രണ്ടാം ഘട്ട മാറാട്‌ പ്രക്ഷോഭത്തിന്‌ തുടക്കം; ഉപവാസ സമരത്തിനെത്തിയ ഹിന്ദു നേതാക്കളെ അറസ്റ്റ്‌ ചെയ്തു

Tuesday 30 April 2013 12:01 am IST

കോഴിക്കോട്‌: മാറാട്‌ കൂട്ടക്കൊല ആസൂത്രണം ചെയ്തവരെ കണ്ടെത്തുന്നതിന്‌ സിബിഐ അന്വേഷണം നടത്തണമന്നാവശ്യപ്പെട്ടുകൊണ്ട്‌ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാറാട്‌ ഉപവാസസമരത്തില്‍ പങ്കെടുക്കാനെത്തിയ ഹിന്ദുനേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മാറാട്‌ ജിനരാജ്ദാസ്‌ എഎല്‍പി സ്കൂളിനടുത്ത്‌ വെച്ചുള്ള ചെക്‌ പോസ്റ്റില്‍ വെച്ചാണ്‌ പോലീസ്‌ ഹിന്ദു നേതാക്കളെ തടഞ്ഞത്‌. തുടര്‍ന്ന്‌ നടന്ന പ്രതിഷേധയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പോലും തടയുന്ന സര്‍ക്കാരിന്റെ നീക്കം ജനാധിപത്യ ധ്വംസനമാണെന്ന്‌ അവര്‍ പറഞ്ഞു.
ഉപവാസ സമരത്തിന്‌ അനുമതി നിഷേധിച്ച ഭരണകൂട ഭീകരതക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന്‌ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ പ്രാന്ത കാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്‌. ബിജു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ മാസ്റ്റര്‍, പി. ജിജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹൈന്ദവ, സാമുദായിക സംഘടനാ നേതാക്കളായ പുഞ്ചക്കരി സുരേന്ദ്രന്‍ (അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന സംഘടനാസെക്രട്ടറി), കെ.ടി. ഭാസ്കരന്‍ (കേരള ചേരമര്‍ സര്‍വീസ്‌ സൊസൈറ്റി, സംസ്ഥാന ജനറല്‍സക്രട്ടറി), ശിവശങ്കരന്‍ (സിദ്ധനര്‍ സര്‍വ്വീസ്‌ സൊസൈറ്റി, സംസ്ഥാന സെക്രട്ടറി), രാജ്മോഹന്‍ (സിദ്ധനര്‍ സര്‍വ്വീസ്‌ സൊസൈറ്റി, സംസ്ഥാന വൈസ്പ്രസിഡണ്ട്‌), തഴവ സഹദേവന്‍ (അഖിലകേരള പാണന്‍ സമാജം, സംസ്ഥാന ജന. സെക്രട്ടറി), പി.ആര്‍. ശിവരാജന്‍ (കേരള വേലന്‍ സര്‍വീസ്‌ സൊസൈറ്റി, സംസ്ഥാന പ്രസിഡണ്ട്‌), ഡി. സന്തോഷ്‌ (ഹിന്ദു നായ്ക്കന്‍ സഭ, സംസ്ഥാന പ്രസിഡണ്ട്‌), കെ.വി. ശിവന്‍ (വീരശൈവ മഹാസഭ, സംസ്ഥാന ജന. സെക്രട്ടറി), വേണു. കെ.ജി. പിള്ള (അഖിലകേരള വെള്ളാള ഫെഡറേഷന്‍, സംസ്ഥാന പ്രസിഡണ്ട്‌), സുധീര്‍ (കുടുംബി ഫെഡറേഷന്‍, സംസ്ഥാന ജന.സെക്രട്ടറി), സി.എസ്‌. ശശിധരന്‍ (അഖിലകേരള ധീവരസഭ സംസ്ഥാന കൗണ്‍സിലര്‍), സി.ജി. രാജഗോപാല്‍ (ന്യൂനപക്ഷഭാഷാവേദി, സംസ്ഥാന ജന.സെക്രട്ടറി), പ്രൊഫ. ബാലകൃഷ്ണന്‍. കെ.കെ. (അഖിലകേരള വേലന്‍ മഹാസഭ സംസ്ഥാന വൈ. പ്രസിഡണ്ട്‌), ടി.കെ. സദന്‍ (അഖിലകേരള വേലന്‍ മഹാസഭ, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌) വിദ്യാസാഗര്‍ (വിവേകാനന്ദ വിജ്ഞാനോദയം, ജന. സെക്രട്ടറി), പി.കെ. ബാഹുലേയന്‍ (അയ്യങ്കാളി സാംസ്കാരിക സമിതി, സംസ്ഥാന ജന.സെക്രട്ടറി), കെ. ഗംഗാധരന്‍ (ബി.എം.എസ്‌. സംസ്ഥാന വൈസ്പ്രസിഡണ്ട്‌), എന്‍.പി. രാധാകൃഷ്ണന്‍, രജനീഷ്ബാബു, കെ. പുരുഷോത്തമന്‍, കരുണാകരന്‍ - (ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം), എം.സി. വത്സന്‍ (വിശ്വഹിന്ദു പരിഷത്ത്‌, സംസ്ഥാന സംഘടനാസെക്രട്ടറി), കെ.ജി. കണ്ണന്‍, മോഹനന്‍, കെ.ഇ. ശ്രീജിത്ത്‌ - (വിശ്വഹിന്ദു പരിഷത്ത്‌), വി.വി. രാജന്‍, പി. രഘുനാഥ്‌, എം.പി. രാജന്‍, എം.സി. ശശീന്ദ്രന്‍, ജയ സദാനന്ദന്‍ - (ബി.ജെ.പി.), പി.വി. മുരളീധരന്‍, ഉണ്ണികൃഷ്ണന്‍, ആര്‍.എസ്‌. അജിത്‌ കുമാര്‍, വി. സുശികുമാര്‍ - (ഹിന്ദു ഐക്യവേദി) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. സൗത്ത്‌ അസി. കമ്മീഷണര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്ത്‌ ശക്തമായ പോലീസ്‌ കാവല്‍ ഉണ്ടായിരുന്നു.
നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും സി.ബി.ഐ അന്വേഷണം നടത്താനുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.