പുതുക്കിയ വൈദ്യുതി നിരക്ക് നാളെ പ്രഖ്യാപിക്കും

Monday 29 April 2013 2:30 pm IST

തിരുവനന്തപുരം: വീടുകള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഒന്‍പതു ശതമാനവും വര്‍ദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷന്‍ പുതിയ വൈദ്യുതി നിരക്ക് നാളെ പ്രഖ്യാപിച്ചേക്കും. 20 പൈസ മുതല്‍ 70 പൈസ വരെയാവും യൂണിറ്റൊന്നിന് കൂടുക. 40 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്ക് വര്‍ദ്ധനയുണ്ടാകില്ല. അതേസമയം മാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിച്ചാല്‍ എല്ലാ യൂണിറ്റിലും അവസാന സ്ലാബിന്റെ വില നല്‍കേണ്ടിവരും. ഇവര്‍ക്ക് സ്ലാബ് സമ്പ്രദായത്തിന്റെ സൗജന്യം ലഭിക്കില്ല. ഒരുവര്‍ഷത്തിനിടെ രണ്ടാമത്തെ വര്‍ദ്ധനയാണിത്. കഴിഞ്ഞ ജൂലായില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 2750 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്റി കമ്മീഷനെ അറിയിച്ചത്. ഇതില്‍ 1570 കോടി രൂപ നിരക്ക് വര്‍ധനയിലൂടെ ഈടാക്കാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാരുടെ ശമ്പളവര്‍ധന ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിലപാടാണ് റെഗുലേറ്ററി കമ്മീഷന്റേത്. ഇതൊഴികെ ബോര്‍ഡിന്റെ 2012 13 വര്‍ഷത്തെ നഷ്ടമായി റെഗുലേറ്ററി കമ്മീഷന്‍  1040 കോടിയാണ് അംഗീകരിക്കുക. ഇതില്‍ 600 കോടി രൂപ മാത്രമേ നിരക്ക് വര്‍ധനയിലൂടെ കണ്ടെത്താന്‍ കമ്മീഷന്‍ അനുവദിക്കൂ. അതിനാല്‍ നാമമാത്ര വര്‍ധന മാത്രം മതിയെന്നാണ് കമ്മീഷന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.