കല്‍മാഡിയെ ചെയര്‍മാനാക്കിയത് പ്രധാനമന്ത്രിയുടെ അറിവോടെ

Tuesday 2 August 2011 3:40 pm IST

ന്യൂദല്‍ഹി: കോമണ്‍‌വെല്‍ത്ത് സംഘാടക സമിതി ചെയര്‍മാനായി സുരേഷ് കല്‍മാഡിയെ നിയമിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് സി.എ.ജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കും. ദല്‍ഹിയില്‍ നടന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ രണ്ടായിരം കോടി രൂപ ചെലവഴിക്കാന്‍ സുരേഷ് കല്‍മാഡിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയത് തെറ്റായിരുന്നുവെന്നും സി.എ.ജി കണ്ടെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് കല്‍മാഡിക്ക് ഇത്രയും അധികാരം ലഭിച്ചത്. ഗെയിംസുമായി ബന്ധപ്പെട്ട പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കല്‍മാഡിയുടെ നേതൃത്വത്തിലാണ് നടന്നത്. ഈ നിര്‍മ്മാണത്തെക്കുറിച്ചെല്ലാം പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അധ്യക്ഷനെന്ന നിലയില്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്കാണ് 2003ല്‍ കല്‍മാഡി അപേക്ഷ നല്‍കിയത്. കേന്ദ്ര കായിക മന്ത്രിയെ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഈ തീരുമാനം പെട്ടെന്ന് മാറ്റി. കല്‍മാഡിയെ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനാക്കുകയായിരുന്നു. ഇതില്‍ അന്നന്നെ കായിക മന്ത്രി വിയോജിപ്പ് അറിയിച്ചിരുന്നതായും സി.എ.ജിയുടെ റിപ്പൊര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.