ബന്‍സലും കുടുങ്ങി

Sunday 5 May 2013 12:09 am IST

ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ അനന്തരവന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്‌ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ സ്ഥാനം തെറിച്ചേക്കും. 2300 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ബോര്‍ഡംഗമായി നിയമനം ലഭിക്കുന്നതിനായാണ്‌ കൈക്കൂലി നല്‍കിയത്‌. ബന്‍സലിന്റെ സഹോദരീ പുത്രന്‍ വിജയ്‌ സിംഗ്ല, റെയില്‍വേ ബോര്‍ഡംഗം മഹേഷ്കുമാര്‍, പണം കൈമാറിയ സംഘത്തിലുള്ള സന്ദീപ്‌ ഗോയല്‍ ,ധര്‍മ്മേന്ദ്ര കുമാര്‍, വിവേക്‌ കുമാര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട്‌ സിബിഐ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാല്‌ ദിവസത്തേക്ക്‌ സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കി. കേസില്‍ ഏഴ്‌ പേര്‍ക്കെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം നടപടി സ്വീകരിച്ചു തുടങ്ങിയതായി സിബിഐ അറിയിച്ചു.
സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയെ കണ്ട്‌ റെയില്‍വേമന്ത്രി രാജിസന്നദ്ധത അറിയിച്ചെങ്കിലും ബന്‍സലിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ പ്രധാനമന്ത്രി സ്വീകരിച്ചത്‌. ഇന്നലെ വൈകിട്ട്‌ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ കോര്‍കമ്മറ്റിയോഗവും രാജിയാവശ്യത്തെ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. കേസില്‍ ബന്‍സലിനെ ചോദ്യം ചെയ്യുന്നത്‌ ഒഴിവാക്കാനും അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ കടക്കാതിരിക്കാനും കേന്ദ്രസര്‍ക്കാര്‍ സിബിഐക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്‌. എന്നാല്‍2ജി കേസില്‍ കോടതിയുടെ വിമര്‍ശനം ലഭിച്ച സിബിഐ പഴയ നിലപാടുകള്‍ മാറ്റി ശക്തമായ നടപടികള്‍ക്ക്‌ തയ്യാറെടുക്കുകയാണെന്നാണ്‌ വിവരം. ഇതു യുപിഎ സര്‍ക്കാരിന്‌ വന്‍പ്രതിസന്ധിയാണ്‌ ഭാവിയില്‍ സൃഷ്ടിക്കുന്നത്‌.
കൈക്കൂലിപ്പണവുമായി റെയില്‍വേ ബോര്‍ഡ്‌ മെമ്പര്‍ മഹേഷ്‌ കുമാര്‍ വെള്ളിയാഴ്ച മുംബൈയില്‍ പിടിയിലായതോടെയാണ്‌ റെയില്‍വേയില്‍ നടക്കുന്ന കള്ളക്കളികള്‍ പുറംലോകമറിഞ്ഞത്‌. അഴിമതിക്കു സാധ്യതയുള്ള ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക്‌ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനായി 10 കോടി രൂപയാണ്‌ വിജയ്‌ സിംഗ്ല മുന്‍ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ മഹേഷ്കുമാറിനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ വിലപേശലിനൊടുവില്‍ തുക 2 കോടിയായി ധാരണയായി. ഇതനുസരിച്ച്‌ വ്യാഴാഴ്ച മഹേഷ്കുമാറിനെ ബോര്‍ഡംഗമാക്കി വിജ്ഞാപനം പുറത്തിറങ്ങി. കൈക്കൂലി തുകയുടെ ആദ്യഗഡുവായ 90 ലക്ഷം നല്‍കുന്നതിനായി പണവുമായി സഞ്ചരിക്കുന്നതിനിടെയാണ്‌ മഹേഷ്കുമാറിലെ സിബിഐ സംഘം അറസ്റ്റ്‌ ചെയ്തത്‌.
സ്ഥാനക്കയറ്റത്തിനായി വിജയ്‌ സിംഗ്ലയ്ക്ക്‌ കൈക്കൂലി നല്‍കുന്നതിനായാണ്‌ പണം കൊണ്ടുപോകുന്നതെന്ന്‌ അറസ്റ്റിലായ റെയില്‍വേ ബോര്‍ഡംഗം മഹേഷ്‌ കുമാര്‍ സിബിഐക്ക്‌ മൊഴി നല്‍കിയിട്ടുണ്ട്‌. തുടര്‍ന്നാണ്‌ വിജയ്‌ സിംഗ്ലയേയും പണം ഏറ്റുവാങ്ങുന്നതിനെത്തിയ സംഘാംഗങ്ങളേയും സിബിഐ പിടികൂടിയത്‌. കൈക്കൂലിയുമായി ബന്ധപ്പെട്ട്‌ ദല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ സിബിഐ കൂടുതല്‍ റെയഡുകള്‍ നടത്തുന്നുണ്ട്‌.
എന്നാല്‍ അനന്തരവന്റെ കൈക്കൂലിക്കേസുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവകാശപ്പെട്ടു. അനന്തരവന്റെ ബിസിനസുകളില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നും സിംഗ്ലയുമായി യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരുവിധ ഔദ്യോഗിക കൃത്യവിലോപവും നടത്തിയിട്ടില്ല. പൊതുജീവിതത്തില്‍ എന്നും സത്യസന്ധത പുലര്‍ത്തിയ വ്യക്തിയാണ്‌ താനെന്നും കേസ്‌ അന്വേഷിക്കുന്ന സിബിഐയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബന്‍സല്‍ പറഞ്ഞു. എന്നാല്‍ ബന്‍സലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ അധികനാള്‍ തല്‍സ്ഥാനത്തു തുടരാന്‍ പവന്‍കുമാര്‍ ബന്‍സലിന്‌ കഴിഞ്ഞേക്കില്ല.
അഴിമതിക്കഥകള്‍ തുടര്‍ക്കഥയായ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ അതിശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ട്‌ സിബിഐ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്‌. 2ജി അന്വേഷണ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ തിരുത്തിയതുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന സിബിഐ പേരുദോഷം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്‌.
എസ്‌. സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.