മരുന്നു പരീക്ഷണം: ഏഴു വര്‍ഷത്തിനുള്ളില്‍ മരിച്ചത് 2,644 പേര്‍

Thursday 25 April 2013 5:59 pm IST

ന്യൂദല്‍ഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് മരുന്നു പരീക്ഷണത്തിനിടെ 2,644 പേര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2005 മുതല്‍ 2012 വരെയുള്ള ഏഴു വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ മരിച്ചത്. അനധികൃത മരുന്നു പരീക്ഷണത്തിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയത്. 11,972 പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായി. 57,303 പേര്‍ പരീക്ഷണത്തിനു വിധേയരായി. 39,022 പേര്‍ പരീക്ഷണം പൂര്‍ത്തിയാക്കി. പരീക്ഷണം നടത്തിയ 475 മരുന്നുകളില്‍ 17 എണ്ണത്തിനു മാത്രമാണ് വിപണന അനുമതി ലഭിച്ചത്. പരീക്ഷണത്തിന് അനുമതി ലഭിച്ചതില്‍ ഭൂരിപക്ഷവും വിദേശ കമ്പനികളാണ്. ബേയര്‍ കമ്പനിയുടെ റിവാറോക്‌സാബന്‍, നൊവാര്‍ടിസ് കമ്പനിയുടെ അലിസ്‌കിരന്‍ എന്നീ മരുന്നുകളുടെ പരീക്ഷണത്തിലാണ് ഏറ്റവും അധികം മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. റിവാറോക്‌സാബന്‍ ആദ്യമായി മനുഷ്യ ശരീരത്തില്‍ പരീക്ഷിച്ചത് 2008ല്‍ ആയിരുന്നു. ആ വര്‍ഷം 21 പേര്‍ മരിച്ചു. എന്നാല്‍ കമ്പനിയുടെ കണക്കില്‍ അഞ്ചു പേര്‍ മാത്രമാണുള്ളത്. ഈ അഞ്ചു പേരില്‍ രണ്ടു പേരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാര തുക നല്‍കിയിട്ടുള്ളത്. ഇത്തവണ 125 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അലിസ്‌കിരന്‍ കഴിഞ്ഞ വര്‍ഷമാണ് മനുഷ്യനില്‍ പരീക്ഷിച്ചത്. ഇത് 47 പേരുടെ മരണത്തിന് ഇടയാക്കി. മരുന്നു പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മരുന്നു പരീക്ഷണം അനിവാര്യമാണെന്നും എന്നാല്‍ അനധികൃത പരീക്ഷണങ്ങള്‍ തടയാന്‍ കര്‍ശന നടപടി എടുക്കുമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം. ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമഭേദഗതി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.