സ്വര്‍ണ്ണവില ഉയരത്തിലേക്ക്; പവന് 18,160 രൂപ

Saturday 6 August 2011 4:32 pm IST

കൊച്ചി: സ്വര്‍ണവില ഇന്നു രണ്ടു തവണ കൂടി പവന്‌ 18,160 രൂപയായി. പവന് 200 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന്‌ 2,270 രൂപയായി. ആദ്യമായാണ് സ്വര്‍ണവില 18,000 കടക്കുന്നത്. പവന് 17960 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ്‌ ആഭ്യന്തര വിപണിയിലും പതിഫലിക്കുന്നത്‌. ഏപ്രിലില്‍ ആണു പവന്‌ 16,000 രൂപ കടന്നത്‌. ജൂലൈ പകുതിയോടെ 17,000 കടന്നു.സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന വിശ്വാസം ശക്‌തമായതിനാല്‍, വില തല്‍ക്കാലം താഴോട്ടുപോകാന്‍ സാധ്യതയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നുവെന്ന ആശങ്കകളെ തുടര്‍ന്ന്‌ ഓഹരി വിപണിയിലുണ്ടായ ഇടിവാണ്‌ മഞ്ഞലോഹത്തില്‍ നിക്ഷേപം നടത്താന്‍ ഓഹരി നിക്ഷേപകരെ പ്രേരിപ്പിച്ചത്‌. സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുകയാണെന്ന ആശങ്കള്‍ മൂലം ഡോളറിന് വിലയിടിഞ്ഞതും സ്വര്‍ണത്തെ പുതിയ ഉയരത്തിലെത്തിച്ചു. രൂപയുടെ വിനിമയ നിരക്കു കുറഞ്ഞതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. വിവാഹ സീസണ്‍ അടുത്തതും കേരളത്തിലെ സ്വര്‍ണവിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാക്കി. ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന്‌ സ്വര്‍ണം വാങ്ങിവയ്ക്കാന്‍ വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും മുന്നോട്ടു വരികയാണ്‌. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്‌) കണക്കനുസരിച്ച്‌ തായ്‌ലന്‍ഡ്‌, കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വര്‍ണം വാങ്ങുന്നു. ഏറ്റവും ഒടുവില്‍ തായ്‌ലന്‍ഡ്‌ 18.66 ടണ്‍ വാങ്ങി, സ്വര്‍ണ ശേഖരം 127.52 ടണ്ണാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.