വയനാട്ടില്‍ കോളറ: രണ്ട് പേര്‍ മരിച്ചു; 6 പേര്‍ ഗുരുതരാവസ്ഥയില്‍

Friday 26 April 2013 2:26 pm IST

വയനാട്: വയനാട് ജില്ലയില്‍ കോളറ ബാധിച്ച് രണ്ട് ആദിവാസി യുവാക്കള്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വയനാട് കൊളവയല്‍ അമ്പതാംമൈല്‍ കോളനിയിലെ മുരുകേശന്‍ രൂക്ഷമായ വയറിളക്കം മൂലമാണ് മരിച്ചത്.

രോഗത്തിന് ചികിത്സ തേടിയ പത്ത് പേരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആറു പേരില്‍ രണ്ടു പേര്‍ മെഡിക്കല്‍ കോളേജിലും, രണ്ടു പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും, രണ്ടു പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ്. സമീപത്തുള്ള മറ്റു കോളനികളിലേക്കും രോഗ ബാധ പടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഇതിനിടെ കോളനികളിലെ ശുചിത്വമില്ലായ്മയും കുടിവെള്ള ക്ഷാമവുമാണ് കോളറ ക്രമാധീതമായി പടരാന്‍ കാരണമെന്ന് വയനാട് ഡിഎംഒ ഡോ. എ. സമീറ പറഞ്ഞു. വയനാട്ടിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേകം പരിശീനം നല്‍കുമെന്നും ഡിഎംഒ പറഞ്ഞു.

കഴിഞ്ഞു നാലു മാസത്തിനുള്ളില്‍ കോളറ ബാധിച്ച് വയനാട്ടില്‍ നിന്ന് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ജനുവരിയിലാണ് വയനാട്ടില്‍ ആദ്യമായി കോളറ റിപ്പോര്‍ട്ട് ചെയ്തത്. 2011 ല്‍ 116 പേര്‍ക്ക് കോളറ ബാധിക്കുകയും ആറു പേര്‍ മരിക്കുകയും ചെയ്തു. 2012ല്‍ 112 പേര്‍ക്ക് കോളറ പിടിപെട്ടപ്പോള്‍ അഞ്ചു പേര്‍ മരിച്ചു. കര്‍ണാടകയില്‍ ഇഞ്ചി പണിക്കു പോയി തിരികെ എത്തിയ ആളുകള്‍ക്കാണ് കോളറ ബാധിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വയനാട്ടിലെ കോളറ ബാധ അപകടകരമാം വിധം വ്യാപിക്കുകയാണ്. കോളറ ബാധിതരില്‍ ഏറെയും ആദിവാസികളാണ് എന്നത് രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നു. പരിമിതമായ ചികിത്സാ സൗകര്യങ്ങള്‍ മാത്രമാണ് വയനാട്ടില്‍ ലഭ്യമായിട്ടുള്ളു എന്നതിനാല്‍ വിദഗ്ധ ചികിത്സക്കായി രോഗികളെ രണ്ടര മണിക്കൂര്‍ യാത്ര ദൈര്‍ഘ്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.