നാറാത്തെ ഭീകരത

Thursday 25 April 2013 11:43 pm IST

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനും ഭീകരവാദപ്രവര്‍ത്തനം ശക്തമാക്കാനും ലക്ഷ്യമിട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ തെളിവാണ്‌ കണ്ണൂരിലെ നാറാത്ത്‌ പോലീസ്‌ കണ്ടെത്തിയ ഭീകരവാദ പരിശീലനകേന്ദ്രം. നാടന്‍ബോംബുകളും ആയുധങ്ങളുമായി 21 പേരാണ്‌ പോലീസ്‌ പിടിയിലായത്‌.
കലാപത്തിന്‌ ആഹ്വാനംചെയ്യുന്ന ലഘുലേഖകളും പിടിച്ചെടുത്തു. ആരാധനാലയം പോലും ആയുധപ്പുരകളാക്കുന്ന സംഘടനയുടെ രീതി മാറാട്‌ കൂട്ടക്കൊലയില്‍ നാം കണ്ടതാണ്‌. അതേസമയം പോലീസ്‌ റെയ്ഡ്‌ ഒരു ദിവസം മനഃപൂര്‍വം താമസിച്ചത്‌ മുസ്ലീംലീഗിന്റെ ഇടപെടല്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോടുള്ള ലീഗിന്റെ സൗഹാര്‍ദ്ദപരമായ സമീപനത്തിന്റെ തെളിവാണിത്‌. കേസ്‌ എന്‍ഐഎ ഏറ്റെടുക്കുകയാണ്‌. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഭീകരപരിശീലനക്യാമ്പ്‌ എന്നാണ്‌ ലഭ്യമായ വിവരം. പരിശോധനയില്‍ മൊബെയില്‍ ഫോണുകള്‍, 11 എടിഎം കാര്‍ഡുകള്‍, വിദേശ കറന്‍സി, തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുതലായവ പിടിച്ചെടുത്തു. യോഗ പരിശീലനകേന്ദ്രമെന്നാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വം അവകാശപ്പെട്ടത്‌. എങ്കില്‍ എന്തിന്‌ ബോംബുകളും വടിവാളുകളും എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. കൂടാതെ ഒരു മനുഷ്യന്റെ കോലം നിര്‍മ്മിച്ച്‌ അതിലാണ്‌ വാള്‍ വെട്ട്‌ പരിശീലനം നടത്തിയിരുന്നതത്രേ. 21 പേരാണ്‌ ഇവിടെ പിടിയിലായത്‌. മറ്റ്‌ സംസ്ഥാനക്കാര്‍ ആയുധപരിശീലനം നേടിയതായി ഇവര്‍ സമ്മതിച്ചു.
കേരളത്തില്‍ ഭീകരവാദവും അട്ടിമറിശ്രമങ്ങളും ശക്താകുന്നു എന്നതിന്റെ സൂചനതന്നെയാണിത്‌. കണ്ണൂര്‍ കൂടാതെ മാനന്തവാടി, പനമരം മുതലായ മേഖലയിലേക്ക്‌ ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മാറാട്‌ കൂട്ടക്കൊലയുടെ വാര്‍ഷികം അടുത്തുവരികയാണ്‌. പോപ്പുലര്‍ ഫ്രണ്ട്‌ വന്‍ അക്രമപദ്ധതി ഒരുക്കിയാണ്‌ ആയുധപരിശീലനം നടത്തിയിരുന്നത്‌ എന്നാണ്‌ അനുമാനം. മുസ്ലീംലീഗിന്റെ മൗനാനുമതിയോടെയുള്ള ഈ പ്രവര്‍ത്തനം വ്യാപക അക്രമം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു എന്ന സംശയവും ബലപ്പെടുന്നു. ലഘുലേഖകള്‍, യോഗത്തിന്റെ മിനിറ്റ്സ്‌, സിഡികള്‍ എന്നിവ പോലീസ്‌ കണ്ടെടുത്തു. പോലീസ്‌ റെയ്ഡില്‍ പ്രതിഷേധിച്ച്‌ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. അന്വേഷണച്ചുമതലയുള്ള 15 അംഗ സംഘത്തെ നയിക്കുന്നത്‌ എഡിജിപി ശങ്കര്‍റെഡ്ഡിയാണ്‌. കേസിന്റെ ഭീകരവാദസ്വഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചശേഷം