കല ജീവിതമാക്കി മടവൂര്‍

Saturday 27 April 2013 10:37 pm IST

കളിയരങ്ങിലെ സര്‍വകലാവല്ലഭന്‌ ഇന്ന്‌ ശതാഭിഷേകം. പച്ചയും കത്തിയും താടിയും മിനുക്കുവേഷങ്ങളുമടക്കം ഏതെടുത്താടിയാലും കഥാപാത്രങ്ങളിലേക്ക്‌ പരകായപ്രവേശം നടത്താന്‍ കരുത്തുള്ള മടവൂരിന്‌ ആയിരം പൂര്‍ണചന്ദ്രന്മാരെക്കണ്ട ആയുസ്സിന്റെ അനുഗ്രഹവര്‍ഷം. കളരിയിലും അരങ്ങിലും ആശാനായിത്തീര്‍ന്ന മടവൂര്‍ വാസുദേവന്‍നായരുടെ എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌ ലോകമെങ്ങുമുള്ള ശിഷ്യഗണങ്ങള്‍.
കേരള കലാമണ്ഡലത്തിന്റെ ഡീനായും സംസ്ഥാന അവാര്‍ഡ്‌ കമ്മിറ്റിയുടെ ചെയര്‍മാനായുമൊക്കെ എണ്‍പത്തിയഞ്ചാം വയസിലും സാംസ്കാരിക വേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന മടവൂര്‍ വാസുദേവന്‍നായര്‍ ജീവിതത്തെ കലയായി അനുനിമിഷം ആസ്വദിക്കുകയാണ്‌. ഈ പ്രായത്തിലും കഥകളി ഉപജീവനമാക്കിയ അപൂര്‍വവ്യക്തിത്വങ്ങളില്‍ ഒരാളാണ്‌ അദ്ദേഹം. കളിയരങ്ങില്‍ ഇന്ന്‌ അറിയപ്പെടുന്ന കലാകാരന്മാരെയൊക്കെ ഉയര്‍ത്തിക്കാട്ടാന്‍ പിന്നില്‍ നിരവധിപേരുള്ളപ്പോള്‍ എന്നും ഒതുങ്ങിക്കൂടാനാഗ്രഹിച്ച ആശാനെ പത്മഭൂഷണ്‍ നേടിയശേഷമാണ്‌ കലാകേരളം അംഗീകരിക്കാന്‍ തയാറായത്‌.
തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ കാരോട്ട്‌ പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി 1929 ഏപ്രില്‍ ഏഴിനാണ്‌ ജനനം. പന്ത്രണ്ടാംവയസില്‍ മടവൂര്‍ പരമേശ്വരന്‍പിള്ള ആശാന്റെ കീഴില്‍ കഥകളി പഠനം ആരംഭിച്ചു. കുറച്ചുകാലം കുറിച്ചി കുഞ്ഞന്‍പണിക്കരായിരുന്നു ഗുരു. പതിനാറാം വയസുമുതല്‍ നീണ്ട 12 വര്‍ഷം ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ കീഴില്‍ ഗുരുകുലസമ്പ്രദായത്തില്‍ അഭ്യാസം. ആ കാലത്തുതന്നെ ആദ്യവേഷക്കാരനായിത്തീര്‍ന്ന മടവൂര്‍ 30 വയസുവരെ സ്ത്രീവേഷം കെട്ടിയാടി. പില്‍ക്കാലത്ത്‌ ചെങ്ങന്നൂരിന്റെ പാത പിന്തുടര്‍ന്ന്‌ കത്തിവേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ചിട്ടയായ അഭ്യാസം, അതുല്യമായ അഭിനയചാതുരി, ഔചിത്യം, കഥാപാത്രബോധം, പുരാണ പരിചയം എന്നിവ മടവൂരിന്റെ പ്രത്യേകതകളാണ്‌. ബാണന്‍, ജരാസന്ധന്‍, കീചകന്‍, ദുര്യോധനന്‍, രാവണന്‍ തുടങ്ങി എല്ലാ കത്തിവേഷങ്ങളും ആ കരങ്ങളില്‍ ഭദ്രമായിരുന്നു. ഹനുമാന്‍, കാട്ടാളന്‍, ഹംസം, മിനുക്കുവേഷങ്ങള്‍ എന്നിവയിലും മടവൂര്‍ തിളങ്ങി. പച്ചവേഷങ്ങളില്‍ പ്രധാനമായവയെല്ലാം കൈകാര്യം ചെയ്തു. കലാമണ്ഡലത്തിന്‌ പുറമെ പകല്‍ക്കുറി കലാഭാരതിയിലും അധ്യാപകനായ മടവൂരിന്‌ ശിഷ്യസമ്പത്തും ഏറെ. കലാമണ്ഡലത്തിനൊപ്പവും അല്ലാതെയും സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന്‌ വേദിയാണ്‌ മടവൂര്‍ പിന്നിട്ടത്‌.
