വിധി. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചത്. ഈ റിപ്പോര്‍ട്ടില്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താന്‍ മൂന്നുമാസം സമയം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍ പശ്ചിമഘട്ടത്തിലെ ജൈവസമ്പത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും  ഉടന്‍ വ്യക്തമായ തീരുമാനമെടുത്ത് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ജസ്റ്റിസ് സ്വതന്ത്ര്യകുമാര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന കേരളത്തിന്റെ വാദം പരിഗണിക്കുന്നത് ട്രിബ്യൂണല്‍ അടുത്ത മാസത്തേക്ക് മാറ്റി. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലെ കാലതാമസത്തിനെതിരായി ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി. മാധവ് ഗാഡ്ഗില്‍ സമിതി പശ്ചിമഘട്ട മലനിരകളെ കുറിച്ച് പഠിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിക്കുന്നതിനായി സമിതി രൂപീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.