കോണ്‍ഗ്രസിന്‌ മറുപടിയുമായി മോദി മംഗലാപുരത്ത്‌

Thursday 2 May 2013 11:48 pm IST

മംഗലാപുരം: "നരേന്ദ്രമോദി മംഗലാപുരത്ത്‌ വരില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രചരിപ്പിച്ചത്‌. മോദി വന്നു. കോണ്‍ഗ്രസ്‌ പറഞ്ഞത്‌ നുണയാണെന്ന്‌ ജനങ്ങള്‍ക്ക്‌ മനസിലായി. കോണ്‍ഗ്രസ്‌ ജയിക്കുമെന്ന്‌ പറയുന്നതും നുണയാണെന്ന്‌ വോട്ടെണ്ണുമ്പോള്‍ മനസ്സിലാകും" മംഗലാപുരം നെഹ്‌റു മൈതാനത്ത്‌ ഒത്തുചേര്‍ന്ന ആയിരക്കണക്കിന്‌ യുവജനങ്ങളെ അഭിസംബോധന ചെയ്ത്‌ നരേന്ദ്രമോദി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലെത്തിനില്‍ക്കെ ബിജെപിക്ക്‌ ആവേശവും ഊര്‍ജ്ജവും പകരുന്നതായി മോദിയുടെ മംഗലാപുരം സന്ദര്‍ശനം.
അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന യുപിഎ സര്‍ക്കാറിനെയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനേയും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയെയും മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. "രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയാണ്‌ കോണ്‍ഗ്രസ്‌. ഇത്തരം വോട്ട്ബാങ്ക്‌ രാഷ്ട്രീയം രാജ്യത്തെ അപകടത്തിലേക്ക്‌ നയിക്കും. വികസന രാഷ്ട്രീയം കോണ്‍ഗ്രസിന്‌ അന്യമാണ്‌. ഈ തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം കൂടി വിലയിരുത്തപ്പെടണം. കര്‍ണാടകയില്‍ ബിജെപി ഒന്നും ചെയ്തില്ലെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ എന്താണ്‌ ചെയ്തതെന്ന്‌ മന്‍മോഹന്‍സിംഗ്‌ വ്യക്തമാക്കണം".
കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയെ 'ഗോള്‍ഡണ്‍ സ്പൂണ്‍' എന്നായിരുന്നു മോദിവിശേഷിപ്പിച്ചത്‌. "ഗാന്ധിജിയുടെ ആദര്‍ശങ്ങളെയാണ്‌ താന്‍ പിന്തുടരുന്നതെന്നാണ്‌ മിസ്റ്റര്‍ ഗോള്‍ഡണ്‍ സ്പൂണ്‍ അടുത്തിടെ പറഞ്ഞത്‌. കോണ്‍ഗ്രസ്‌ പിരിച്ചുവിടണമെന്ന്‌ ഗാന്ധിജി പറഞ്ഞതായി ഇദ്ദേഹത്തിനറിയാമോ ? എങ്കില്‍ അതെന്നാണ്‌ സംഭവിക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്‌".
കര്‍ണാടകയില്‍ ഗോവധം നിരോധിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നടത്തുന്ന പ്രചരണങ്ങള്‍ക്കും മോദി മറുപടി നല്‍കി. "ഗോഹത്യ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറാണ്‌ കേന്ദ്രത്തിലേത്‌. പിങ്ക്‌ റവല്യൂഷന്‍ നടപ്പിലാക്കുകയാണ്‌ സര്‍ക്കാര്‍. രാജ്യത്തെ കന്നുകാലികളെ കൊന്നൊടുക്കി വിദേശത്തേക്ക്‌ കയറ്റി അയക്കുന്നതിന്‌ സബ്സിഡി നല്‍കുകയാണ്‌ യുപിഎ. ഗോഹത്യ പ്രോത്സാഹിപ്പിക്കാന്‍ അറവുശാല നടത്തുന്നവര്‍ക്ക്‌ നികുതിയിളവും നല്‍കുന്നു." മോദി പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത, അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന, രാജ്യത്തിന്റെ പരമാധികാരം ശത്രുക്കള്‍ക്ക്‌ തീറെഴുതിയ കോണ്‍ഗ്രസിന്‌ വോട്ട്‌ ചോദിക്കാനുള്ള അര്‍ഹതയില്ലെന്നും വികസന രാഷ്ട്രീയത്തിന്‌ ശക്തിപകരാന്‍ ബിജെപിയെ ജയിപ്പിക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ്‌ നരേന്ദ്രമോദി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കര്‍ണാടകയിലെത്തുന്നത്‌. ബംഗലൂരില്‍ നടന്ന ആദ്യപരിപാടി വന്‍ വിജയമായിരുന്നു. പരാജയഭീതികാരണമാണ്‌ മോദി മംഗലാപുരത്ത്‌ വരാത്തതെന്ന കോണ്‍ഗ്രസ്‌ പ്രചരണത്തിന്‌ മറുപടിയായാണ്‌ ഇന്നലെ മോദിയുടെ പരിപാടി നടന്നത്‌. രണ്ട്‌ ദിവസത്തിനുള്ളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആവേശം വിതറി പതിനായിരത്തില്‍പ്പരം ആള്‍ക്കാരാണ്‌ പങ്കെടുത്തത്‌. ചിന്തയും ചിരിയും സമ്മേളിച്ച കുറിക്കുകൊള്ളുന്ന സംഭാഷണ ശൈലിയിലൂടെ കോണ്‍ഗ്രസ്‌ പ്രചരണത്തിന്റെ മുനയൊടിക്കാനും മോദിക്ക്‌ സാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.