ദല്‍ഹിയില്‍ വീണ്ടും പെണ്‍കുഞ്ഞ്‌ പീഡനത്തിന്‌ ഇരയായി

Sunday 28 April 2013 1:34 am IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ അരക്ഷിതാവസ്ഥ മുതലെടുത്ത്‌ വീണ്ടും പെണ്‍കുഞ്ഞിനു നേരെ അതിക്രൂരമായ പീഡനം. തെക്കന്‍ ദല്‍ഹിയിലെ ബദര്‍പൂരില്‍ പൊതുടോയ്‌ലറ്റില്‍വെച്ചാണ്‌ ആറുവയസ്സുകാരി ക്രൂര പീഡനത്തിനിരയായത്‌. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കീറിമുറിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. കഴുത്തിലും ആഴമേറിയ മുറിവുകളുണ്ടായിരുന്നു. എയിംസില്‍ പ്രവേശിക്കപ്പെട്ട കുഞ്ഞ്‌ ഐസിയുവില്‍ ചികിത്സയിലാണ്‌. അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയയാക്കിയ കുട്ടി അപകടനില തരണം ചെയ്തെങ്കിലും ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന്‌ ഡോ.ബിപ്ലാബ്‌ മിശ്ര അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ്‌ കുട്ടിയെ ടോയ്‌ലറ്റില്‍ അബോധാവസ്ഥായില്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പൊതുടോയ്‌ലറ്റിന്റെ നടത്തിപ്പുകാരനെയും മറ്റൊരാളെയും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. 22ഓളം പേരെ ഇതിനകം ചോദ്യം ചെയ്തതായാണ്‌ പോലീസ്‌ പറയുന്നത്‌. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ വഴിയാത്രക്കാരനാണ്‌ നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചത്‌. തൊട്ടടുത്ത ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടി കുളിക്കാനായി പൊതു ടോയ്‌ ലറ്റില്‍ എത്തിയപ്പോഴായിരുന്നു പീഡനം നടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ബലൂണ്‍ വില്‍പ്പനക്കാരനായ പിതാവിനൊപ്പമാണ്‌ പെണ്‍കുട്ടിയും കുടുംബവും ഇവിടെ കഴിഞ്ഞിരുന്നത്‌. പീഡനശ്രമം കുട്ടി ചെറുത്തതോടെയാണ്‌ അക്രമി മുറിവേല്‍പ്പിച്ചതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.
അതിനിടെ ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചു വിടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ബിജെപി സംസ്ഥാന നേതൃത്വം രാഷ്ട്രപതി പ്രണബ്മുഖര്‍ജിയെ സന്ദര്‍ശിച്ചു. രാജ്യതലസ്ഥാനത്തിന്റെ ക്രമസമാധാനനില തകര്‍ന്നതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും 239എഎ വകുപ്പുകള്‍ ഉപയോഗിച്ചുകൊണ്ട്‌ സര്‍ക്കാരിനെ പരിച്ചുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രശ്നത്തെ ഗൗരവമായി എടുക്കാമെന്നും പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്നും ബിജെപി നേതാക്കള്‍ക്ക്‌ രാഷ്ട്രപതി ഉറപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.