വിനീഷിണ്റ്റെ ദുരൂഹ മരണം: അന്വേഷണം ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച്‌

Tuesday 2 August 2011 10:58 pm IST

ചെറുവത്തൂറ്‍: തൃക്കരിപ്പൂറ്‍, ഒളവറ റയില്‍വെ ഗേറ്റിനു സമീപത്തെ കള്‍വര്‍ട്ടിനു കീഴില്‍ യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. നീലേശ്വരം സിഐയുടെ ചുമതലയുള്ള വെള്ളരിക്കുണ്ട്‌ സിഐ മനോജ്കുമാര്‍ ആണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ഉടുമ്പന്തല, കുറ്റിച്ചിയിലെ കെ.വിനീഷ്‌(35)നെ കഴിഞ്ഞ ദിവസം രാവിലെയാണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. കമിഴ്ന്നു കിടന്ന നിലയിലായിരുന്ന ജഡത്തിനു മൂന്നു ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. കാല്‍പ്പാദത്തിനു സമീപത്തും മുഖത്തും കഴുത്തിലും പരിക്കുകളുണ്ടായിരുന്നു. മുങ്ങി മരിക്കാന്‍ വേണ്ടത്ര വെള്ളം ജഡം കാണപ്പെട്ട കള്‍വര്‍ട്ടിനു കീഴില്‍ ഉണ്ടായിരുന്നില്ല. സംഭവം കൊലപാതകമാണെന്നു നാട്ടുകാര്‍ ആരോപിച്ചിരുന്നു. മൂന്നു ദിവസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം തലേന്നാള്‍ രാത്രി കൊണ്ടുവന്നു തള്ളിയതാണോ എന്നും സംശയിക്കുന്നു. കള്‍വര്‍ട്ടിനു സമീപത്തു തലേന്നാള്‍ പകല്‍ പുല്ലരിയാന്‍ പോയ സ്ത്രീകളുടെ ശ്രദ്ധയില്‍ ജഡം പെടാത്തതാണ്‌ ഇതിനു കാരണമായി പറയപ്പെടുന്നത്‌. മരണപ്പെട്ട വിനീഷിണ്റ്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായിരുന്നു. മൂന്നു ദിവസം മുമ്പ്‌ സ്വിച്ച്‌ ഓഫ്‌ ആക്കപ്പെട്ട നിലയിലായിരുന്ന ഫോണിലേക്ക്‌ ഏറ്റവും ഒടുവില്‍ വന്ന ഏതാനും ഫോണുകളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. ഫോണ്‍ ചെയ്തവരെ കണ്ടെത്തി വിശദമായി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. അന്വേഷണത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ പയ്യന്നൂരില്‍ ഒരു ബാറില്‍ ഉണ്ടായ സംഘട്ടനത്തെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഈ സംഘട്ടനവുമായി മരണപ്പെട്ട വിനീഷിനു എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന്‌ പോലീസ്‌ അന്വേഷിച്ചു വരിയാണ്‌. വിനീഷ്‌ ഒളവറ കള്‍വട്ടറിനു സമീപത്തു എത്താനുള്ള സാധ്യതയും ഇല്ല. അബദ്ധത്തില്‍ മരണം സംഭവിച്ചതാണെന്നു കരുതാന്‍ കഴിയില്ലെന്നു ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കി. അതേസമയം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തിണ്റ്റെ പ്രാഥമിക റിപ്പോര്‍ട്ട്‌ പ്രകാരം വെള്ളം അകത്തുകടന്നതാണ്‌ മരണകാരണമെന്ന്‌ ചന്തേര പോലീസ്‌ പറഞ്ഞു. പോസ്റ്റു മോര്‍ട്ടത്തിണ്റ്റെ വിശദമായ റിപ്പോര്‍ട്ടു ലഭിച്ചാലേ മരണകാരണം മുഴുവനായി സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളൂ.