അതിര്‍ത്തിയിലെ ചൈനീസ്‌ അതിക്രമം

Friday 26 April 2013 10:33 pm IST

"ഹിന്ദി ചീനി ഭായ്‌ ഭായ്‌" എന്ന്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘോഷിച്ചിരുന്ന കാലത്താണ്‌ ചൈന ഇന്ത്യയെ 1962 ല്‍ ആക്രമിച്ച്‌ ഇന്ത്യയ്ക്ക്‌ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്‌. ചൈനാ-ഇന്ത്യാ അതിര്‍ത്തി തര്‍ക്കം അന്നുമുതല്‍ തുടങ്ങിയതാണല്ലൊ. ഇപ്പോഴും അരുണാചല്‍പ്രദേശ്‌ ഇന്ത്യയുടെ ഭാഗമാണെന്നംഗീകരിക്കാത്ത ചൈന അരുണാചല്‍ നിവാസികള്‍ക്ക്‌ പാസ്പോര്‍ട്ട്‌ പോലും വേണ്ടെന്ന നിലപാടിലാണ്‌. ചൈന ടിബറ്റ്‌ കൈയേറി ചൈനയുടെ ഭാഗമാക്കുക മാത്രമല്ല, ടിബറ്റന്‍ സംസ്ക്കാരം പോലും ചൈന ഉന്മൂലനം ചെയ്തപ്പോള്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ഇപ്പോഴും ചൈനീസ്‌ കൈയേറ്റത്തിനെതിരെ ടിബറ്റില്‍ ആത്മഹത്യകള്‍ അരങ്ങേറുന്നു. ചൈനീസ്‌ പ്രധാനമന്ത്രി ലികെക്വിയങ്ങ്‌ മെയ്‌ മൂന്നാംവാരം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ്‌ ഈ പുതിയ പ്രകോപനം. ലഡാക്കിന്റെ ഭസ്പാങ്ങില്‍ കടന്നുകയറിയ ചൈന ഇനിയും ഒഴിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. ഏപ്രില്‍ 15 ന്‌ നാല്‍പ്പതോളം ചൈനീസ്‌ ഭടന്മാര്‍ 15 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക്‌ കടന്നുകയറിയിരിക്കുകയാണ്‌. നാലായിരത്തിലധികം കിലോ മീറ്റര്‍ നിര്‍ണയിക്കാത്ത അതിര്‍ത്തി പങ്കിടുന്ന ശക്തികളാണ്‌ ഇന്ത്യയും ചൈനയും. ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുമിച്ച്‌ വളരാനുള്ള സ്ഥലം ലോകത്തുണ്ട്‌ എന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന പോലും സങ്കീര്‍ണമായ ഈ അതിര്‍ത്തി പ്രശ്നത്തിന്‌ പരിഹാരം കണ്ടെത്തിയിട്ടില്ല. ഇന്ത്യ-ചൈന ബന്ധം ശക്തമാക്കണമെന്ന ഇന്ത്യയുടെ ആഗ്രഹത്തിന്റെ പ്രസക്തി അമേരിക്ക ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ്‌. അതിര്‍ത്തി പ്രശ്നപരിഹാരത്തിന്‌ ചര്‍ച്ച തുടരുമ്പോഴും ഭരണസുതാര്യത ഇല്ലാത്ത ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക പരിഹാരം ദുഷ്ക്കരമാണ്‌.
