ക്വലാലംപൂര്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്സേഷന് പി.വി. സിന്ധു മലേഷ്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ സിന്ധു മൂന്നാം സീഡ് തായ്ലന്റിന്റെ സാപ്സിരീ ടെറാറ്റാനചായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 21-17, 21-11. 34 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ഒരിക്കല്‍ പോലും തായ്ലന്റ് എതിരാളിക്ക് സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച ഫോമിലായിരുന്ന സിന്ധു നീണ്ട റാലികളും സ്മാഷുകളും കൊണ്ട് കളം നിറഞ്ഞത് എതിരാളിക്ക് കനത്ത തിരിച്ചടിയായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോംഗിന്റെ നാന് യി ച്യുങ്ങിനെ 11-21, 21-18, 21-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലേക്ക് പ്രവേശിച്ചിരുന്നത്. ആദ്യമായാണ് സിന്ധു ഫൈനലില്‍ കളിക്കുന്നത്.
ഫൈനലില്‍ അഞ്ചാം സീഡ് സിംഗപ്പൂരിന്റെ ജുവാന്‍ ഗു ആണ് സിന്ധുവിന്റെ എതിരാളി. രണ്ടാം സീഡ് തായ്ലന്റിന്റെ ബുസ്നാന്‍ ഓങ്ങ്ബുംരങ്ങ്പാനെ 42 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-18, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ജുവാന്‍ ഗു ഫൈനലില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: