ദുരിതങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ വേണം സീതാലയം

Friday 26 April 2013 11:12 pm IST

രേണുകയ്ക്ക്‌ കണ്ണീരൊഴിഞ്ഞ സമയമേയില്ല, കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്‌ കിട്ടുന്നത്‌ മദ്യഷാപ്പില്‍ കൊടുക്കുവാന്‍ തികയുന്നില്ല. രേണുക ചെറിയ ചെറിയ ജോലികള്‍ചെയ്താണ്‌ രണ്ട്‌ കുട്ടികള്‍ അടങ്ങുന്ന കുടംബം പുലര്‍ത്തുന്നത്‌. ആ തുച്ഛമായ വരുമാനം പോലും മദ്യത്തിന്‌ വേണ്ടി തട്ടിപ്പറിക്കുകയും നിരന്തരമായി ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. രേണുകയുടെ ദുഖം ഒറ്റപ്പെട്ടതല്ല. ജീവിതദുരന്തങ്ങളില്‍ പകച്ച്‌ നില്‍ക്കുന്നവര്‍ ധാരളമുണ്ട്‌ സമൂഹത്തില്‍.
മൊബെയില്‍ ഫോണിന്റെയും മിസ്സ്ഡ്‌ കോളിന്റെയും ഇന്റര്‍നെറ്റിന്റെയും സ്വാധീനത്തില്‍ മനസ്സിന്റെ താളം തെറ്റുന്ന കൗമാരപ്രായക്കാര്‍, ദാമ്പത്യ പ്രശ്നങ്ങളും വിവാഹേതര ബന്ധം കൊണ്ടും മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാത്തവര്‍, രോഗങ്ങളും പട്ടിണിയും വലയ്ക്കുന്നവര്‍..
ഓരോ വ്യക്തിയുടെയും ജീവിതം പോകുന്നത്‌ വ്യത്യസ്തമായ വഴികളിലൂടെയായിരിക്കും . ഓരോ വഴിയിലും പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്‌. ഇത്തരം സംഘര്‍ഷങ്ങള്‍ക്ക്‌ കൂടുതലും അടിമപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും സ്ത്രീകളാണ്‌. വീട്ടിലും കുടുംബത്തിലും തൊഴിലിടങ്ങളിലും മാത്രമല്ല യാത്ര ചെയ്യുന്ന ബസിലും ട്രെയിനിലും പോലും വിവിധയിനം സംഘര്‍ഷങ്ങളിലൂടെയാണ്‌ ഓരോ സ്ത്രീയും ഓരോ ദിവസവും കടന്നുപോകുന്നത്‌.
സ്ത്രീകളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനാണ്‌ കേരള സര്‍ക്കാരിന്റെ ശ്രമം. സീതാലയം എന്ന പദ്ധതിയാണ്‌ ഇതിന്‌ തുടക്കം കുറിക്കുന്നത്‌. ഹോമിയോപ്പതി വകുപ്പും കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെയാണ്‌ ഇത്തരത്തിലൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്‌. പതിവ്‌ ആശുപത്രി സേവനങ്ങളില്‍ നിന്ന്‌ വിഭിന്നമായി ചികിത്സ, കൗണ്‍സലിങ്ങ്‌ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു. കൂടാതെ ആരോഗ്യ വകുപ്പ്‌, സാമൂഹ്യ ക്ഷേമ വകുപ്പ്‌, ആഭ്യന്തര നിയമ വകുപ്പുകള്‍, വനിതാ കമ്മീഷന്‍ എന്നിവയുടെ സഹകരണവും സീതാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്‌. കേരളത്തിലെ 14 ജില്ലകളിലെയും ജില്ലാ ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ്‌ സീതാലയം പ്രവര്‍ത്തിക്കുന്നത്‌.
സീതാലയത്തിലെ മുഴുവന്‍ ജീവനക്കാരും സ്ത്രീകളാണ്‌. ആശ്വാസം തേടി ഇവിടെ എത്തുന്ന സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍, ആശങ്കകള്‍, വിഷാദങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍ തുടങ്ങിയവയെല്ലാം തുറന്നു പറയുമ്പോള്‍ അത്‌ കൃത്യമായി അളന്നെടുക്കുവാനും അവരുടെ ശാരീരിക വ്യതിയാനങ്ങളെ മനസ്സിലാക്കുവാനും ഇവര്‍ക്ക്‌ സാധിക്കുന്നു.
