മാറാട്‌ കൂട്ടക്കൊല: എ.കെ ആന്റണി പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫ്‌ നടപ്പാക്കണം-കുമ്മനം

Friday 3 May 2013 12:21 am IST

കോട്ടയം: മാറാട്‌ കൂട്ടക്കൊലയുടെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ പ്രഖ്യാപനം യുഡിഎഫ്‌ സര്‍ക്കാര്‍ നടപ്പാക്കണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മാറാട്‌ കൂട്ടക്കൊലയുടെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദി ഇന്നലെ പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക്‌ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട്‌ നടന്നത്‌ കലാപമല്ല കൂട്ടക്കൊലയാണ്‌. വന്‍ ഗൂഢാലോചനയാണ്‌ ഇതിന്റെ പിന്നില്‍ നടന്നത്‌. രാജ്യാന്തരബന്ധവും ഇതിന്‌ പിന്നിലുണ്ട്‌. മാറാട്‌ കൂട്ടക്കൊലയുടെ സാമ്പത്തിക സ്രോതസ്സ്‌ അന്വേഷിക്കേണ്ടത്‌ രാജ്യസുരക്ഷയുടെ ഭാഗമാണെന്നും കുമ്മനം പറഞ്ഞു. മാറാട്‌ കൂട്ടക്കൊലയുടെ അന്വേഷണം ഭയക്കുന്നവര്‍ തന്നെയാണ്‌ അന്വേഷണത്തെ അട്ടിമറിക്കുന്നത്‌. മുസ്ലീം ലീഗിന്റെ തടവറയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരാലംബരായ മത്സ്യതൊഴിലാളികളെ കൂട്ടക്കൊല ചെയ്ത സംഭവം സമഗ്രമായി അന്വേഷിക്കാന്‍ തയ്യാറാകണം. കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പല ഇടപെടലുകളും ദുരൂഹമാണെന്നും കുമ്മനം പറഞ്ഞു.
മാറാട്‌ കൂട്ടക്കൊല നടന്നിട്ട്‌ 10 വര്‍ഷമായി. ഇരുമുന്നണികളും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ വാരിക്കോരി കൊടുക്കാനാണ്‌ ഇരുമുന്നണികളും മത്സരിക്കുന്നത്‌. കേരളത്തിലെ ഹിന്ദുസമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ അന്വേഷണ കമ്മീഷനെ നിയമിച്ചെങ്കിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പുല്ലുമേട്‌ ദുരന്തത്തില്‍ മരിച്ച 102 അയ്യപ്പന്മാര്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതല്ലാതെ യാതൊരു നടപടിയും ചെയ്തിട്ടില്ല. മാറാട്‌ കൂട്ടക്കൊല സിബിഐ അന്വേഷിക്കുന്നവതുവരെ സമരം ശക്തമാക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം കെ. തങ്കപ്പന്‍, കേരള ചേരമര്‍ സര്‍വ്വീസ്‌ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി ഭാസ്കരന്‍, ദേശീയ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ്‌ പി.കെ ഭാസ്കരന്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ആര്‍ ശിവരാജന്‍, അഖില കേരള പുലയ മഹാസഭ സംസ്ഥാന വൈസ്പ്രസിഡന്റ്‌ തമ്പിപട്ടശ്ശേരി ഹിന്ദു നായിക്കന്‍ സഭ പ്രസിഡന്റ്‌ ഡി. സന്തോഷ്‌, അഖിലകേരള ഹിന്ദു സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി കെ.കെ തങ്കപ്പന്‍, പണ്ഡിതര്‍ മഹാസഭ സംസ്ഥാനസമിതിയംഗം അംബിക തമ്പി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന്‍, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍.പി രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. പുതുപ്പള്ളി സ്കൂള്‍ മൈതാനിയില്‍ നിന്നും ആരംഭിച്ച പ്രകടനം മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.
മാര്‍ച്ചില്‍ ഹിന്ദുഐക്യവേദി നേതാക്കളായ, എം.കെ കുഞ്ഞോല്‍, കെ.പി ഹരിദാസ്‌, ഇ.എസ്‌ ബിജു, സി.ബാബു, വി. സുശികുമാര്‍, കിളിമാനൂര്‍ സുരേഷ്‌, ആര്‍.എസ്‌ അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.