ആവേശമായി മോദി; വിഷയം വികസനം

Sunday 28 April 2013 11:38 pm IST

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നരേന്ദ്ര മോദി എത്തുന്നതിനും മുമ്പ്‌ ഉച്ച ചൂടിനെ തണുപ്പിച്ചു കൊണ്ട്‌ പെയ്ത നല്ല മഴ ശുഭലക്ഷണം തന്നെയായിരുന്നു. ഒന്നേകാല്‍ ലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബസവനഗുഡിയിലെ നാഷണല്‍ കോളേജ്‌ ഗ്രൗണ്ട്‌ അപ്പോഴേക്കും നിറഞ്ഞു കവിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിസ്‌ ഗെയിലിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങിനുശേഷം മറ്റൊരു വെടിക്കെട്ട്‌ പ്രതീക്ഷിച്ചെത്തിയതാണവര്‍. മോദി പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനു വരില്ലെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു ആ സമ്മേളനം.
വെങ്കയ്യനായിഡു, നിര്‍മലാസീതാരാമന്‍, അനന്ത്കുമാര്‍, മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍, നഗരപരിധിയിലുള്ള സ്ഥാനാര്‍ഥികള്‍ മറ്റു പ്രമുഖനേതാക്കള്‍ തുടങ്ങിയവര്‍ വളരെ ഹാര്‍ദ്ദവമായി മോദിയെ സ്വീകരിച്ചു.
"വികസനത്തിന്റെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ മേലുള്ള അതേവിശ്വാസം കര്‍ണാടകത്തിലെ സമ്മതിദായകരില്‍ തനിക്കുണ്ട്‌. അവര്‍ വീണ്ടും ബിജെപിയെ അധികാരത്തില്‍ എത്തിക്കും. പുരോഗമനവും പുതിയനേട്ടങ്ങളും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നു അറിയാം. യുപിഎ സര്‍ക്കാരുകള്‍ ഭരിക്കുന്നിടത്തെക്കാള്‍ നാം എത്രയോ മുന്നിലാണ്‌, മോദി പറഞ്ഞു. പ്രസംഗത്തിലുടനീളം അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും പരാമര്‍ശിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രചാരണത്തിന്‌ മോദിയുടെ അനുവാദം തേടിയിട്ടുണ്ടെന്നു സംസ്ഥാനഅധ്യക്ഷന്‍ പ്രഹ്ലാദ്‌ ജോഷി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.