എടിഎം കവര്‍ച്ച: പ്രതി പിടിയില്‍

Tuesday 30 April 2013 10:40 pm IST

കോട്ടയം: ടി.ബി റോഡിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍നിന്നു പണം മോഷ്ടിച്ച പ്രതിയെ പിടികൂടി. കുമ്മനം കുളപ്പുരകടവ്ഭാഗത്ത് പുളിമൂട്ടില്‍ സുലൈമാന്‍(43) ആണ് പിടിയിലായത്. കൗണ്ടറില്‍ നിന്നും ലഭ്യമായ ചിത്രം പൊലീസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുലൈമാനെ പിടികൂടിയത്. തിരുവാതുക്കല്‍ കവലയ്ക്ക് സമീപം പലചരക്ക്, കൂള്‍ബാര്‍ വ്യാപാരം നടത്തി വരുകയായിരുന്നു. ടിബി റോഡിലെ ത്രിവേണി കോംപ്ലക്‌സിലെ മാഹി കഫേ ഉടമ വി.ആര്‍.ജമാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് സിഐ എ.ജെ.തോമസിന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ഫെഡറല്‍ ബാങ്കിന്റെ ടിബി റോഡിലെ എടിഎം കൗണ്ടറില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. ജമാല്‍ കടയിലെ ജീവനക്കാരന്റെ പക്കല്‍ എടിഎം കാര്‍ഡും പിന്‍നമ്പറും നല്‍കി 500 രൂപ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ജീവനക്കാരന്‍ എടിഎം കൗണ്ടറില്‍ നിന്നും 500 രൂപ പിന്‍വലിച്ച് തിരികെ സ്ഥാപനത്തിലെത്തി. ആവശ്യപ്പെട്ട തുക പിന്‍വലിച്ചശേഷം അക്കൗണ്ടിലെ തുകയുടെ ബാലന്‍സ് വിവരം ബോധ്യപ്പെടുത്തുന്ന രസീതും ജീവനക്കാരന്‍ കൗണ്ടറില്‍ നിന്നും കൈപ്പറ്റിയിരുന്നു. ജമാലിന്റെ അക്കൗണ്ടില്‍ നിന്നും രണ്ടുതവണയായി 10500 രൂപ പിന്‍വലിച്ചതിന്റെ രേഖയുണ്ടെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്നു ജമാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ബാങ്കിന്റെ പിശകുമൂലമാണു പണം നഷ്ടമായതെന്നു കരുതി കേസെടുത്തിരുന്നില്ല. അതേ സമയം പ്രതിയെന്നു സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ എടിഎം കൗറിലെ ക്യാമറയില്‍ നിന്നും ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉള്ളതായി കണ്ടെത്തി പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണം കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.