സിപിഎമ്മിന്‌ വെല്ലുവിളി ഉയര്‍ത്തി ടി പി അനുസ്മരണം

Saturday 4 May 2013 11:34 pm IST

വടകര: സിപിഎമ്മിന്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തി ഒഞ്ചിയത്ത്‌ ടി പി അനുസ്മരണം. ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട വള്ളിക്കാട്ട്‌ തയ്യാറാക്കിയ സ്തൂപത്തില്‍ നിന്നും കൊളുത്തിയ ദീപശിഖ പ്രയാണത്തോടെയാണ്‌ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്‌ തുടക്കമായത്‌. ശനിയാഴ്ച കാലത്ത്‌ ഒമ്പത്‌ മണിയോടെയാണ്‌ ദീപശിഖാ പ്രയാണം തുടങ്ങിയത്‌. ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണനില്‍ നിന്നും ആര്‍എംപി ഏരിയാ കമ്മിറ്റി അംഗം എം.ആര്‍. കുഞ്ഞികൃഷ്ണന്‍ ഏറ്റുവാങ്ങിയ ദീപശിഖ റവല്യൂഷനറി യൂത്ത്‌ പ്രസിഡന്റ്‌ കെ. ശ്രീജിത്തിന്‌ കൈമാറി.
തുടര്‍ന്ന്‌ നൂറുകണക്കിന്‌ അത്ലറ്റുകളുടെ നേതൃത്വത്തില്‍ വെള്ളികുളങ്ങര വഴി ഒഞ്ചിയം നെല്ലാശ്ശേരിയിലെ ടി പിയുടെ സ്മൃതികുടീരത്തില്‍ എത്തിച്ചു. ദീപ ശിഖ കൈമാറ്റല്‍ ചടങ്ങില്‍ ടിപിയുടെ മകന്‍ അഭിനന്ദ്‌, ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ജയരാജ്‌, കെ.കെ. സദാശിവന്‍, എം.പി. ശശി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നിരവധി കേന്ദ്രങ്ങളില്‍ ആവേശകരമായ വരവേല്‍പ്പ്‌ നല്‍കിയ ദീപശിഖ പത്തരയോടെ ടി പിയുടെ വീട്ടില്‍ എത്തി.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ദീപശിഖ ഏറ്റുവാങ്ങി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച്‌ സിപിഎം അന്വേഷണം നടത്തുന്നുണ്ടെന്നാണ്‌ പാര്‍ട്ടി പറയുന്നതെങ്കിലും അത്‌ മുഖവിലയ്ക്ക്‌ എടുക്കാന്‍ കഴിയില്ലെന്ന്‌ തുടര്‍ന്ന്‌ നടന്ന അനുസ്മരണയോഗത്തില്‍ ബര്‍ലിന്‍ പറഞ്ഞു.
സിപിഎമ്മിന്റെ നാല്‌ കേന്ദ്രകമ്മിറ്റി അംഗങ്ങളോട്‌ ടി പി വധത്തിന്റെ അന്വേഷണം എന്തായി എന്ന്‌ ചോദിച്ചപ്പോള്‍ പാര്‍ട്ടി ഒരന്വേഷണവും നടത്താന്‍ തീരുമാനിച്ചിട്ടില്ല എന്നാണ്‌ ലഭിച്ച വിവരമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലയാളികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. അഖിലേന്ത്യ ഇടതുപക്ഷ ഏകോപനസമിതി നേതാക്കളായ മംഗത്‌റാം ഫസ്ല, പ്രസേന്‍ജിത്ത്‌ ബോസ്‌, ഇടതു ഏകോപനസമിതി സംസ്ഥാന സമിതി ഭാരവാഹികളായ കെ.എസ്‌. ഹരിഹരന്‍, എന്‍.വേണു, സിഎംപി നേതാവ്‌ സി.പി. ജോണ്‍, കെ.കെ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ മംഗത്‌റാം ഫസ്ല, കെ.എസ്‌.ഹരിഹരന്‍, കെ.കെ. രമ, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്‌ മുമ്പ്‌ വന്‍ പ്രകടനവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.