കാസര്‍ഗോഡ്‌ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ സീതാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്‌. കൗമാരപ്രായത്തിലുള്ള കുട്ടികളും ഇതിന്റെ ഉപഭോക്താക്കാളായി മാറിക്കഴിഞ്ഞിട്ടുണ്ട്‌. കൗമാരം ജിവിതത്തിലെ ഒരു പ്രധാനഘട്ടമാണെന്നതുപോലെ വളരെയേറെ പ്രശ്നഭരിതവുമാണ്‌. ടെലിവിഷന്‍, മൊബെയില്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സാങ്കേതികവിദ്യകളുടെ അമിതമായ ഉപയോഗം ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പല പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ട്‌. ഇങ്ങനെയുള്ള കൗമാരപ്രായക്കാരായ കുട്ടികള്‍ സീതാലയത്തിന്റെ സേവനം ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ ഗാര്‍ഹികപീഡനവും തൊഴില്‍ സ്ഥലത്തെ പീഡനവും സീതാലയത്തില്‍ ധാരാളമായി എത്തിച്ചേരുന്ന പ്രധാനപ്രശ്നങ്ങളാണ്‌. മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങളും ധാരാളമായുണ്ട്‌. ഇത്തരം കേസുകളിലെല്ലാം മിക്കപ്പോഴും ശാരീരികവും മാനസികവുമായ പീഡനങ്ങളും ഉള്‍പ്പെട്ടിരിക്കും. ഭര്‍ത്താവ്‌, അമ്മായിഅമ്മ, മേലുദ്യോഗസ്ഥന്‍ തുടങ്ങിയവരുടെയെല്ലാം പീഡനത്തിനിരയായ ഒട്ടേറെ സ്ത്രീകള്‍ ഇവിടെ സേവനം തേടിയെത്തിയിട്ടുണ്ട്‌.
രണ്ട്‌ ഡോക്ടര്‍മാരും ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാണ്‌ സീതാലയത്തിലെ ചികിത്സാ-കൗണ്‍സലിങ്‌ കാര്യങ്ങള്‍ നോക്കുന്നത്‌. ഫാര്‍മസിസ്റ്റിന്റെയും അറ്റന്‍ഡറുടെയും സേവനവും ഇവിടെ ലഭ്യമാണ്‌. രോഗിയുടെ മാനസിക - വൈകാരിക - ശാരീരിക അവസ്ഥകളെ ആശ്രയിച്ച്‌ നിര്‍ണ്ണയിക്കുന്ന ഹോമിയോപ്പതി മരുന്നുകളുടേയും സൈക്കോളജിസ്റ്റ്‌ നല്‍കുന്ന കൗണ്‍സിലിങ്ങിന്റെയും സേവനത്തിലൂടെ ഇവിടെ എത്തുന്നവര്‍ക്ക്‌ സാന്ത്വനവും സമാധാനവും ലഭിക്കുന്നു. പുനരധിവാസ കേന്ദ്രങ്ങളിലേക്ക്‌ ആരെയെങ്കിലും അയക്കേണ്ട സാഹചര്യത്തില്‍ അത്‌ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിവരുന്നുണ്ട്‌. സ്ത്രീകളെയും കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികളെയും സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളെയും അതിന്റേതായ ഗൗരവത്തോടെ പരിഗണിക്കുകയും വിവരങ്ങളുടെ സ്വകാര്യത സസൂക്ഷ്മം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. എത്തിച്ചേരുന്നവര്‍ക്ക്‌ ആവശ്യമാണെങ്കില്‍ വേണ്ട നിയമ പരിരക്ഷാ നിര്‍ദ്ദേശങ്ങളും നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകരും അംഗനവാടി പ്രവര്‍ത്തകരും ക്ലബുകളും സീതാലയത്തില്‍ സജീവമായി പങ്കാളികളാകുന്നു. അംഗനവാടി ടീച്ചര്‍മാരുടെ ട്രെയിനിങ്‌ പ്രോഗ്രാമില്‍ ഇത്തരം ബോധവല്‍ക്കരണക്ലാസ്സുകള്‍ക്ക്‌ നല്ല പ്രതികരണമാണ്‌ കിട്ടുന്നത്‌. കൂടാതെ സ്കൂള്‍/കോളേജ്‌ അധികൃതര്‍, ജനമൈത്രീപോലീസ്‌, വനിതാ സെല്‍, മജിസ്ട്രേറ്റ്‌ കോടതി, കുടുംബ കോടതി, താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റി, ചെയില്‍ഡ്‌ ലൈന്‍ എന്നിവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സീതാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തേകുന്നു.
കുടുംബം ഒരു സമൂഹത്തിന്റെ അടിത്തറയാണ്‌. അതുകൊണ്ട്‌ തന്നെ കുടുംബാന്തരീക്ഷം നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ ശ്രമങ്ങള്‍ അത്യാവശ്യമാണ്‌. കോടതികളില്‍ ഏറി വരുന്ന പീഡന/ ഗാര്‍ഹിക പീഡന കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവയ്ക്ക്‌ മീഡിയേഷന്‍ വഴി, വേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വയ്ക്കുവാന്‍ സീതാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധിക്കുന്നുണ്ട്‌. തുടക്കത്തില്‍ സൂചിപ്പിച്ച രേണുക (പേര്‌ സാങ്കല്‍പ്പികമാണ്‌) ഇന്ന്‌ അതിനുള്ള ഏറ്റവും വലിയ തെളിവാണ്‌. സീതാലയത്തോടുള്ള നന്ദി സൂക്ഷിച്ച്‌ സുഖകരമായ ഒരു ദാമ്പത്യജീവിതം നയിക്കുകയാണ്‌ രേണുകയിപ്പോള്‍. രേണുകയെപ്പോലെ സീതാലയത്തിന്റെ സേവനം തേടി ആശ്വാസം നേടിയ ഒട്ടേറെപ്പേര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലായി ഉണ്ടെന്നതാണ്‌ ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.
കെ. സതീശന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.