പത്മഭൂഷണ്‍, കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്‌, കേരള സംസ്ഥാന കഥകളി പുരസ്കാരം, തുളസീവനം അവാര്‍ഡ്‌, കലാമണ്ഡലം ഫെലോഷിപ്പ്‌, വീരശ്യംഖല.... ഇങ്ങനെ നീളുന്നു ലഭിച്ച അംഗീകാരങ്ങള്‍. കഥകളിയില്‍ തെക്കന്‍ ശൈലിയുടെ തമ്പുരാന്‍ എന്ന്‌ കേള്‍വികേട്ട മടവൂര്‍ ഇപ്പോള്‍ കൊല്ലം കാവനാട്‌ കേളീമന്ദിരത്തിലാണ്‌ താമസം. കഥകളിക്കൊപ്പം കഥകളി സംഗീതത്തിലുള്ള പാടവവും മടവൂരിനെ വേറിട്ടുനിര്‍ത്തുന്നു. പെന്‍ഷന്‍ പദ്ധതി ആരംഭിക്കുംമുമ്പ്‌ കലാമണ്ഡലത്തില്‍ നിന്ന്‌ വിരമിച്ച മടവൂരിന്റെ ആശ്രയം അരങ്ങുകളാണ്‌.
ജീവിതം തന്നെ കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച മടവൂര്‍ ലോകജീവിതവും ഒരു കലയായി കാണുന്നു. സുദര്‍ശനക്രിയയും യോഗയുമൊക്കെ മടവൂരിനെ ശതാഭിഷേകത്തിലും യുവാവാക്കുന്നു. മടവൂരിന്റെ സ്ത്രീവേഷം കാണാനുള്ള ആഗ്രഹത്തില്‍ ആസ്വാദകരുടെ നിര്‍ബന്ധം കൊണ്ട്‌ സമീപകാലത്ത്‌ കെട്ടിയ കുന്തിയെ അദ്ദേഹം അവിസ്മരണീയമാക്കി. രാവണവിജയത്തിലെ (രംഭാപ്രവേശം) രാവണന്‍ ശങ്കരാഭരണ രാഗത്തില്‍ ശിവനെ സ്തുതിക്കുന്ന രംഗം കഥകളി ആസ്വാദകരുടെ മനസ്സില്‍നിന്നു മായില്ല. ഒരുവര്‍ഷം നൂറിലധികം വേഷമിടാറുള്ള മടവൂര്‍ കെട്ടാത്ത വേഷം അപൂര്‍വമാണ്‌.
കാലക്രമത്തില്‍ കഥകളിയ്ക്ക്‌ ഏറെ മോടി വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി മാറ്റങ്ങള്‍ പാടില്ലെന്ന പക്ഷക്കാരനാണ്‌ മടവൂര്‍. വള്ളത്തോള്‍ പരശുരാമനെ പരിഷ്ക്കരിച്ച്‌ കിരീടം മാറ്റി. അത്‌ ജനങ്ങള്‍ ഉള്‍ക്കൊണ്ടുവെങ്കിലും മറ്റുവേഷങ്ങള്‍ക്ക്‌ അത്തരം നാടകീയത പറ്റില്ല. കഥകളിയില്‍ പുരാണ കഥകളല്ലാതെ മറ്റ്‌ കഥകള്‍ കടന്നുവരുന്നത്‌ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. കഥകളിയുടെ ദൈര്‍ഘ്യം ഇന്ന്‌ കുറഞ്ഞുവരുന്നു. നേരം പുലരുവോളം കളികാണുവാനുള്ള ക്ഷമ കാണികള്‍ക്കുമില്ല. അതുകൊണ്ടുതന്നെ നടന്‌ വേഷം പൂര്‍ണതൃപ്തിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗുരു ചെങ്ങന്നൂരിന്റെ ബന്ധുവായ സാവിത്രിയാണ്‌ ഭാര്യ. മധു, മിനി ബാബു, ഗംഗാതമ്പി എന്നിവര്‍ മക്കളാണ്‌.
കരവാളൂര്‍ ബി. പ്രമോദ്കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.