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 15 കിലോമീറ്റര്‍ കടന്നുകയറി. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍, സെക്യൂരിറ്റി ഫോഴ്സിനോട്‌ മുഖാമുഖം എത്തിയിരിക്കുകയാണ്‌ ചൈന. സൈനിക ഹെലികോപ്റ്റര്‍ വിന്യാസമായിരുന്നു ഇതിന്‌ ഇന്ത്യയുടെ മറുപടി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി എന്നത്‌ സ്വാഗതാര്‍ഹമാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ചൈന അനാവശ്യമായ പ്രകോപനം സൃഷ്ടിച്ചാണ്‌ പല രാജ്യങ്ങളുമായി കര-കടല്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത്‌. ഇപ്പോള്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ മെയ്‌ ഒന്‍പതിന്‌ ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്‌. ചൈനീസ്‌ കടന്നുകയറ്റത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രതിരോധമന്ത്രി ആന്റണിയെ ധരിപ്പിച്ചിട്ടും ഉണ്ട്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലുള്ള ചൈന സ്റ്റഡി ഗ്രൂപ്പിനേയും സ്ഥിതിഗതികള്‍ കരസേനാധിപന്‍ അറിയിച്ചിട്ടുണ്ട്‌. സൈന്യത്തിന്റെ ദീര്‍ഘകാലാവശ്യം ചൈനീസ്‌ സേനയെ ലഡാക്കില്‍നിന്നും തുരത്തണമെന്നാണ്‌. യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക്‌ 10 കിലോമീറ്റര്‍ ഉള്ളില്‍വരെ ചൈനീസ്‌ അധിനിവേശം ഉണ്ടെങ്കിലും നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നാണ്‌ ചൈനയുടെ അവകാശവാദം. ചൈനീസ്‌ സൈന്യം 10 ദിവസമായി ലഡാക്കില്‍ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇനിയും നിലപാട്‌ വ്യക്തമാക്കാതെ നയതന്ത്രതല ചര്‍ച്ചകള്‍ തുടരുകയാണെന്ന മറുപടിയാണ്‌ നല്‍കുന്നത്‌. കരസേനാമേധാവി കഴിഞ്ഞ രണ്ടുദിവസമായി അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി. ദെസ്‌ പാംഗ്‌ മേഖലയില്‍ താവളമുറപ്പിച്ചിരിക്കുന്ന പ്രദേശം തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ഇരു സൈന്യങ്ങളേയും 300 മീറ്റര്‍ അകലത്തില്‍ നേര്‍ക്കുനേര്‍ എത്തിച്ചിരിക്കുകയാണ്‌.
കരസേനാ മേധാവി ഇത്‌ ഗൗരവമായാണ്‌ കാണുന്നതും. രണ്ട്‌ ഫ്ലാഗ്‌ മീറ്റിംഗ്‌ കഴിഞ്ഞ ശേഷവും സ്ഥിതിഗതികളില്‍ മാറ്റം വരാതെ മൂന്നാമത്തെ ഫ്ലാഗ്‌ മീറ്റിംഗിനെപ്പറ്റി ചര്‍ച്ച നടക്കുകയാണ്‌. സല്‍മാന്‍ ഖുര്‍ഷിദിന്റെ ചൈനാ സന്ദര്‍ശനത്തില്‍ അതിര്‍ത്തി കടന്നുകയറ്റം ചര്‍ച്ച ചെയ്യുമോ എന്ന്‌ വ്യക്തമല്ല. ഏതായാലും ഇന്ത്യാ-ചൈനാ മുഖാമുഖം ബിജെപിയെ ആശങ്കയിലാക്കുന്നു എന്നതിന്റെ തെളിവാണ്‌ കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ജനങ്ങളില്‍നിന്ന്‌ ഒളിച്ചുവെക്കരുതെന്നും രാഷ്ട്രീയപാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകണമെന്നുമുള്ള ബിജെപിയുടെ ആഹ്വാനം. നയതന്ത്രതലത്തില്‍ ഇന്ത്യ പൂര്‍ണ പരാജയമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ചൈനീസ്‌ സൈന്യം നിര്‍മിച്ച ടെന്റുകള്‍ പൊളിച്ചുമാറ്റണം എന്ന്‌ പറയാനുള്ള ധൈര്യം കാണിക്കാത്തത്‌. ഈ പ്രശ്നം ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കില്ലെന്ന്‌ ഉറപ്പിച്ച്‌ പറയുന്ന ചൈനീസ്‌ വിദേശകാര്യവക്താവ്‌ പക്ഷെ ആവര്‍ത്തിക്കുന്നത്‌ ചൈനീസ്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ്‌. ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തിന്‌ സംവിധാനം നിലവിലുണ്ട്‌. പ്രതിരോധകാര്യവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ നടക്കുന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ്‌ കമ്മറ്റിയിലെ ബിജെപി അംഗങ്ങള്‍ പ്രതിരോധമന്ത്രാലയത്തിലെയും സൈന്യത്തിലെയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണമെന്ന ആവശ്യവും രേഖാമൂലം നല്‍കിക്കഴിഞ്ഞു. നിസ്സംഗനായ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്റെ കീഴില്‍ അതേ നിസ്സംഗത പ്രകടിപ്പിക്കുന്ന പ്രതിരോധമന്ത്രി ചൈനീസ്‌ സൈനിക ഹെലികോപ്റ്ററുകള്‍ 300 കിലോമീറ്റര്‍ ഇന്ത്യയിലേയ്ക്ക്‌ കടന്നിട്ടും നിശ്ശബ്ദത തുടരുന്നത്‌ ആശങ്കാജനകമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.