പാക്കിസ്ഥാനിലെ ക്രൂരത

Sunday 28 April 2013 10:18 pm IST

പാകിസ്ഥാന്റെ തടവറയില്‍ ഇന്ത്യന്‍ തടവുകാരനായ സരബ്ജിത്‌ സിംഗ്‌ ക്രൂരമായി ആക്രമിക്കപ്പെട്ടത്‌ അത്യന്തം ഗൗരവമേറിയ സംഭവമാണ്‌. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ സരബ്ജിത്‌ മരണവുമായി മല്ലിടുകയാണ്‌.അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന്‌ 22 വര്‍ഷം മുമ്പ്‌ പാക്കിസ്ഥാന്റെ പിടിയിലായ സരബ്ജിതിനെ സ്ഫോടനക്കേസില്‍ പ്രതിയാക്കിയാണ്‌ ജയിലിലടച്ചത്‌. ലാഹോറിലും മുള്‍ട്ടാനിലുമുണ്ടായ സ്ഫോടനക്കേസിലാണ്‌ ഇയാളെ ഉള്‍പ്പെടുത്തിയത്‌.
സംഭവവുമായി ഒരു ബന്ധവുമില്ലെന്ന്‌ അറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഇയാള്‍ക്കെതിരെ വധശിക്ഷ അനിശ്ചിതമായി നീട്ടിയത്‌. നിരവധി തവണ നല്‍കിയ ദയാഹര്‍ജി പക്ഷേ തള്ളുകയും ചെയ്തു. ലാഹോറിലെ ജയിലില്‍ കഴിയുന്ന സരബ്ജിതിനെ വെള്ളിയാഴ്ചയാണ്‌ ആറംഗ സംഘം നിഷ്ഠൂരമായി അക്രമിച്ചത്‌. ചുടുകട്ട ഉപയോഗിച്ച്‌ തലയ്ക്കും മുഖത്തും ഇടിച്ച്‌ മുറിവുകളുണ്ടാക്കി. സ്പൂണിന്റെ അഗ്രം മൂര്‍ച്ചകൂട്ടി കത്തിയുടെ രൂപത്തിലാക്കിയതും ഒഴിഞ്ഞ പാട്ടകളും ഉപയോഗിച്ച്‌ കുത്തിയും അടിച്ചും ഏല്‍പ്പിച്ച മുറിവുകള്‍ ആഴത്തിലുള്ളതാണ്‌. സരബ്ജിത്തിനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ സംഭവം അന്വേഷിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ജയില്‍ അധികൃതരുടെ അറിവോടെയാണ്‌ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ്‌ സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്‌. സരബ്ജിത്‌ കിടന്ന സെല്ലിന്റെ താക്കോല്‍ കാവല്‍നിന്ന ജീവനക്കാരനില്‍ നിന്നും സംഘടിപ്പിച്ചാണ്‌ സെല്‍ തുറന്ന്‌ അകത്തുകയറി അക്രമം നടത്തിയത്‌. മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെയും പാര്‍ലമെന്റ്‌ അക്രമക്കേസിലെ അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റിയശേഷം പാക്‌ ജയിലില്‍ ഇന്ത്യന്‍ തടവുകാര്‍ക്കെതിരെ നിരവധി ആക്രമണശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. സരബ്ജിതിനെതിരെയും ആക്രമണം നടന്നിരുന്നു. അതൊന്നും ഗൗരവത്തില്‍ കാണാന്‍ പാക്‌ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല. ഭാരത സര്‍ക്കാര്‍ അതൊന്നും കാര്യമായി കാണുന്നുമില്ല.
അക്രമത്തിന്‌ ശേഷം പാക്സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റമാണ്‌ സംശയാസ്പദം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ സരബ്ജിത്തിനെ ഏതാനും നിമിഷം കാണാനേ അനുവദിച്ചുള്ളു. അതും ആദ്യദിവസം. ഇന്നലെ കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അനുമതി നിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ അതൃപ്തി പ്രകടിപ്പിച്ചത്രെ. കൊല്ലാത്തതിലാണോ അതൃപ്തി എന്ന്‌ സംശയിക്കുന്നവരേയും പഴിക്കാനാവില്ല. പാക്കിസ്ഥാന്‍ ജയിലില്‍ നിരന്തരം കൊലപാതകവും നടക്കുന്നു. ചാരക്കേസ്‌ ചുമത്തി തടവിലാക്കിയ ജമ്മുകാശ്മീര്‍ സ്വദേശി ചമേല്‍ സിംഗിനെ നിഷ്ഠൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയിട്ട്‌ ഏറെ നാളായില്ല. വംശീയമായി അധിക്ഷേപിച്ചാണ്‌ ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച്‌ ജയിലില്‍ കൊലപാതകം നടന്നത്‌. ഒരുതെറ്റും ചെയ്യാതെ ചമലിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണ്‌ ബന്ധുക്കള്‍ വിശദീകരിച്ചത്‌. ഇക്കാര്യത്തില്‍ ഒരു സങ്കടമറിയിക്കാന്‍പോലും നമ്മുടെ സര്‍ക്കാരിന്‌ തോന്നിയിരുന്നില്ല. പാക്‌ ജയിലിലെ ഇന്ത്യന്‍ തടവുകാരെല്ലാം ഇത്തരത്തില്‍ പീഡനം അനുഭവിക്കുകയാണ്‌. അതേസമയം ഇന്ത്യന്‍ ജയിലിലുള്ള പാക്‌ തടവുകാര്‍ക്ക്‌ ഒരു പോറലും ഏല്‍ക്കാതിരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്‌. കസബിന്റെ സുരക്ഷയ്ക്കും ആരോഗ്യസംരക്ഷണത്തിനുമായി കോടിക്കണക്കിന്‌ രൂപയാണ്‌ സര്‍ക്കാര്‍ ചെലവാക്കിയത്‌. ഇപ്പോഴാകട്ടെ, ഏറെ പാകിസ്ഥാനികളായ പ്രതികള്‍ തടവില്‍ക്കിടക്കുന്ന തീഹാര്‍ജയിലില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നു.
ഇത്രയും നിഷ്ഠൂരമായ അതിക്രമങ്ങള്‍ നടന്നിട്ടും വിശദീകരണമാവശ്യപ്പെട്ട്‌ ഒരു കത്തയയ്ക്കാന്‍ മാത്രമാണ്‌ സര്‍ക്കാര്‍ തയ്യറായത്‌. കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമായതിനാലാണ്‌ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വംശജര്‍ക്ക്‌ ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നത്‌. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക്‌ വേണ്ടി അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ നമുക്കൊരു പാഠമാണ്‌. ഇറ്റലിക്ക്‌ ഒത്താശ ചെയ്തുകൊടുക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ നിരപരാധികളായ ഇന്ത്യന്‍ തടവുകാര്‍ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ ചെറുവിരലനക്കാന്‍ കൂട്ടാക്കുന്നില്ല. പൗരന്മാരുടെ ഗതി എന്തായാലും അവരുടെ സ്ഥാനവും സമ്പത്തും ഉറപ്പിക്കുകയും വികസിപ്പിക്കുകയുമെന്ന ഏക അജണ്ടയാണ്‌ ഭരിക്കുന്നവര്‍ക്കുള്ളത്‌. അപകടകരമായ ഈ പ്രവണതയ്ക്കെതിരെ മുഴുവന്‍ ജനങ്ങളുടെയും മനസാക്ഷി ഉണരുകതന്നെ വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.