കോട്ടയം: ശിലാസ്ഥാപനപ്പെരുമഴയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ 27, 28 തീയതികളില്‍ ശിലാസ്ഥാപനവും ഉദ്ഘാടനവും നടക്കുന്ന പദ്ധതികള്‍ വിവരിച്ചത്. 27ന് രണ്ട് ശിലാസ്ഥാപനവും നാല് ഉദ്ഘാടനവും 28ന് ഒരു ശിലാസ്ഥാപനവുമാണ് പരിപാടികള്‍. ഈ മാസം 30ന് കരാര്‍ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ സ്ഥാനം രാജി വയ്ക്കണം.
27ന് രാവിലെ 9.30ന് ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയിലെ വനിതാ വാര്‍ഡിന്റെ ഉദ്ഘാടനം മന്ത്രി ശിവകുമാറും എക്സ്റേ യൂണീറ്റിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വ്വഹിക്കും. 10.30ന് ഹോമിയോ ആശുപത്രി മന്ദിരത്തിന് മന്ത്രി ശിവകുമാര്‍ ശിലയിടും. ഉച്ചയ്ക്ക് 2.30ന് ജില്ലാ ആശുപത്രിയില്‍ വനിതാ വാര്‍ഡിന് മന്ത്രി ശിവകുമാര്‍ ശിലയിടും. ഓപ്പറേഷന് തീയേറ്ററിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനം ജോസ് കെ.മാണി നിര്‍വ്വഹിക്കും. 28ന് വൈകിട്ട് 4ന് പാനപാടി ജില്ലാ കാര്‍ഷിക വിപണന കേന്ദ്രത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തും. രണ്ടു പദ്ധതി ജില്ലാ പഞ്ചായത്ത് ഫണ്ടും രണ്ട് പദ്ധതി സംസ്ഥാന കേന്ദ്ര ഫണ്ടുമാണ്. പാമ്പാടിയില്‍ ജില്ലാ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് ഇതുവരെയും കരാറായിട്ടില്ല. സാധാരണ മാര്‍ച്ചിലാണ് ഉദ്ഘാടന മാമാങ്കം. ഇത് സാമ്പത്തിക വര്‍ഷാരംഭത്തില്‍തന്നെ ഉദ്ഘാടന-ശിലാസ്ഥാപന മാമാങ്കം നടത്തി കലാശക്കൊട്ടിനുള്ള തിരക്കിലാണ്.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ സാലിജോര്ജ്, ഫില്‍സണ്‍മാത്യൂസ്, ജോസ് മോന് മുണ്ടക്കല്‍, സെക്രട്ടറി തോമസ് കുട്ടി സെബാസ്റ്റ്യന്‍ , ഗവണ്മെന്റ് ജോയിന്റ് സെക്രട്ടറി ഫിനാന്‍സ് ഓഫീസര്‍ കെ.പുഷ്പനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: