ലഡാക്കിലെ ചൈനീസ്‌ അധിനിവേശം: കേന്ദ്രം സ്ഥിരീകരിച്ചു

Friday 26 April 2013 11:34 pm IST

ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ ലഡാക്കില്‍ നിയന്ത്രണരേഖ ലംഘിച്ച്‌ ചൈനീസ്‌ സൈന്യം അധിനിവേശം നടത്തിയകാര്യം കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ സ്ഥിരീകരിച്ചു. 19 കിലോമീറ്ററോളം അതിക്രമിച്ചു കയറിയ ചൈനീസ്‌ സൈന്യം ദൗലത്‌ ബെഗ്‌ ഓള്‍ഡി മേഖലയില്‍ ടെന്റുകള്‍ കെട്ടിയെന്നും നിലവിലെ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്ന്‌ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും പ്രതിരോധം സംബന്ധിച്ച പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ വകുപ്പ്‌ സെക്രട്ടറി ശശികാന്ത്‌ ശര്‍മ വ്യക്തമാക്കി. എന്നാല്‍ ദുര്‍ബലവും അവ്യക്തവുമായ വിശദീകരണം തള്ളിയ സമിതി മേയ്‌ 30ലെ അടുത്ത യോഗത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ വെളിപ്പെടുത്തണമെന്ന ബിജെപി അംഗങ്ങളായ പ്രകാശ്‌ ജാവേദ്കര്‍, മുക്താര്‍ അബ്ബാസ്‌ നവ്ഖി എന്നിവരുടെ ആവശ്യപ്രകാരമാണ്‌ പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം.
ലഡാക്കില്‍ 19 കിലോമീറ്ററോളം ഉള്ളില്‍ക്കയറി ചൈനീസ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി കൂടാരങ്ങള്‍ കെട്ടിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രതയോടെ നീരിക്ഷണം നടത്തുന്നു.
ഫ്ലാഗ്‌ മീറ്റിങ്ങുകളും നയതന്ത്ര മാര്‍ഗങ്ങളുമടക്കം ഇപ്പോഴുള്ള സംവിധാനങ്ങളില്‍ വിഷയം ഉയര്‍ത്തികാട്ടിക്കഴിഞ്ഞു. ലഡാക്കില്‍ നിലവിലെ സ്ഥിതി തുടരുക എന്ന വ്യവസ്ഥയില്‍ ചൈനയെ സമവായത്തിലെത്തിക്കാനാണ്‌ ശ്രമം, ശശികാന്ത്‌ ശര്‍മ സമിതിക്കു മുന്‍പാകെ വ്യക്തമാക്കി.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ പലേടത്തും യഥാര്‍ഥ നിയന്ത്രണരേഖ വരച്ചിട്ടില്ല.
എന്നാല്‍ ചിലയിടങ്ങളില്‍ അതുണ്ട്‌. യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കം, നിരന്തരമായ അതിര്‍ത്തി ലംഘനം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുടെ നിലപാട്‌ ഫ്ലാഗ്‌ മീറ്റിങ്‌, ഹോട്ട്‌ ലൈന്‍, നയതന്ത്ര ഉപാധികള്‍ എന്നിവ വഴി ചൈനിസ്‌ സൈനിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പാര്‍ലമെന്റി സമിതിയെ ബോധിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.