ഭക്തിയിലൂടെ ആദ്ധ്യാത്മിക നവോത്ഥാനം സൃഷ്ടിച്ച ആചാര്യന്‍

Tuesday 2 August 2011 10:04 pm IST

ഭക്തിയിലൂടെ കേരള ജനതയില്‍ ആദ്ധ്യാത്മിക നവോത്ഥാനം സൃഷ്ടിച്ച ഭാഗവതാചാര്യനായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെന്ന്‌ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു. ലളിതമായ ജീവിതം നയിച്ചുകൊണ്ട്‌ മൂക്കാല്‍ നൂറ്റാണ്ടുകാലം കേരളത്തിന്റെ ആദ്ധാത്മികചൈതന്യമായി നിലകൊണ്ട മള്ളിയൂര്‍, ഭാഗവത പ്രചാരണത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചു. കേരളത്തില്‍ ഭാഗവത സപ്താഹങ്ങള്‍ ജനകീയവും സാര്‍വ്വത്രികവുമായി പ്രചരിച്ചതില്‍ മള്ളിയൂര്‍ നിര്‍വ്വഹിച്ച നിസ്തുലമായ പങ്ക്‌ എക്കാലവും സ്മരിക്കപ്പെടും.
മള്ളിയൂര്‍ തിരുമേനിയുടെ സ്നേഹവും കാരുണ്യവും ഏവര്‍ക്കും ഒരനുഭവവും അനുഭൂതിയുമാണ്‌. സംഘര്‍ഷംനിറഞ്ഞ മനസുകള്‍ക്ക്‌ ആശ്വാസവും ശാന്തിയും സമാധാനവും പകര്‍ന്നുകൊടുത്ത്‌ ആത്മസായുജ്യത്തിന്റെ നിറവിലേക്ക്‌ ഓരോരുത്തരേയും അദ്ദേഹം കൈപിടിച്ചാനയിക്കുന്നു. തിരുമേനിയുടെ സാന്നിധ്യവും സാമീപ്യവും അസാധാരണമായ ആത്മാനുഭവത്തിന്റെ അനര്‍ഘനിമിഷങ്ങളായി മാറുന്നു.
40 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോട്ടയം തിരുവാറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍വെച്ച്‌ ഒരു സപ്താഹയജ്ഞവേളയിലാണ്‌ തിരുമേനിയെ ആദ്യമായി കാണുന്നത്‌. യാതൊരു കൃത്രിമവും കൂടാതെ സ്വതസിദ്ധമായ മൃദുമന്ദഹാസത്തോടെ എന്നോട്‌ ചോദിച്ചു."സുഖം തന്നെയല്ലേ" അതെയെന്ന്‌ ഞാന്‍ തറപ്പിച്ചു പറഞ്ഞു. തിരുമേനി വിട്ടില്ല. എന്താണ്‌ സുഖം? എവിടെ നിന്നാണ്‌ അതു കിട്ടുക? എപ്പോഴാണ്‌ സുഖം ഉണ്ടാകുക? ചോദ്യങ്ങളുടെ പ്രവാഹമായി. പിന്നീട്‌ എല്ലാവരുടേയും മുന്നില്‍ വെച്ച്‌ പറയുന്ന ഉത്തരങ്ങള്‍ തെറ്റായിപ്പോകുമോ എന്ന ഭയത്താല്‍ മിണ്ടാതിരിക്കുന്നതാണ്‌ ഭംഗി എന്ന്‌ എനിക്ക്‌ തോന്നി. വീണ്ടും ചോദ്യങ്ങളുമായി തിരുമേനി എന്റെ നേരെ തിരിഞ്ഞു. ഞാന്‍ പറഞ്ഞു "രണ്ടാഴ്ച മുമ്പ്‌ വന്നപനിയെല്ലാം പൂര്‍ണ്ണമായും മാറി. ഇപ്പോള്‍ ഒരുരോഗവുമില്ല. പരമസുഖം". തിരുമേനി പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു: "രോഗമില്ലാത്തത്‌ ശരീരത്തിനാണ്‌. ശരീരസുഖം ഇന്ദ്രീയങ്ങളുടെ അനുഭവമാണ്‌. യഥാര്‍ത്ഥസുഖം അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ ആരെന്നറിയണം. പനിമാറിയാല്‍ കിട്ടുന്ന സുഖം ശരീരത്തിന്റേതാണ്‌. ആത്മസുഖമാണ്‌ യഥാര്‍ത്ഥസുഖം അതിന്‌ മരുന്നും പണവും ആവശ്യമില്ല"
താനാരാണെന്ന അറിവും ഇന്ദ്രിയസുഖം ശാശ്വതമല്ലെന്ന ബോധവും നേടുകയാണ്‌ ജീവിതലക്ഷ്യമെന്ന മള്ളിയൂര്‍ തിരുമേനിയുടെ ഉപദേശം കൂടിനിന്നവരിലെല്ലാം പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നു. മഹാഭാഗവതം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യവും ദുര്‍ഗ്രാഹ്യവുമാണെന്ന വിശ്വാസം പരക്കെ ജനങ്ങളില്‍ പരന്നിരുന്ന സന്ദര്‍ഭത്തിലാണ്‌ മള്ളിയൂര്‍ തിരുമേനി സപ്താഹയജ്ഞവുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്തത.്‌ ഭാഗവത കഥകള്‍ വളരെ സരളവും ലളിതവുമായി വ്യാഖ്യാനിച്ച്‌ വിശദീകരിച്ചപ്പോള്‍ ആവാച്യമായ ആനന്ദാനുഭൂതി ജനങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു. പണ്ഡിതന്മാര്‍ മാത്രം കേള്‍ക്കാന്‍ എത്തുമായിരുന്ന സപ്താഹയജ്ഞങ്ങള്‍ പിന്നീട്‌ വന്‍ ജനക്കൂട്ടത്തിന്‌ സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തന സംരംഭങ്ങള്‍ക്ക്‌ ശക്തിപകര്‍ന്ന ചരിത്ര പ്രധാനമായ വഴിത്തിരുവുകളായി സപ്താഹയജ്ഞങ്ങള്‍മാറി.
പ്രതികൂലമായ സാഹചര്യങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും അടിയുറച്ച വിശ്വാസവുംകൊണ്ട്‌ ഭാഗവത ആശയപ്രചാരണം നടത്തുകയും ധര്‍മ്മസംരക്ഷണത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വേര്‍പാട്‌ നികത്താനാവാത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ആ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
കുമ്മനം രാജശേഖരന്‍