എം.എം. മണിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; പ്രധാന കുറ്റം ഒഴിവാക്കി

Saturday 27 April 2013 10:56 pm IST

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്ന എം.എം മണി മണക്കാടു നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന കുറ്റങ്ങള്‍ ഒഴിവാക്കി പോലീസ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ്‌ രമ്യ മേനോന്‍ മുമ്പാകെയാണ്‌ ഇന്നലെ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. കൊലക്കുറ്റം, ഗൂഢാലോചന തുടങ്ങിയ നിര്‍ണ്ണായക വകുപ്പുകളാണ്‌ പോലീസ്‌ ഒഴിവാക്കിയത്‌. പൊതുജന മദ്ധ്യത്തില്‍ പോലീസിന്റെ മാന്യത നഷ്ടപ്പെടുത്തുക, ഭീതി പരത്തുക, ലഹളയ്ക്ക്‌ ആഹ്വാനം നല്‍കുക തുടങ്ങിയവയാണ്‌ എം.എം. മണിക്കെതിരെ പോലീസിന്റെ കുറ്റപത്രത്തിലുള്ള ആരോപണങ്ങള്‍.
കഴിഞ്ഞ മെയ്‌ 25നായിരുന്നു മണക്കാടു രാഷ്ട്രീയ വിശദീകരണയോഗത്തിനിടെ മണിയുടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണു വിവാദമായത്‌. ഇതേതുടര്‍ന്ന്‌ കൊലപാതകത്തിനായി ഗൂഢാലോചന, കൊലപാതകത്തെകുറിച്ച്‌ അറിഞ്ഞിട്ടും ഇതു മറച്ചുവെയ്ക്കല്‍, പോലീസിനെ ഭീഷണിപ്പെടുത്തല്‍ എന്നീകുറ്റങ്ങള്‍ക്കു ഐപിസി 302, 109, 118 വകുപ്പുകള്‍ പ്രകാരമാണു മണിക്കെതിരെ പോലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്‌.
പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ പന്നീട്‌ അഞ്ചേരി ബേബി വധക്കേസില്‍ മണിയെ പോലീസ്‌ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ 52 ദിവസം ജയിലിലില്‍ റിമാന്‍ഡിലായിരുന്ന മണിക്കു കോടതി പിന്നീട്‌ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു മണി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിവാദപ്രസംഗം ഇപ്പോഴും മണി തുടരുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ചുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്‌.
മണക്കാടു പ്രസംഗം സംബന്ധിച്ച കേസ്‌ തള്ളണമെന്നാവശ്യപ്പെട്ടു മണി ഹൈക്കോടതിയെയും പിന്നീട്‌ സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും കോടതി മണിയുടെ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.മണക്കാട്‌ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ്‌ ശാസ്ത്രീയ പരിശോധന നടത്തി മണിയുടേതാണ്‌ ശബ്ദമെന്നു സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ചു നിരവധി സാക്ഷിമൊഴികളും പോലീസ്‌ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനും എറണാകുളം റേഞ്ച്‌ ഐജി കെ. പദ്മകുമാര്‍ ഡിവൈഎസ്പി ആന്റണി തോമസുമായി ചര്‍ച്ച നടത്തിയശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്‌.
എം.എം. മണിക്കെതിരെ അഞ്ചേരി വധക്കേസില്‍ കൊലക്കുറ്റം, ഗൂഢാലോചന തുടങ്ങിയവ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രസംഗത്തിനെതിരെയുള്ള കേസില്‍ വീണ്ടും കൊലക്കുറ്റം ചുമത്തുന്നത്‌ കേസിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുള്ള നിയമ വിദഗ്ദ്ധരുടെ അറിയിപ്പിനെ തുടര്‍ന്നാണ്‌ പ്രധാന കുറ്റങ്ങളില്‍ നിന്ന്‌ മണിയെ ഒഴിവാക്കിയതെന്നും സൂചനയുണ്ട്‌. എറണാകുളം റേഞ്ച്‌ ഡിഐജി പദ്മകുമാറിന്റെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ അന്വേഷണ സംഘം തലവന്‍ എസ്പി പ്രകാശ്‌, തൊടുപുഴ ഡിവൈഎസ്പി ആന്റണി തോമസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ്‌ കേസന്വേഷണം നടത്തിവരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.