ധോണി കൂടെയുള്ളത്‌ ഇന്ത്യയുടെ ഭാഗ്യം: മൂഡി

Friday 26 April 2013 9:58 pm IST

ചെന്നൈ: മഹേന്ദ്രസിംഗ്‌ ധോണി ടീമിലുള്ളത്‌ ഇന്ത്യയുടെ ഭാഗ്യമാണെന്ന്‌ മുന്‍ ആസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി. 31കാരനായ ധോണിയെന്ന പ്രത്യേകതയുള്ള കളിക്കാരനെ നായകനായി ലഭിച്ചത്‌ ടീമിന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ്‌ സണ്‍റൈസേഴ്സ്‌ ഹൈദരാബാദിന്റെ പരിശീലകന്‍ കൂടിയായ മൂഡിയുടെ വിലയിരുത്തല്‍. ധോണി വളരെ പ്രത്യേകതയുള്ള മനുഷ്യനാണ്‌. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ലാളിത്യവും. കളിയുടെ ഏതു മേഖലയിലുമാകട്ടെ അദ്ദേഹത്തിന്റെ പ്രകടനം വേറിട്ടതാണ്‌. അദ്ദേഹം ഏറെ പ്രത്യേകതകളുള്ള ക്രിക്കറ്റ്‌ കളിക്കാരനും ഒപ്പം നായകനുമാണ്‌. ചെന്നൈയും ഇന്ത്യയും അദ്ദേഹത്തെ നായകനായി ലഭിച്ചതിനാല്‍ ഭാഗ്യം ചെയ്തിരിക്കുന്നു, മൂഡി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ ധോണി നേടിയ മിന്നുന്ന അര്‍ധ സെഞ്ച്വറിയാണ്‌ ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈക്ക്‌ വിജയം സമ്മാനിച്ചത്‌. ഫൈനല്‍ സ്കോറിനൊപ്പം പത്തോ പതിനഞ്ചോ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതായിരുന്നു. അതിന്റെ കുറവാണ്‌ അവസാന ഓവറില്‍ തങ്ങളെ പരാജയപ്പെടുത്തിയതെന്ന്‌ മൂഡി വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ബാറ്റിംഗ്‌ താളം വീണ്ടെടുത്ത്‌ ടീം മുന്നോട്ടുപോയി. ഷിക്കാര്‍ ധവാനും ആഷിഷ്‌ റെഡ്ഡിയും മികച്ച ബാറ്റിംഗാണ്‌ കാഴ്ചവച്ചത്‌. മൈതാനത്ത്‌ നല്ല പ്രകടനം നടത്തിയെങ്കിലും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്‌ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. ട്വന്റി 20 മത്സരത്തില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ പ്രതീക്ഷിച്ച കൂറ്റന്‍ സ്കോര്‍ നേടാന്‍ കഴിയില്ല. എന്തായാലും ടീമംഗങ്ങളുടെ പരിശ്രമത്തില്‍ താന്‍ സന്തുഷ്ടനാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ടീം കഠിനമായി പരിശ്രമിച്ചു. അവസാന പന്തു വരെ പോരാടാന്‍ കഴിയുമെന്ന്‌ തങ്ങള്‍ തെളിയിച്ചു. ടീമിലെ ഓരോ കളിക്കാരനും സാഹചര്യം മനസ്സിലാക്കി തന്റെ മികച്ച പ്രകടനം പരമാവധി കാഴ്ചവച്ചതില്‍ അഭിമാനിക്കുന്നു. മികവുറ്റ ടീമായ ചെന്നൈയോട്‌ കെട്ടുറപ്പോടെ ടീം മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. ഇത്‌ ജനങ്ങളെ സാക്ഷിയാക്കി മനോഹരമായി തെളിയിച്ചു.
അമിത്‌ മിശ്രയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടതിനെയും മികച്ച ഫോമില്‍ ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ആഷിഷ്‌ റെഡ്ഡിക്ക്‌ അവസാന ഓവര്‍ എറിയാന്‍ നല്‍കിയതിനെയും മൂഡി ന്യായീകരിച്ചു. മറ്റുള്ളവര്‍ക്ക്‌ ആ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണ്‌. ട്വിന്റി 20 മത്സരത്തില്‍ എല്ലാം അവിചാരിതമാണ്‌. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്നതിനാലാണ്‌ മിശ്രയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടത്‌. കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിടുമ്പോള്‍ അങ്ങനെ ചെയ്യേണ്ടിവരുമെന്നും മൂഡി ചൂണ്ടിക്കാട്ടി.
ചെന്നൈ ഒരോവറില്‍ പത്തു റണ്‍സ്‌ വീതം സ്കോര്‍ ചെയ്യുന്ന ടീമാണ്‌. അതിനാല്‍ മിശ്രയെ ആദ്യം വിട്ടത്‌ ടീമിന്‌ പെട്ടെന്ന്‌ കൂറ്റന്‍ സ്കോര്‍ കണ്ടെത്താനായിരുന്നു. എന്നാല്‍ ഡാരന്‍ സാമിക്കു പകരം ആശിഷ്‌ റെഡ്ഡിയെ പന്തെറിയാന്‍ നിയോഗിച്ച നായകന്റെ തീരുമാനം ആ സമയത്തെ സമ്മര്‍ദത്തിന്റെ ഫലമായാണ്‌. അവസാന ഓവറില്‍ ധോണിയെപ്പോലൊരു ബാറ്റ്സ്മാനു നേരെ പന്തെറിയുക ദുഷ്കരമാണ്‌. പ്രത്യേകിച്ചും ധോണി മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍. പിന്നെ സംഭവിക്കുന്നതിന്‌ നായകനെയും ബൗളറെയും കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. മൂഡി പറഞ്ഞു.
ഭാവിയുടെ വാഗ്ദാനമായ ലെഗ്‌ സ്പിന്നര്‍ കരണ്‍ ശര്‍മ വിവിധ ശൈലിയില്‍ ആക്രമണോത്സുകമായ ബൗളിംഗ്‌ കാഴ്ചവയ്ക്കാന്‍ കഴിവുള്ളയാളാണ്‌. ലെഗ്‌ സ്പിന്നറാണെങ്കിലും വ്യത്യസ്തമായ ശൈലിക്കുടമയാണ്‌. പോരാത്തതിന്‌ മികച്ച പോരാളിയും. അതിനാലാണ്‌ ശര്‍മയെ താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്‌. നാല്‌ ഓവറുകള്‍ എറിഞ്ഞ്‌ വെറും എട്ട്‌ റണ്‍സാണ്‌ ശര്‍മ വഴങ്ങിയത്‌. കരണ്‍ നന്നായി പന്തെറിയുകയായിരുന്നു ഇതുവരെ. കളിക്കിടയില്‍ ധവാന്‌ പരുക്കേറ്റെങ്കിലും ബാറ്റ്സ്മാന്മാര്‍ നന്നായി കളിച്ചെന്നും മൂഡി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.