പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍ നിന്നും കേരളത്തിന് വെള്ളം കിട്ടും

Sunday 28 April 2013 4:55 pm IST

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ കാരാര്‍ പ്രകാരം കേരളത്തിന് സെക്കന്റില്‍ 100 ഘനയടി ജലം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചു. പകരം ശിരുവാണി ഡാമില്‍ നിന്ന് 40 ഘനയടി ജലം തമിഴ്‌നാടിന് വിട്ടു നല്‍കാനും ധാരണയായി. തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ടി.രാമലിംഗവുമായി തിരുവനന്തപുരത്ത് കേരളാ ജലവിഭവ മന്ത്രി പി.ജെ.ജോസഫും സംഘവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പറമ്പിക്കുളം​-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം ലഭിക്കാത്തതുമൂലം പാലക്കാട് ജില്ലയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നതായി മന്ത്രി ജോസഫ് തമിഴ്‌നാടിനെ അറിയിച്ചു. വരള്‍ച്ച കാരണം ഇതു വരെ 44 കോടി രൂപയുടെ നഷ്ടമുണ്ടായതായും കേരളം വ്യക്തമാക്കി. കേരളം നേരത്തെ തന്നെ പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നേരത്തെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ കരാര്‍ ലംഘനത്തില്‍ തീരുമാനമുണ്ടാക്കാന്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന തീരുമാനത്തിലെത്തിയിരുന്നു. അടിയന്തരമായി കേരളത്തിനുള്ള വിഹിതം അനുവദിക്കുക, കരാര്‍ ലംഘനങ്ങള്‍ പരിഹരിക്കുക എന്നീ കാര്യങ്ങളാണ് ചര്‍ച്ചയില്‍ കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.