സിഖ്‌ വിരുദ്ധ കലാപം: സോണിയാഗാന്ധിയുടെ വീട്ടിലേക്കും പ്രതിഷേധം

Friday 3 May 2013 12:16 am IST

ന്യൂദല്‍ഹി: സിഖ്‌ വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ സജ്ജന്‍ കുമാറിനെ വെറുതെ വിട്ട കോടതി വിധിക്കെതിരായ പ്രതിഷേധം യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വീടിനു മുന്നിലേക്കും വ്യാപിച്ചു. പോലീസ്‌ സ്ഥാപിച്ച ബാരിക്കേഡടുകള്‍ തകര്‍ത്തുകൊണ്ട്‌ സോണിയയുടെ വീട്ടിലേക്കു പ്രതിഷേധക്കാര്‍ കടക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിനു കാരണമായി.
സിഖ്‌ സംഘടനാ പ്രവര്‍ത്തകരായ നൂറോളം പേരാണ്‌ പ്രതിഷേധവുമായി പത്താം ജന്‍പഥിലെ സോണിയയുടെ വീട്ടിലെത്തിയത്‌. പ്രകടനം ബാരിക്കേഡു വെച്ച്‌ പോലീസ്‌ തടഞ്ഞതോടെ പ്രതിഷേധക്കാര്‍ യുപിഎ അദ്ധ്യക്ഷയുടെ കോലം കത്തിച്ചു. ജന്‍പഥ്‌ റോഡ്‌ കുറേ നേരത്തേക്ക്‌ അടച്ചിടേണ്ടിയും വന്നു. മാന്‍സിംഗ്‌റോഡ്‌, കൃഷ്ണമേനോന്‍ മാര്‍ഗ്‌, അക്ബര്‍ റോഡ്‌, മോത്തിലാല്‍ നെഹ്‌റു റോഡ്‌, മൗലാനാ ആസാദ്‌ റോഡ്‌ എന്നിവയും അടച്ചിട്ടു.
സജ്ജന്‍കുമാറിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ അതിശക്തമായ പ്രതിഷേധമാണ്‌ ദല്‍ഹിയില്‍ അരങ്ങേറുന്നത്‌. മെട്രോ റെയില്‍ സംവിധാനങ്ങളടക്കം പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയതോടെ രണ്ട്‌ സ്റ്റേഷനുകള്‍ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. 1984ലെ സിഖ്‌ വിരുദ്ധ കലാപക്കേസില്‍ പ്രത്യേക സിബിഐ കോടതിയാണ്‌ കോണ്‍ഗ്രസ്‌ എം.പിയായിരുന്ന സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയത്‌. ഇതിനെത്തുടര്‍ന്ന്‌ കോടതി പരിസരത്തും സിഖ്‌ സംഘടനകള്‍ പ്രതിഷേധിക്കുകയും വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചെരുപ്പേറ്‌ നടത്തുകയും ചെയ്തിരുന്നു.
സജ്ജന്‍കുമാറിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയെങ്കിലും നാലു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കോടതി കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസ്‌ എംഎല്‍എ മഹേണ്ടര്‍ യാദവ്‌, മുന്‍ ദല്‍ഹി കൗണ്‍സിലര്‍ ബല്‍വാന്‍ ഖോക്കര്‍, കിഷന്‍ ഖോക്കര്‍,ഗിര്‍ധാരി ലാല്‍, ക്യാപ്റ്റന്‍ ഭഗ്മല്‍ എന്നിവര്‍ക്കുള്ള ശിക്ഷ മെയ്‌ 6ന്‌ പ്രഖ്യാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.