കേസ്‌ എന്‍ഐഎ ഏറ്റെടുക്കണമോ എന്ന്‌ തീരുമാനിക്കും. ക്യാമ്പിന്‌ വിദേശസഹായം ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. അഞ്ചുവര്‍ഷം മുമ്പ്തന്നെ നാറാത്ത്‌ ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിന്റെ പേരിലാണ്‌ സ്ഥലവും കെട്ടിടവും വാങ്ങിയത്‌. തണല്‍ എന്ന പേരില്‍ സേവന പ്രവര്‍ത്തനവും വൈദ്യപരിശോധനയും മറ്റും നടത്തിയത്‌ ഭീകരവാദബന്ധം മറയ്ക്കാനായിരുന്നു. മതവിദ്വേഷം വളര്‍ത്തി ഒരു പ്രത്യേക സമുദായത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്‌ സംഘം ലീഡര്‍ അബ്ദുള്‍ അസീസിന്‌ വിദേശഫണ്ട്‌ ലഭിച്ചിട്ടുണ്ടത്രേ. ഇവര്‍ക്ക്‌ വിദേശപരിശീലനവും ലഭിച്ചിട്ടുണ്ടോ എന്നത്‌ അന്വേഷണവിധേയമാണ്‌.
എന്തുകൊണ്ട്‌ മതനിരപേക്ഷ കേരളത്തില്‍ മതതീവ്രവാദം ശക്തിപ്പെടുന്നു. നരേന്ദ്ര മോദിക്കെതിരെ ഘോരഘോരം പ്രസംഗിച്ച സിപിഎം നേതാവ്‌ പിണറായി വിജയനും ഭീകരവാദക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുമായി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയയാളാണ്‌. നരേന്ദ്ര മോദിയില്‍ ഹിന്ദുതീവ്രവാദം ആരോപിക്കുന്നവര്‍ മുസ്ലീം സമുദായത്തിലെ മതതീവ്രവാദത്തെ പാലൂട്ടി വളര്‍ത്തുന്നതും വോട്ടുബാങ്ക്‌ ലക്ഷ്യമിട്ടാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്‌ കേസ്‌ എന്‍ഐഎ അന്വേഷിക്കണമെന്ന്‌ നിര്‍ദ്ദേശിക്കേണ്ടത്‌. അറസ്റ്റിലായവര്‍ക്ക്‌ വിദേശത്തുനിന്ന്‌ ധനസഹായവും ലഭ്യമായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഈ ഭീകരവാദ പരിശീലനം കണ്ണൂരില്‍ ഒതുങ്ങുന്നില്ല എന്നതും വയനാട്ടിലേക്കും ഇത്‌ വ്യാപിക്കുന്നു എന്നതും ആശങ്ക പരത്തുന്ന വസ്തുതയാണ്‌. മാവോയിസ്റ്റുകള്‍ ആദിവാസി മേഖലകളിലും വയനാടന്‍ ഗ്രാമങ്ങളിലും സജീവമാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ ലഭിച്ചിരുന്നു. ഉത്തര കേരളമാണ്‌ ഇന്ന്‌ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി രൂപംകൊള്ളുന്നത്‌. ന്യൂനപക്ഷ വര്‍ഗീയത പോലെ ന്യൂനപക്ഷ ഭീകരവാദവും സഹിഷ്ണുതയോടെ പരിഗണിക്കുന്ന, മുസ്ലീംലീഗിന്‌ പങ്കാളിത്തമുള്ള യുഡിഎഫ്‌ സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള മെല്ലെപ്പോക്ക്‌ അപകടസൂചനയാണ്‌ നല്‍കുന്നത്‌. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പുലര്‍ത്തുന്നവര്‍ മതതീവ്രവാദത്തിന്‌ അയിത്തം കല്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭീകരവാദത്തിന്റെ വിത്ത്‌ പാകിയ കേരളത്തില്‍ രാഷ്ട്രീയ-പോലീസ്‌ നിസ്സംഗത അപകടസാധ്യത ഒരുക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.